കോഴിക്കോട്: മീഡിയാ വൺ ചാനലിൻ്റെ സംപ്രേഷണം തടഞ്ഞ, കേന്ദ്ര സർക്കാർ നടപടി ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പ്രതികരിച്ച് ചാനൽ എഡിറ്റര്‍ പ്രമോദ് രാമന്‍. ചെയ്ത കുറ്റം എന്താണെന്ന് അറിയാതെ ശിക്ഷ ഏറ്റുവാങ്ങേണ്ട ഗതിയാണ് ഉള്ളതെന്ന് പ്രമോദ് രാമൻ പറയുന്നു. സിറാജ് ലൈവുമായി നടത്തിയ അഭുമുഖത്തിലായിരുന്നു പ്രമോദ് രാമന്റെ പ്രതികരണം. സുപ്രീം കോടതിയിൽ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പെഗാസസ് കേസിലെ സുപ്രീം കോടതി നിരീക്ഷണങ്ങള്‍ മീഡിയാ വണ്‍ കേസില്‍ സഹായമാകുമെന്നാണ് പ്രമോദ് രാമൻ കരുതുന്നത്. തന്റെ പോരാട്ടം നീതിക്കും മാധ്യമപ്രവര്‍ത്തനത്തിനും വേണ്ടിയാണ് എന്ന് വ്യക്തമാക്കിയ അദ്ദേഹം, മീഡിയാ വണ്‍ കേസില്‍ സുപ്രീം കോടതിയിലും തിരിച്ചടി നേരിട്ടാല്‍ രാജ്യത്തെ മാധ്യമങ്ങളുടെ ഭാവി തന്നെ ഇരുളടയും എന്നും നിരീക്ഷിച്ചു.
‘കേന്ദ്രസർക്കാർ പറഞ്ഞ കാര്യം വെച്ച് ഞങ്ങളെ കളങ്കിതരാക്കുന്ന പ്രചാരണങ്ങൾ തകർന്നടിയാൻ സുപ്രീം കോടതിയുടെ ഒരു ഉത്തരവ് മതി. നിരോധന സാധ്യതയുള്ള വാർത്തകൾ ജനങ്ങൾക്ക് മുന്നിലേക്ക് അല്ലേ പോകുന്നത്? അത്തരം വാർത്തകൾ കണ്ടിട്ടുണ്ടെങ്കിൽ, എന്തുകൊണ്ടാണ് നടപടിയെടുക്കാതിരുന്നത്. അത്തരം ഉള്ളടക്കങ്ങൾ ഉണ്ടെങ്കിൽ, നടപടിയെടുക്കാൻ കഴിയുമല്ലോ. അപ്പോൾ, അതൊന്നും അല്ല ഇവരുടെ പ്രശ്നം. മീഡിയാ വൺ അടച്ചുപൂട്ടുമെന്ന രഹസ്യ വിവരം കിട്ടിയത് കൊണ്ടല്ല, അഭിലാഷ് അടക്കമുള്ളവർ രാജി വെച്ചത്. അങ്ങനെയെന്തെങ്കിലും വിവരം അവർക്കറിയാമായിരുന്നു എങ്കിൽ അത് ഞാനും അറിയുമായിരുന്നു. രാജീവ് ദേവരാജ് ചാനൽ വിട്ടത്, മാതൃഭൂമിയിൽ നിന്ന് നല്ലൊരു ഓഫർ വന്നതുകൊണ്ടാണ്. മീഡിയാ വണ്ണിന് വിലക്ക് വരുമെന്ന് രഹസ്യ വിവരം കിട്ടിയത് കൊണ്ടല്ല രാജീവും അഭിലാഷും ചാനൽ വിട്ടത്’, പ്രമോദ് രാമൻ പറയുന്നു.
Also Read:തെറ്റ് ചെയ്തിട്ടില്ല, അതുകൊണ്ട് ആത്മഹത്യ ചെയ്യില്ല, പക്ഷെ, ആ ആറ് പേർ എന്നെ അപായപ്പെടുത്തും: അഞ്ജലി
മീഡിയാ വണ്ണിന്റെ ഉള്ളടക്കത്തില്‍, രാജ്യദ്രോഹപരമായി ദേശസുരക്ഷക്ക് ഭീഷണിയാകുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍, അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട ആളെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിന് തന്നെ അറസ്റ്റ് ചെയ്യാമെന്ന് പ്രമോദ് രാമന്‍ മുൻപ് പറഞ്ഞിരുന്നു. ‘ദേശസുരക്ഷ, ദേശസുരക്ഷക്ക് ഭീഷണി തുടങ്ങിയ വലിയ, വലിയ വാചകങ്ങളെടുത്ത് പ്രയോഗിക്കുന്നുണ്ടല്ലോ. മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വായിച്ച് ഹൈക്കോടതി ജഡ്ജ് പറയുകയാണ്, ഒരു മണിക്കൂര്‍ പോലും പ്രവര്‍ത്തിക്കാനാകില്ലെന്ന്. അത്രയും ഭീകരമായ എന്തോ ഒന്ന് ഒമ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന, ഞാന്‍ എഡിറ്ററായ മീഡിയാ വണ്ണില്‍ ഉണ്ടെന്ന് പറഞ്ഞാല്‍ അതിന്റെ അർത്ഥം എനിക്ക് ഒരു നിമിഷം പോലും സ്വതന്ത്രനായി ജീവിക്കാന്‍ അവകാശമില്ല എന്നാണ്. അങ്ങനെയാണെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യണം. അല്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നത് വെറും പൊള്ളയാണ്’- പ്രമോദ് രാമന്‍ പറഞ്ഞു.
അതേസമയം, മീഡിയ വൺ ചാനലിൻ്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടി ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആയിരുന്നു കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. സിംഗിൾ ബെഞ്ച് നടപടിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. മീഡിയ വൺ ചാനലിനെതിരായുള്ള കേന്ദ്ര നടപടിക്കെതിരെ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ തള്ളുകയും ചെയ്തു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടി ശരിവച്ച സിംഗിൾ ജഡ്ജി ഉത്തരവിനെതിരെ, മീഡിയ വൺ നൽകിയ അപ്പീൽ ആണ് കേരള ഹൈക്കോടതി തള്ളിയത്.
Post Your Comments