കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ, ഉത്തർ പ്രദേശിന്റെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടി പരിഹാസവുമായി കോൺഗ്രസ് രംഗം കൊഴുപ്പിക്കുകയാണ്. യി.പിയെ ചൂണ്ടിക്കാട്ടി പരിഹസിക്കുന്ന കോൺഗ്രസിനെ, കണക്കുകൾ ചൂണ്ടിക്കാട്ടി ചരിത്രം ഓർമിപ്പിക്കുകയാണ് ബി.ജെ.പി സംസ്ഥാന വാക്താവ് സന്ദീപ് വാചസ്പതി. യു.പിയുടെ പിന്നോക്ക അവസ്ഥയ്ക്ക് കാരണം കോൺഗ്രസും കോൺഗ്രസ് നടത്തിയ വഞ്ചനയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇന്ദിര, രാജീവ്, സോണിയ, രാഹുൽ എന്നിവർ കുടുംബ സ്വത്തായി കൈവശം വച്ചിരുന്ന റായ് ബറേലി, അമേത്തി എന്നിവിടങ്ങളിൽ ഒരു മെഡിക്കൽ കോളേജോ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളോ റോഡോ പോലും നാളിതുവരെ ഇല്ലായിരുവെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. ഇന്ത്യയുടെ പതിനഞ്ച് പ്രധാനമന്ത്രിമാരിൽ 9 പേരെയും സംഭാവന ചെയ്ത യു.പിയെ അവർ പോലും വേണ്ട രീതിയിൽ നോക്കിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. യോഗി ആദിത്യനാഥ്, യു.പിയുടെ മുഖ്യമന്ത്രിയായി വന്നത് മുതൽ ആണ് യു.പിയുടെ തലവര മാറിയതെന്ന് സന്ദീപ് വ്യക്തമാക്കുന്നു.
സന്ദീപ് വാചസ്പതിയുടെ നിരീക്ഷണം ഇങ്ങനെ:
ഉത്തർ പ്രദേശിന്റെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടി പരിഹസിക്കുന്നവരോട് പറയാനുള്ളത്. യു.പി പിന്നാക്ക സംസ്ഥാനം തന്നെയാണ്. ആരാണ് അതിന് ഉത്തരവാദികൾ, എന്താണ് കാരണം എന്ന ചോദ്യം കൂടി വിമർശകർ അഭിമുഖീകരിക്കണം. യു പിയുടെ പിന്നാക്കവസ്ഥയ്ക്ക് ചരിത്രപരവും സാമൂഹ്യവുമായ നിരവധി കാരണങ്ങൾ ഉണ്ടാകാം. എങ്കിലും അതിലെല്ലാം ഉപരി നിൽക്കുന്നത് ഭരണകർത്താക്കളുടെ വഞ്ചന തന്നെയാണ്. മുഗൾ പടയോട്ടവും, ബ്രിട്ടീഷ് അധിനിവേശവും തകർത്തെറിഞ്ഞ ജീവിതങ്ങളാണ് ഉത്തരേന്ത്യയിൽ പൊതുവെയും യു പി യിൽ പ്രത്യേകിച്ചും ഉള്ളത്. അതോടെ നാടിന്റെ സമ്പത്തും ശക്തിയും ബുദ്ധിയും തകർന്നു തരിപ്പണമായി. അതിനൊപ്പം പ്രകൃതി ദുരന്തങ്ങളും കലാപങ്ങളും ക്ഷാമവും പകർച്ച വ്യാധികളും കൂടിയായപ്പോൾ എല്ലാ അർത്ഥത്തിലും നാട് പിന്നാക്കവസ്ഥയിലേക്ക് കൂപ്പുകുത്തി. ഇവിടെയാണ് കോൺഗ്രസ് നടത്തിയ വഞ്ചന ചർച്ചയാക്കേണ്ടത്.
15 പ്രധാനമന്ത്രിമാരാണ് നാളിതുവരെ രാജ്യത്തെ നയിച്ചത്. അതിൽ 9 പ്രധാനമന്ത്രിമാരെയും സംഭാവന ചെയ്തത് ഉത്തർപ്രദേശ് സംസ്ഥാനമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ രാജ്യത്തെ ഏറ്റവും കൂടുതൽ കാലം നയിച്ചത് ഉത്തർപ്രദേശിലെ നേതാക്കന്മാരായിരുന്നു. അവരൊക്കെ എന്താണ് ഈ സംസ്ഥാനത്തിന് തിരിച്ചു നൽകിയത് എന്ന് പരിശോധിക്കുമ്പോൾ കിട്ടുന്ന ഉത്തരമാണ് ആ നാടിന്റെ ഇപ്പോഴത്തെ അവസ്ഥ. 9 ൽ 7 പ്രധാനമന്ത്രിമാരും കോൺഗ്രസ് പാളയത്തിൽ നിന്നുള്ളവരായിരുന്നു. അപ്പോഴൊക്കെ കേന്ദ്രവും സംസ്ഥാനവും കോൺഗ്രസ് ഭരണത്തിലുമായിരുന്നു. എന്നിട്ടും അവിടുത്തെ ജനങ്ങൾ തീരാ ദുരിതത്തിൽ ആയെങ്കിൽ ആരാണ് ഉത്തരവാദികൾ? ഇന്ദിര, രാജീവ്, സോണിയ, രാഹുൽ എന്നിവർ കുടുംബ സ്വത്തായി കൈവശം വച്ചിരുന്ന റായ് ബറേലി, അമേത്തി എന്നിവിടങ്ങളിൽ ഒരു മെഡിക്കൽ കോളേജോ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളോ റോഡോ പോലും നാളിതുവരെ ഇല്ലായിരുന്നു എന്ന് ഞെട്ടലോടെ മാത്രമേ ഓർക്കാനാവൂ.
ഉത്തർപ്രദേശിൽ നിന്നുള്ള പ്രധാനമന്ത്രിമാരിൽ രണ്ടു പേർ ബിജെപി നേതാക്കന്മാരാണ്. അതിൽ നരേന്ദ്രമോദിക്ക് മാത്രമാണ് സ്വന്തം പാർട്ടിയുടെ മുഖ്യമന്ത്രിയെ കിട്ടിയത്. അതോടെയാണ് യു പിയുടെ തലവര മാറി തുടങ്ങിയത്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയ്ക്ക് സംഭവിച്ച മാറ്റം മാത്രം കണ്ടാൽ മതി മൊത്തം യുപിയുടെ മാറ്റം അറിയാൻ. ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാർ വന്നതോടെ യുപി പുനർജനിക്കുകയാണ്. എല്ലാ അർത്ഥത്തിലും. അതുകൊണ്ട് തന്നെയാണ് എല്ലാ എക്സിറ്റ് പോളുകളും ബിജെപിയുടെ തിരിച്ചു വരവ് പ്രവചിക്കുന്നത്. അതിന് വലിയ ഗവേഷണ ബുദ്ധിയൊന്നും വേണ്ട. രാഷ്ട്രീയ കണ്ണട മാറ്റി സത്യസന്ധമായി കാര്യങ്ങൾ മനസിലാക്കിയാൽ മാത്രം മതി. ഇനി യു പിയെ അപഹസിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ഒന്ന് പരിഗണിക്കുക. അത്രമാത്രം.
Post Your Comments