ന്യൂഡൽഹി: ഉക്രൈൻ – റഷ്യ പ്രതിസന്ധിക്കിടെ ഉക്രൈനിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ്
ഇന്ത്യയിൽ പൂർത്തിയാക്കാം. നാഷണൽ മെഡിക്കൽ കമ്മീഷൻ ആണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. വിദ്യാർത്ഥികൾ മാനദണ്ഡം പാലിച്ചാൽ മെഡിക്കൽ കൗൺസിലുകൾ 12 മാസത്തെ ഇന്റേൺഷിപ്പ് അല്ലെങ്കിൽ അവശേഷിക്കുന്ന കാലയളവിലേക്ക് താൽക്കാലിക രജിസ്ട്രേഷൻ അനുവദിക്കാമെന്ന് എൻ.എം.സി പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. അവരുടെ ഔദ്യോഗിക വെബ്‌സൈറ്റായ nmc.org.in വഴിയാണ് സർക്കുലർ പുറത്തുവിട്ടത്.
റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ നാട്ടിലെത്തിയ, മെഡിക്കൽ വിദ്യാർത്ഥികൾക്ക്, ഇന്ത്യയിൽ നിന്നും ഇന്റേൺഷിപ്പ് ചെയ്യാൻ അനുമതി നൽകുമെന്ന നാഷണൽ മെഡിക്കൽ കമ്മീഷന്റെ നടപടി വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസമാകുകയാണ്. നിലവിലെ സാഹചര്യത്തിൽ, പല വിദ്യാർത്ഥികൾക്കും ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതോടെയാണ്, എൻ.എം.സി ഇത്തരമൊരു തീരുമാനത്തിലേക്ക് കടന്നിരിക്കുന്നത്.
ഇന്റേൺഷിപ്പ് പൂർത്തിക്കുന്നതിന് അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ എഫ്.എം.ജി പാസാക്കിയിരിക്കണം എന്ന വ്യവസ്ഥയുണ്ട്. ഇന്റേൺഷിപ്പ് ചെയ്യാൻ അനുമതി നൽകുന്നുവെന്ന് റിപ്പോർട്ട് വന്നത് മുതൽ വിദ്യാർത്ഥികൾക്കുള്ള പ്രധാന സംശയമായിരുന്നു, പ്രത്യേക ഫീസ് അടയ്‌ക്കേണ്ടതുണ്ടോ എന്ന്. എന്നാൽ, ഇത്തരത്തിൽ യാതൊരുവിധ അധിക ഫീസും അടയ്‌ക്കേണ്ടതില്ലെന്നാണ് അറിയിപ്പ്. എഫ്.എം.ജിയിൽ നിന്ന് മെഡിക്കൽ കോളേജ്, ഒരു ഫീസും ഈടാക്കുന്നില്ലെന്ന് സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ മെഡിക്കൽ കോളേജിൽ നിന്ന് ഉറപ്പ് വാങ്ങണമെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ത്യയിൽ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നതിനുള്ള രജിസ്ട്രേഷൻ ലഭിക്കണമെങ്കിൽ വിദേശത്ത് മെഡിക്കൽ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് രണ്ട് ഇന്റേൺഷിപ്പ് ചെയ്യേണ്ടതുണ്ട്. ഒന്ന് പഠനം നടത്തുന്ന രാജ്യത്തും മറ്റൊന്ന് ഇന്ത്യയിലും. ഇതിനാണ്, യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്.
Also Read:നമ്മുടെ കുട്ടികള്‍ക്കൊന്നും ജീവന്‍ നഷ്ടപ്പെടാതെ വന്നത് പ്രധാനമന്ത്രിയുടെ വിജയമാണ്: ടിപി ശ്രീനിവാസന്‍
നേരത്തെ, കോവിഡ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ, ചൈന അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് മെഡിക്കൽ വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. നാഷണൽ മെഡിക്കൽ കമ്മീഷന്റെ പുതിയ തീരുമാന പ്രകാരം, ഇവർക്കും ഇന്ത്യയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ സാധിക്കും. പഠനം വഴിമുട്ടിയിരിക്കുകയാണെന്നും, തുടരുന്നതിനായി ഇന്ത്യൻ സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഉക്രൈനിൽ നിന്നെത്തിയ വിദ്യാർത്ഥികൾ രംഗത്ത് വന്നിരുന്നു. വിദേശ സർവകലാശാലയുടെ മെഡിസിൻ ഡിഗ്രി ഉള്ളവർക്കും, നിലവിൽ വിദേശത്ത് ഇന്റേൺഷിപ്പ് ചെയ്യുന്നവർക്കും ഇന്ത്യയിൽ ചെയ്യാമെന്നാണ് പുതിയ തീരുമാനം.
Amid the ongoing evacuation of Indian medical students from #Ukraine, National Medical Commission (NMC) allows Foreign Medical Graduates with incomplete internships due to compelling situations like the Covid19 & war…to apply to complete internships in India if they clear FMGE pic.twitter.com/tqxeCNPdYy
— ANI (@ANI) March 5, 2022
Post Your Comments