ലൈംഗികാരോപണക്കേസിൽ പ്രതിച്ചേർക്കപ്പെട്ട പികെ ശശിയെ കെടിഡിസിയുടെ വനിതാ ദിന പരിപാടിയിൽ പങ്കെടുപ്പിച്ചതിനെതിരെ വിമർശനങ്ങൾ രൂക്ഷം. പീഡന വിവരം പരസ്യമായിരുന്നിട്ടും എന്തുകൊണ്ട് വനിതാ ദിനത്തിൽ പികെ ശശിയെ ഇത്തരത്തിൽ ഒരു പരിപാടിയിൽ പങ്കെടുപ്പിച്ചു എന്നത് ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പീഡന പരാതിയിൽ ഇദ്ദേഹത്തെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തതൊക്കെ പാർട്ടി പോലും മറന്നെന്നു തോന്നുന്നു.
2018 നവംബറിലാണ് ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയിൽ പികെ ശശിക്കെതിരേ പാർട്ടി നടപടിയെടുത്തത്. രണ്ടംഗ കമ്മീഷനെ വെച്ച് പരാതി അന്വേഷിക്കുകയും തീവ്രത കുറഞ്ഞ വിഷയമാണെന്ന റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ആറ് മാസത്തെ സസ്പെൻഷനാണ് അന്ന് പാർട്ടി വിധിച്ചത്. പിന്നീട് 2019 സെപ്തംബറിൽ അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കുകയും ചെയ്തു.
ആഗസ്റ്റ് ആദ്യവാരമാണ് പികെ ശശിക്കെതിരെയുള്ള ലൈംഗികാരോപണങ്ങൾ അറിയിച്ച് ഡിവൈഎഫ്ഐ വനിതാ നേതാവ് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്തയച്ചത്. എന്നാൽ, നടപടിയൊന്നും ഉണ്ടാകാത്തതിനാൽ ആഗസ്റ്റ് 14ന് അവർ സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന് പരാതി അയച്ചു . അപ്പോഴും പ്രതികരണം സമാനമായതിനെ തുടർന്ന് യുവതി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. പി കെ ശശി തന്നെ ലൈംഗികമായി പീഡിപ്പിക്കുക മാത്രമല്ല, ഇടയ്ക്കിടെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ചെയ്തിരുന്നുവെന്നായിരുന്നു യുവതിയുടെ പരാതി. എന്നാൽ, മൊഴി പിൻവലിച്ചാൽ സ്ഥാനക്കയറ്റത്തിനൊപ്പം ഒരു കോടി രൂപ നൽകുമെന്ന് ഡിവൈഎഫ്ഐ നേതാവിനൊപ്പം മുൻ വനിതാ എംഎൽഎ ഇവർക്ക് വാഗ്ദാനം ചെയ്തതായും പരാതിയിൽ പറഞ്ഞിരുന്നു.
Post Your Comments