KeralaLatest NewsNews

‘തെരുവില്‍ എണ്ണം തികയ്ക്കാനല്ല ഈഴവസ്ത്രീകള്‍’:ഗുരുദേവൻ പറഞ്ഞത് യുവാക്കളോട് മാത്രമല്ല യുവതികളോടുമാണെന്ന് ഗോകുലം ഗോപാലന്‍

നാട്ടുനടപ്പ് അനുസരിച്ച് മകനെയും തന്നോടൊപ്പം കൃഷിപ്പണിക്ക് കൂട്ടണം എന്ന് വാശി പിടിച്ച അച്ഛനോട്‌ എന്റെ പഠനത്തിനായി നിരന്തരം കലഹിച്ചു.

തിരുവനന്തപുരം: കേരളത്തിലെ ഈഴവ സ്ത്രീകളുടെ മുന്നേറ്റത്തിനായി കാലാനുസൃതമായ പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്ന് വനിതാ ദിനത്തിൽ ശ്രീനാരായണ സഹോദര സംഘം നേതാവും നിര്‍മ്മാതാവുമായ ഗോകുലം ഗോപാലന്‍. കേരളത്തിലെ ഈഴവ സ്ത്രീകളുടെ വിദ്യാഭ്യാസം, തൊഴിൽ സംരംഭകത്വം, ശാക്തീകരണം എന്നിവയ്ക്കായി ഭാവനാപൂർണമായ, കാലാനുസൃതമായ പദ്ധതികൾക്ക് രൂപം നൽകാൻ നമുക്ക് സാധിക്കണമെന്നും വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടിച്ചു ശക്തരാകാനും കേരളത്തിലെ യുവാക്കളോട് മാത്രമല്ല യുവതികളോടുമാണ് ഗുരുദേവൻ പറഞ്ഞതെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഇന്ന് വനിതാ ദിനമാണ്.

വടകരയിലെ ഒരു നാട്ടിൻപുറത്ത്, ഒരു ശരാശരി കുടുംബത്തിൽ ജനിച്ചു വളർന്ന ഗോപാലൻ എന്ന കുട്ടിയെ ഇന്നത്തെ ഗോകുലം ഗോപാലൻ ആക്കി മാറ്റിയത് എന്റെ അമ്മയാണ്, അമ്മയുടെ സ്നേഹവും കഠിനാധ്വാനവും ദീർഘവീക്ഷണവുമാണ്. പത്താം ക്ലാസ് പൂർത്തിയാക്കുന്നത് പോലും ഒരു മഹാകാര്യം ആണെന്ന് കരുതപ്പെട്ടിരുന്ന അക്കാലത്ത്,മകനെ ബിരുദാനന്തര ബിരുദധാരിയാക്കാൻ എന്റെ അമ്മ നാട്ടിൽ ലഭ്യമായ എല്ലാ കൃഷി പണിയും ചെയ്തു. പുല്ല് കെട്ട് ചുമന്ന് ചൊവ്വാഴ്ച ചന്തകളിൽ വിറ്റു.

Read Also: റഷ്യക്കെതിരെ ന്യൂസിലാന്‍ഡ് : പുടിന്‍ ഉള്‍പ്പെടെ നൂറോളം നേതാക്കള്‍ക്കെതിരെ ഉപരോധം

നാട്ടുനടപ്പ് അനുസരിച്ച് മകനെയും തന്നോടൊപ്പം കൃഷിപ്പണിക്ക് കൂട്ടണം എന്ന് വാശി പിടിച്ച അച്ഛനോട്‌ എന്റെ പഠനത്തിനായി നിരന്തരം കലഹിച്ചു. പത്താം തരം കഴിഞ്ഞ് പട്ടാളത്തിൽ ചേരാൻ പോയ എന്നെ നിർബന്ധപൂർവ്വം മടക്കി കൊണ്ട് വന്നു. എന്റെ നിയോഗം മറ്റൊന്നാണ് എന്ന് അമ്മ അന്നേ തിരിച്ചറിഞ്ഞിരുന്നിരിക്കണം. ഒരു വനിതാ ദിനത്തിൽ, മരിക്കുവോളം എന്റെ വിജയത്തിനായി പരിശ്രമിച്ച എന്റെ അമ്മയെയല്ലാതെ മറ്റാരെയാണ് ഞാൻ അഭിമാനത്തോടെ ഓർക്കുക.

കേരളത്തിലെ ഓരോ ശ്രീനാരായണീയ ഭവനങ്ങളിലും ഇതുപോലെയുള്ള അമ്മമാരുണ്ട്. എന്നാൽ നേതാവിനെ സ്വീകരിക്കാൻ താലപ്പൊലി പിടിക്കാനും സെറ്റ് മുണ്ടുടുത്ത് ബാനർ പിടിക്കാനും പീത വസ്ത്രം ധരിച്ച് തെരുവിൽ ശക്തി പ്രകടനം നടത്തുമ്പോൾ എണ്ണം തികയ്ക്കാനും മാത്രമാണ് കേരളത്തിലെ ഈഴവ സ്ത്രീകൾക്ക് സാധിക്കുക എന്ന് കരുതുന്നവരാണ് ഇന്ന് സമുദായത്തെ നയിക്കുന്നത് എന്നതാണ് അവർക്കു വന്നു പെട്ട ദുർവിധി.

കേരളത്തിലെ ഈഴവ സ്ത്രീകളുടെ വിദ്യാഭ്യാസം, തൊഴിൽ സംരംഭകത്വം, ശാക്തീകരണം എന്നിവയ്ക്കായി ഭാവനാപൂർണമായ, കാലാനുസൃതമായ പദ്ധതികൾക്ക് രൂപം നൽകാൻ നമുക്ക് സാധിക്കണം. വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടിച്ചു ശക്തരാകാനും ഗുരുദേവൻ പറഞ്ഞത് കേരളത്തിലെ യുവാക്കളോട് മാത്രമല്ല യുവതികളോടുമാണ്.

ഈ സാഹചര്യത്തിന് ഒരു മാറ്റം വരുത്തുക എന്നത് എന്റെ നിയോഗമാണ്. കുടുംബത്തിനു വേണ്ടി ജീവിതം പോരാട്ടമാക്കിയ എന്റെ അമ്മയെപ്പോലുള്ള നിരവധി അമ്മമാരോടുള്ള ബാധ്യതയാണ് അത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

ഏവർക്കും വനിതാ ദിനാശംസകൾ.
സ്നേഹത്തോടെ
ഗോകുലം ഗോപാലൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button