Latest NewsIndia

ഡിഎംകെ മന്ത്രിയുടെ മകൾ പ്രണയിച്ചു വിവാഹം ചെയ്തു, വധഭീഷണി: അഭയം തേടി കർണാടകയിൽ

തങ്ങൾ വിവാഹിതരായെന്ന് അറിഞ്ഞതു മുതല്‍, ഭര്‍ത്താവിനെ കൊല്ലുമെന്ന ഭീഷണി സന്ദേശം ഉണ്ടായെന്ന് ജയകല്ല്യാണി പറയുന്നു.

ചെന്നൈ: വധഭീഷണി ഭയന്ന് തമിഴ്‌നാട് ദേവസ്വം മന്ത്രി പികെ ശേഖര്‍ ബാബുവിന്റെ മകളും ഭര്‍ത്താവും ബംഗളൂരു പൊലീസില്‍ അഭയം പ്രാപിച്ചു. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം ചെയ്ത ഡോ. ജയകല്ല്യാണിയും ഭര്‍ത്താവ് സന്തോഷ് കുമാറുമാണ് ഡിഎംകെ പ്രവര്‍ത്തകരുടെ വധഭീഷണി ഭയന്ന് ബംഗളൂരു പൊലീസിനെ സമീപിച്ചത്. തങ്ങൾ വിവാഹിതരായെന്ന് അറിഞ്ഞതു മുതല്‍, ഭര്‍ത്താവിനെ കൊല്ലുമെന്ന ഭീഷണി സന്ദേശം ഉണ്ടായെന്ന് ജയകല്ല്യാണി പറയുന്നു.

കഴിഞ്ഞ ആറ് വര്‍ഷമായി പ്രണയത്തിലായിരുന്ന ഇരുവരും ഹിന്ദു ആചാരപ്രകാരം കര്‍ണാടകയിലെ ഒരു ക്ഷേത്രത്തില്‍വെച്ചാണ് വിവാഹിതരായത്. പിന്നാലെ, മകളെ കാണാനില്ലെന്നാരോപിച്ച് മന്ത്രി പൊലീസില്‍ പരാതി നല്‍കിയതായാണ് വിവരം. തുടര്‍ന്നാണ് ഭീഷണി സന്ദേശം. ‘ഇതിന് പിന്നില്‍ എന്റെ പിതാവിന്റെ പങ്ക് ഞാന്‍ സംശയിക്കുന്നു. ഞാന്‍ പ്രായപൂര്‍ത്തിയായ ആളാണ്, ഞങ്ങള്‍ ഇരുവരും പരസ്പരം സ്‌നേഹിക്കുകയും വിവാഹിതരാവുകയും ചെയ്തു. ഞങ്ങള്‍ക്ക് വധഭീഷണി ഉണ്ടായിരുന്നു, അതിനാല്‍ സംരക്ഷണം ആവശ്യപ്പെട്ട് ഞങ്ങള്‍ ബെംഗളൂരു പോലീസ് കമ്മീഷണറെ സമീപിച്ചു,’ ജയകല്ല്യാണി പറയുന്നു.

2021 ജനുവരിയിലാണ്, ഇരുവരുടേയും ബന്ധം ജയകല്ല്യാണിയുടെ വീട്ടില്‍ അറിയുന്നത്. പിന്നീട്, സെപ്തംബറില്‍ ഇരുവരും ഒളിച്ചോടി വിവാഹം ചെയ്യാന്‍ ശ്രമിച്ചെങ്കിലും മുംബൈയില്‍വെച്ച് തമിഴ്‌നാട് പൊലീസിന്റെ പിടിയിലായി. സതീഷിനെതിരെ കേസെടുക്കുകയും ചെയ്തു. അന്ന് തന്നേയും, സ്ത്രീകള്‍ ഉള്‍പ്പെടെ ബന്ധുക്കളെയും തമിഴ്‌നാട് പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്നും സതീഷ് ആരോപിച്ചിരുന്നു. അതേസമയം, അച്ഛൻ ഇത്രയും സ്വാധീനമുള്ള രാഷ്ട്രീയ നേതാവായതിനാൽ തങ്ങൾക്ക് തമിഴ്‌നാട്ടിലേക്ക് തിരികെ പോകാൻ കഴിയില്ലെന്നും ഭർത്താവിനെ കൊന്നു കളയുമെന്നും ജയകല്ല്യാണി പറഞ്ഞു.

shortlink

Post Your Comments


Back to top button