ഇസ്ലാമാബാദ്: 1999 ൽ നേപ്പാളിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രാമധ്യേ ഐസി-814 എന്ന എയർ ഇന്ത്യ വിമാനം റാഞ്ചിയ കേസിലെ പ്രധാന ഭീകരരിലൊരാൾ കൊല്ലപ്പെട്ടു. സഹൂർ മിസ്ത്രി എന്ന സാഹിദ് അഖുന്ദ് ആണ് അഞ്ജാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. പാക്കിസ്ഥാനിലെ കറാച്ചിയിൽ ആണ് സംഭവം. മാർച്ച് ഒന്നിന്, ബൈക്കിലെത്തിയ രണ്ട് അക്രമികൾ സഹൂറിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
പാകിസ്ഥാനിലെ കറാച്ചിയിൽ, വർഷങ്ങളായി വേഷവും പേരുമെല്ലാം മാറ്റി താമസിക്കുകയായിരുന്നു ഇയാൾ. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി സഹൂറിന് ബന്ധമുണ്ടെന്നായിരുന്നു ആരോപണം. വ്യവസായിയെന്ന വ്യാജേന ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. സഹൂറിനെ കൊലപ്പെടുത്തിയവരെ പിടികൂടാനായിട്ടില്ല. ഇവരുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും, മുഖം മൂടി ധരിച്ചിരിക്കുന്നതിനാൽ തിരിച്ചറിയാനായിട്ടില്ല.
1999 ഡിസംബർ 24നാണ്, നേപ്പാളിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രാമധ്യേ ഇന്ത്യൻ എയർലൈൻസ് വിമാനം ഭീകരർ തട്ടിയെടുത്തത്. ജയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ അടക്കമുള്ള ഭീകരരെ വിട്ടുകിട്ടുന്നതിനായിട്ടാണ്, തീവ്രവാദികൾ വിമാനം ഹൈജാക്ക് ചെയ്തത്. ഒരാഴ്ചത്തെ ചർച്ചയ്ക്കു ശേഷം, മൗലാന മസൂദ് അസ്ഹർ അടങ്ങുന്ന ഭീകരരെ ഇന്ത്യൻ ഭരണകൂടം വിട്ടയാക്കാൻ നിർബന്ധിതരായി. ഐസി-814 വിമാനത്തിലെ 176 യാത്രക്കാരെ ഏഴു ദിവസത്തോളം ഭീകരർ ബന്ദികളാക്കി. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് ആയിരുന്നു ഭീകരർ വിമാനം ഹൈജാക്ക് ചെയ്ത് കൊണ്ടുപോയത്.
അതേസമയം, എയർ ഇന്ത്യ വിമാനം റാഞ്ചിയ സംഘത്തെ ഇന്ത്യ അന്നുമുതൽക്കെ നോട്ടമിട്ടു വെച്ചിരുന്നുവെന്നും ഇന്ത്യൻ ചാരസംഘടനയായ റോ ആണ് സഹൂറിന്റെ വധത്തിന് പിന്നിലെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സോഷ്യൽ മീഡിയകളിൽ ഇതുസംബന്ധിച്ച ചർച്ചകളും ആരംഭിച്ച് കഴിഞ്ഞു.
Post Your Comments