ഷാർജ: ടാക്സി കൺട്രോൾ സെന്റർ ആരംഭിച്ച് ഷാർജ. തിരക്കേറിയ മേഖലകളിൽ ടാക്‌സി ലഭ്യത ഉറപ്പാക്കാനും ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കാനും വേണ്ടിയാണ് സ്മാർട് സംവിധാനത്തോട് കൂടി ടാക്‌സി കൺട്രോൾ സെന്റർ തുറന്നത്. രാജ്യാന്തര വിമാനത്താവളം, പൊതുപരിപാടികൾ നടക്കുന്ന സ്ഥലങ്ങൾ, ഉല്ലാസമേഖലകൾ എന്നിവിടങ്ങളിലെ തിരക്ക് കണക്കിലെടുത്ത് രാപകൽ വാഹനങ്ങൾ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
വാഹനങ്ങളുടെ സഞ്ചാരപഥം നിരീക്ഷിക്കാനും ഡ്രൈവർമാർക്ക് നിർദേശങ്ങൾ നൽകാനും കഴിയുന്ന സംവിധാനം യാത്രക്കാരുടെ പൂർണ സുരക്ഷയുറപ്പാക്കും. ബുക്കിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ സെന്ററിലേക്കു വിളിച്ചാൽ ഏറ്റവും അടുത്തുള്ള വാഹനം യാത്രക്കായെത്തും. ഇന്റേണൽ വെഹിക്കിൾ ഡിവൈസസ് ശൃംഖലയുമായി വാഹനങ്ങളെ ബന്ധിപ്പിച്ചതിനാൽ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർക്ക് ഡ്രൈവർമാർക്കു വിവരം നൽകാനും കഴിയും. ഡ്രൈവറെയും യാത്രക്കാരെയും നിരീക്ഷിക്കാവുന്ന ക്യാമറകളും സാങ്കേതിക പ്രശ്‌നങ്ങൾ കണ്ടെത്തുന്ന സംവിധാനവും വാഹനത്തിന്റെ പ്രത്യേകതകളാണ്.
Post Your Comments