തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഐ.പി. എസ് എന്ന വ്യാജേന, ഓൺലൈൻ വഴി ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ, ഡൽഹിയിലെ ഉത്തം നഗറിൽ നിന്നും നൈജീരിയൻ സ്വദേശി പിടിയിലായി. തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് റൊമാനസ് ക്ലിബൂസിനെ പിടികൂടിയത്. ഡിജിപിയുടെ പേരിൽ അദ്ധ്യാപികയിൽ നിന്നും 14 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ഡിജിപി അനിൽകാന്തിന്‍റെ പേരിൽ വ്യാജ വാട്സാപ്പ് അക്കൗണ്ട് സൃഷ്ടിച്ച്, ഇയാൾ കൊല്ലത്തെ ഒരു അദ്ധ്യാപികയിൽ നിന്നാണ് സാങ്കേതിക മാർഗ്ഗം ഉപയോഗിച്ച് പണം കവർന്നത്. ഓണ്‍ലൈൻ ലോട്ടറി അടിച്ചുവെന്ന് അറിയിക്കുന്ന സന്ദേശമാണ്, കൊല്ലം കുണ്ടറ സ്വദേശിയായ അദ്ധ്യാപികക്ക് ആദ്യം ലഭിച്ചത്.
Also read: എ.കെ ആന്റണിക്ക് പകരം രാജ്യസഭയിൽ ആര്? ചർച്ചകൾ സജീവം, സാധ്യതാപട്ടികയിൽ ഉള്ളത് ഇവർ
സമ്മാനത്തുക നൽകുന്നതിന് മുൻപ് നികുതി അടയ്ക്കാനുള്ള പണം കമ്പനിക്ക് അയയ്ക്കണമെന്ന് ഇയാൾ സന്ദേശം അയച്ചു. ഇതിൽ സംശയം തോന്നിയ അദ്ധ്യാപിക മറുപടി അയച്ചപ്പോൾ, അവർക്ക് ഡിജിപിയുടെതെന്ന പേരിൽ ഒരു സന്ദേശമാണ് ലഭിച്ചത്. നികുതി അടയ്ക്കാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്ന്, ഡിജിപിയുടെ ചിത്രം വെച്ചുള്ള വാട്സാപ്പ് അക്കൗണ്ടിൽ നിന്ന് വന്ന സന്ദേശം പറയുന്നു. താൻ ഇപ്പോൾ ഡൽഹിയിൽ ആണെന്നും സന്ദേശം അയച്ച ആൾ പറഞ്ഞു. ഇതോടെ, സംഭവത്തിന്റെ നിജസ്ഥിതി അറിയാൻ അദ്ധ്യാപിക പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു. അന്ന് ഡിജിപി ഡൽഹിയിലേക്ക് പോയതായി ഫോൺ എടുത്ത ഉദ്യോഗസ്ഥൻ മറുപടി നൽകിയപ്പോൾ, സന്ദേശം അയയ്ക്കുന്നത് ഡിജിപി തന്നെയാണെന്ന് ഉറപ്പിച്ച അദ്ധ്യാപിക, സന്ദേശത്തിലെ ആവശ്യം അംഗീകരിച്ചു.
അസം സ്വദേശിയുടെ പേരിൽ എടുത്ത ഒരു നമ്പർ ഉപയോഗിച്ചാണ് പ്രതി വ്യാജ വാട്സാപ്പ് അക്കൗണ്ട് സൃഷ്ടിച്ച്, തട്ടിപ്പ് നടത്തിയതെന്ന് ഹൈടെക്ക് സെൽ കണ്ടെത്തിയിരുന്നു. സൈബർ തട്ടിപ്പിൽ ജാഗ്രത പുലർത്തണമെന്ന് ജനങ്ങള്‍ക്ക് പൊലീസ് ബോധവത്കരണം നൽകുന്നതിനിടെയാണ്, സംസ്ഥാന പൊലീസ് മേധാവിയുടെ പേരിൽ തന്നെ സാമ്പത്തിക തട്ടിപ്പ് നടന്നത്.
Post Your Comments