ചണ്ഡീഗഢ്: രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന് മുമ്പ് ജനപ്രിയ ഹാസ്യതാരം ആയിരുന്ന ഭഗവന്ത് മന്ന് ഇനി പഞ്ചാബിലെ എ.എ.പി മുഖ്യമന്ത്രി. പഴയ കോളേജ് പരിപാടികളിലും, യുവാക്കളുടെ ഹാസ്യ മത്സരങ്ങളിലും എല്ലാം നർമ്മസംഭാഷണം കൊണ്ട് കാണികളെ പൊട്ടിച്ചിരിപ്പിച്ചിരുന്ന മിന്നും താരമായിരുന്നു അദ്ദേഹം. ടെലിവിഷൻ പരിപാടികളിലൂടെ പ്രേക്ഷകപ്രീതി നേടിയ ഭഗവന്ത് മന്നിന്റെ തുറുപ്പുചീട്ട് എന്നും രാഷ്ട്രീയ ആക്ഷേപ ഹാസ്യങ്ങളായിരുന്നു. 1973 ഒക്ടോബര്‍ 17ന് പഞ്ചാബിലെ സങ്ക്‌റൂറില്‍ മൊഹീന്ദര്‍ സിങ്ങിന്റെയും ഹര്‍പല്‍ കൗറിന്റെയും മകനായാണ് ഭഗവന്ത് മന്നിന്റെ ജനനം.
ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ രാഷ്ട്രീയ പ്രവേശനത്തിന് സമാനമാണ് ഭഗവന്ത് മന്നിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയായുള്ള സ്ഥാനാരോഹണം. അദ്ദേഹത്തിന്റെ പ്രധാന ഇനം ആക്ഷേപ ഹാസ്യങ്ങൾ ആയിരുന്നു. രാഷ്ട്രീയം, വ്യവസായം, കായികം എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണ് ഭഗവന്ത് മന്ന് ഹാസ്യ പരിപാടികൾ ഒരുക്കിയിരുന്നത്.
യൂത്ത് കോമഡി ഫെസ്റ്റിവലുകളിലും, ഇന്റര്‍ കോളേജ് മത്സരങ്ങളിലും മന്ന് സജീവമായി പങ്കെടുത്തിരുന്നു. സുനമിലെ ഷഹീദ് ഉധം സിംഗ് ഗവണ്‍മെന്റ് കോളേജിനായി പട്യാലയിലെ പഞ്ചാബി യൂണിവേഴ്‌സിറ്റിയില്‍ നടന്ന മത്സരത്തില്‍ അദ്ദേഹം രണ്ട് സ്വര്‍ണ മെഡലുകൾ നേടി.
Post Your Comments