KeralaLatest NewsIndia

’21കൊല്ലം മുൻപ് പടിഞ്ഞാറ് വീശിയ ആ കാറ്റിന്റെ മന്ത്രം മോദി എന്നാണ്, ആ കാറ്റ് രാജ്യത്തിന്റെ ഗതി തന്നെ മാറ്റി’- ശങ്കു

പുരോഗതിയുടേയും സ്വാഭിമാനത്തിന്റെയും ശംഖനാദം എങ്ങും അലയടിച്ചു. അനുകരണീയമായൊരു മാതൃക രൂപപ്പെടുകയായിരുന്നു.

കൊച്ചി: അഞ്ചിൽ നാല് സംസ്ഥാനങ്ങളിലെ ജനവിധി, ബിജെപിക്ക് തുടർഭരണം നൽകിയപ്പോൾ പ്രതിപക്ഷ കക്ഷികൾക്കിടയിൽ നടുക്കമാണ് ഉണ്ടായത്. ഭരണവിരുദ്ധ വികാരം ഉണ്ടാക്കാനായി പ്രതിപക്ഷം ആവതും ശ്രമിച്ചിരുന്നു. കൂടാതെ, പ്രതിപക്ഷ വോട്ടുകൾ ഏകീകരിച്ച് മുഴുവൻ സമാജ്‌വാദി പാർട്ടിയിലേക്ക് എത്തിക്കാനും അവർക്ക് കഴിഞ്ഞു. എന്നാൽ, ബിജെപിയുടെ വോട്ടുകൾക്ക് മുന്നിൽ ആ ഏകീകരണത്തിനു പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. നിരവധി പോസ്റ്റുകളാണ് ഈ വിഷയത്തിൽ ഉള്ളത്. ഇതിൽ ശങ്കു ടി ദാസിന്റെ പോസ്റ്റ് വ്യത്യസ്തമാണ്.

പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം:

ഇരുപത്തൊന്ന് കൊല്ലം മുൻപ് പടിഞ്ഞാറ് വീശിയൊരു കാറ്റുണ്ട്.
അത് കാല പുരുഷന്റെ കിഴക്ക് ദിക്കിലേക്കുള്ള പ്രയാണാരംഭത്തിന്റെ സൂചന ആയിരുന്നു.
ആ കാറ്റിൽ ഭൂകമ്പത്തിന്റെ പൊടി പടലങ്ങൾക്കിടയിൽ തളർന്നു കിടന്നൊരു നാട് ഉയിർത്തെഴുന്നേറ്റു.
ദാരിദ്ര്യത്തിൽ നിന്നും ജാഢ്യത്തിൽ നിന്നും മോചിതരായൊരു ജനത പുനർജ്ജനിച്ചു.
അവികസിത ഗ്രാമങ്ങൾ മഹാ നഗരങ്ങളായി പരിണമിച്ചു.

പുരോഗതിയുടേയും സ്വാഭിമാനത്തിന്റെയും ശംഖനാദം എങ്ങും അലയടിച്ചു.
അനുകരണീയമായൊരു മാതൃക രൂപപ്പെടുകയായിരുന്നു.
ഒരു മഹാ പരിവർത്തനം ഉരുവം കൊള്ളുകയായിരുന്നു.
ആ കാറ്റങ്ങനെ പതിനാല് കൊല്ലം പടിഞ്ഞാറ് വീശി.
അതിനിടെ ദേശമൊന്നാകെ ആഞ്ഞു വീശാൻ പോന്നൊരു കൊടുങ്കാറ്റായി സ്വയം പരുവപ്പെട്ടു.
എട്ട് കൊല്ലം മുൻപാണ് ആ കൊടുങ്കാറ്റ് രാജ്യത്തിന്റെ ഹൃദയത്തിൽ വന്ന് നിലയുറപ്പിച്ചത്.

അവിടെ നിന്നത് ഒരേ സമയം നാല് ദിക്കിലേക്കും ശക്തിയിൽ ആഞ്ഞടിച്ചു.
ആ കൊടുങ്കാറ്റിൽ പാരമ്പര്യാധികാരത്തിന്റെയും കുടുംബാധിപത്യത്തിന്റെയും ജാതി പ്രാമാണിത്യത്തിന്റെയും സമുദായ ശക്തിയുടെയും അനവധി കോട്ട കൊത്തളങ്ങൾ ഇടിഞ്ഞു നിലം പതിച്ചു.
തിരസ്കാരത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കരുത്തോടെ ഒരു സംസ്കൃതി വീണ്ടും തലയുയർത്തി പിടിച്ചു.
അശ്വമേധത്തിന് അഴിച്ചു വിട്ട യാഗാശ്വത്തെ പോലെ ദേശീയത ഓരോ അതിരും ഭേദിച്ചു കുതിച്ചു പാഞ്ഞു.
അതിനെ പിടിച്ചു കെട്ടാൻ നോക്കിയ ആസ്ഥാന മല്ലന്മാർക്കെല്ലാം മേലെ മണ്ണ് പറ്റി.

സ്വന്തം കരുത്ത് തിരിച്ചറിഞ്ഞ മാരുതിയെ പോലെ സംസ്കാരം പ്രതിബന്ധങ്ങളുടെ സാഗരങ്ങൾ ചാടി കടന്നു.
അതിന്റെ വാലിൽ കൊളുത്താൻ നോക്കിയ രാക്ഷസൻമാരുടെ ലങ്കാപുരികൾ തന്നെ വെന്തെരിഞ്ഞു.
ലോകം മുഴുവൻ ആ കാറ്റിന്റെ ഇരമ്പം കേട്ടു.
അഭിമാനത്തോടെ ഈ രാഷ്ട്രം നിവർന്നു നിന്നു.
ക്ഷേത്ര നഗരികൾ തരിപ്പണങ്ങളിൽ നിന്നുയർന്നു വന്നു.
ദേവതകൾ ജന്മസ്ഥാനങ്ങളിലേക്ക് മടങ്ങി വന്നു.
കുഗ്രാമങ്ങളിൽ ആദ്യമായി വെള്ളവും വെളിച്ചവും വന്നു.
ജനങ്ങളുടെ ജീവിതത്തിന് പുതിയ തെളിച്ചം വന്നു.

നാടിന്റെ രൂപ ഭാവങ്ങളെയും ചരിത്രത്തെയും തന്നെ മാറ്റി മറിച്ച ആ കാറ്റ് ഇപ്പോളും രാജ്യത്തിന്റെ ഹൃദയ ഭൂമിയിൽ നിന്ന് വീശി കൊണ്ടിരിക്കുകയാണ്.
ഇരുപത്തൊന്ന് വർഷങ്ങൾക്കിപ്പുറവും ഒട്ടും ശക്തി ചോരാതെ.
ആ കാറ്റിലാണിവിടുത്തെ രാഷ്ട്രീയ കടലിൽ എത്രയോ തിരകളും സുനാമികളും ഉണ്ടായത്.

ആ മഥനത്തിലാണ് കടലിന്റെ അടിത്തട്ടിൽ ഒളിച്ചിരുന്ന എത്രയോ അമൃത കുംഭങ്ങൾ ഉയർന്നു വന്നത്.
അതെല്ലാം സാധ്യമാക്കിയ മഹാസംഭവനായി ആ കാറ്റിപ്പോഴും വീശുകയാണ്.
ഇനിയുമെത്രയോ കാറ്റ് വിതയ്ക്കാൻ പോന്ന കൊടുങ്കാറ്റായി.
അതിന്റെ ഇരമ്പം ഇപ്പോഴീ രാഷ്ട്രത്തിന്റെ ഹൃദയ താളമാണ്.
ആ പേര് രണ്ടക്ഷരമുള്ളൊരു വിജയ മന്ത്രമാണ്.
മോദി ❤️

shortlink

Related Articles

Post Your Comments

Related Articles


Back to top button