കീവ് : വോള്‍നോവാഹ നഗരത്തിന്റെ നിയന്ത്രണം റഷ്യ നേടി. കൂടുതല്‍ പ്രദേശങ്ങളില്‍ റഷ്യ ആക്രമണം തുടങ്ങി. റഷ്യന്‍ സേന ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് യുക്രെയ്ന് ആരോപണം. അതേ സമയം രാസ ജൈവായുധങ്ങളെ ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമാകുകയും ചെയ്തു.
റഷ്യ കൂടുതല്‍ മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് റഷ്യന്‍ അനുകൂലികളായ യുക്രൈന് വിമതര്‍ വോള്‍നോവാഹ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.
റഷ്യ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. മധ്യ യുക്രെയ്ന് നഗരമായ ഡിനിപ്രോയില്‍ ജനവാസകേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
പടിഞ്ഞാറന്‍ യുക്രെയ്ന് നഗരമായ ഇവാനോ ഫ്രാന്‍കിവിസ്ക്കിലും, വടക്കു പടിഞ്ഞാറന്‍ നഗരമായ ലുട്സ്കിലും ആക്രമണമുണ്ടായി. യുദ്ധം ആരംഭിച്ചതിനുശേഷം ഇതാദ്യമാണ് ഈ മേഖലയില്‍ ആക്രമണം ഉണ്ടാകുന്നത്. റഷ്യന്‍ സേന യുക്രെയ്ന് തലസ്ഥാനമായ കീവില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ മാത്രം അകലെയാണെന്ന് അമേരിക്കന്‍ പ്രതിരോധ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
Post Your Comments