ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി തോല്‍ക്കുന്ന കോണ്‍ഗ്രസ് നേരിടുന്നത് തുല്യതയില്ലാത്ത പ്രതിസന്ധി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ രണ്ടായി കുറഞ്ഞു. പഞ്ചാബ് നഷ്ടമായതോടെ ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരണത്തിലുള്ളത്. അതേസമയം, കോണ്‍ഗ്രസ് സഖ്യം മൂന്നിടത്ത് ഭരിക്കുന്നുണ്ട്. ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും. തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉടന്‍ പാര്‍ട്ടി നേതൃ യോഗം വിളിച്ചു ചേര്‍ക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
കോണ്‍ഗ്രസിലെ വിമതരായി വിലയിരുത്തുന്ന ജി 23 നേതാക്കളും രണ്ടു ദിവസത്തിനകം യോഗം ചേരുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. പഞ്ചാബില്‍ കോണ്‍ഗ്രസിനെ നിലംപറ്റിച്ച് എഎപിയാണ് അധികാരത്തിലെത്തിയത്. വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ എഎപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ മറ്റു തടസങ്ങളില്ല. പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ പരജായത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ആഭ്യന്തര കലഹമായിരുന്നു. ഇതേ അവസ്ഥ തന്നെയാണ്, രാജസ്ഥാനിലും ഛത്തീസ്ഗഡിലുമുള്ളത്. അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റുമാണ് രാജസ്ഥാനില്‍ കൊമ്പുകോര്‍ക്കുന്നത്.
ബാഗേലിനെതിരെ ഒരു വിഭാഗം മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഛത്തീസ്ഗഡില്‍ ഗ്രൂപ്പ് കളി സജീവമാണ്. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി കോണ്‍ഗ്രസില്‍ വലിയ ആശയക്കുഴപ്പങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് കരുതുന്നത്. കരുത്തനായ ദേശീയ പ്രസിഡന്റ് വേണം എന്ന ആവശ്യം ജി23 നേതാക്കള്‍ ശക്തമാക്കിയേക്കും. പ്രതിസന്ധിക്ക് പരിഹാരം കാണാനും ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും സോണിയ ഗാന്ധി ഉടന്‍ യോഗം വിളിക്കുമെന്നാണ് റിപ്പോര്‍ട്ട്. തോല്‍വി അംഗീകരിക്കുന്നുവെന്നും ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നുമാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.
Post Your Comments