മാർച്ച് 8… വനിതാ ദിനം ആഘോഷിക്കുകയാണ് ലോക രാഷ്ട്രങ്ങൾ. 1857 മാർച്ച് 8 ന് ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരത്തെയും പ്രക്ഷോഭത്തെയും തുടർന്ന് ഉരുത്തിരിഞ്ഞു വന്ന ഒന്നാണ് വനിതകൾക്കായി ഒരു ദിനമെന്ന ചിന്ത. വർഷാവർഷം ആഘോഷപൂർവ്വം ഈ ദിനം പല രീതിയിൽ കൊണ്ടാടുകയാണ് ലോകം. സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം തുടങ്ങിയുള്ള അവകാശങ്ങൾ വനിതാ ദിന സന്ദേശമാക്കിക്കൊണ്ടാണ് ഓരോ കാലത്തും ഈ ദിനം ആഘോഷിക്കപ്പെടുന്നത്.
ലിംഗ -ലൈംഗിക വേർതിരിവുകൾ ഇല്ലാതെ, ജെൻഡർ സമത്വത്തിനായി ഒത്തുചേരുകയാണ് ഇത്തവണത്തെ വനിതാ ദിനം. എന്നാൽ, ലോകത്തിന്റെ മിക്ക ഭാഗത്തും സ്ത്രീകളുടെ അവസ്ഥയ്ക്ക് എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടോ? ലോക ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീകൾ ഇന്നും എല്ലാ അവസ്ഥയിലും പുരുഷനേക്കാൾ ഏറെ പിന്നിലാണെന്ന വാസ്തവത്തെ മാറ്റിനിർത്തിക്കൊണ്ടാണ് വീടുകളിൽ മാത്രം ഒതുങ്ങിയിരുന്ന സ്ത്രീകൾ ലോകത്തിലെ പ്രധാന ചുമതലകളിൽ ഏർപ്പെട്ടിരിക്കുന്നതിനെ ചൂണ്ടികാട്ടി മാധ്യമങ്ങൾ ആഘോഷമാക്കുന്നത്. എല്ലാ ചട്ടക്കൂടുകളേയും വലിച്ചെറിഞ്ഞ്, ലോകത്തിന് തന്നെ അഭിമാനിക്കാവുന്ന തരത്തിൽ സ്ത്രീകൾ വളർന്നു തുടങ്ങിയത് സത്യം തന്നെയാണ്. ഇന്ത്യയുടെ കാര്യം തന്നെ നോക്കുകയാണെങ്കിൽ സരോജിനി നായിഡു, ആനി ബസന്റ്, തുടങ്ങിയ സ്വാതന്ത്ര്യ സമര പോരാളികൾ മുതൽ ജനാധിപത്യത്തിന്റെ കാവലാളുകളായി എത്തിയ ഇന്ദിര ഗാന്ധിയും പ്രതിഭ പാട്ടീലും വരെയുള്ള വനിതാരത്നങ്ങളെ ചൂണ്ടിക്കാണിക്കാൻ കഴിയും. എന്നാൽ, ഇന്ത്യയിലെ സ്ത്രീകൾ സുരക്ഷിതരാണോ ?
READ ALSO: കുട്ടികളുടെ അശ്ലീലചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: പൂജാരി അറസ്റ്റിൽ
ഇന്ത്യയില്‍, എല്ലാ ദിവസവും ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നു, ഓരോ അരമണിക്കൂറിലും ഒരു ബലാത്സംഗം, ഒരു മാനഭംഗം, ഓരോ നാല്‍പ്പത് മിനിറ്റിലും ഒരു തട്ടിക്കൊണ്ടുപോകല്‍, ഒരു സ്ത്രീധന പീഡനമരണം, ഒരു ഭര്‍തൃപീഡനം എന്നിങ്ങനെ റിപ്പോർട്ട് ചെയ്യപ്പെടുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഈ കണക്കുകള്‍ക്കിടയില്‍ നിന്ന് തന്നെയാണ് എക്കാലത്തും സ്ത്രീകള്‍ സമത്വത്തിനായി ശബ്ദമുയര്‍ത്തുന്നതും വനിതാ ദിനം ആഘോഷിക്കുന്നതും.
ഭാരതീയ സ്ത്രീ സങ്കല്പങ്ങള്‍ അപ്പാടെ തിരുത്തിയെഴുതി കൊണ്ടിരിക്കുന്ന ഈ ന്യൂജനറേഷന്‍ കാലഘട്ടത്തില്‍ സ്ത്രീ സ്വാതന്ത്ര്യം എന്തായിരിക്കണമെന്നു പോലും പലർക്കും അറിയില്ല. സ്ത്രീയ്ക്ക് അവളുടെ ലൈംഗികത തുറന്നു പറയാനും അഴിഞ്ഞാടി ജീവിക്കാനും ആണ് ‘സ്വാതന്ത്ര്യം’ എന്നവൾ മുറവിളി കൂട്ടുന്നതെന്നു ചിന്തിക്കുന്നവർക്ക് ഇടയിലാണ് ഓരോ വനിതാ ദിനവും കടന്നു വരുന്നത്. സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കപ്പെടുന്ന ചിത്രങ്ങൾക്ക് അസഭ്യമായ തരത്തിൽ മറുപടി നൽകിയും സ്ത്രീകൾക്ക് നേരെയും വെർബൽ റേപ്പ് നടത്തിയും ആഘോഷിക്കുന്ന സാംസ്കാരികനായകൻമാർക്ക്, സമൂഹമാധ്യമങ്ങളിൽ ഒരു പോസ്റ്റ് ഇട്ടു ആഘോഷിക്കാൻ മാത്രമുള്ളതാണ് ഇന്ന് വനിതാ ദിനമെന്നു തോന്നിപ്പോകും
‘നഃ സ്ത്രീ സ്വാതന്ത്യ്രമർഹതി’ എന്ന മനുവാചകത്തെ മുറുകെ പിടിച്ചുകൊണ്ട് സ്ത്രീയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നവർ മാർച്ചു മാസം എട്ടാം തീയതിമാത്രം ആ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും അവർക്കായി വേദികൾ മാറികൊടുക്കുകയും ചെയ്യും. അതുകഴിഞ്ഞാൽ പിന്നെയും ചങ്കരൻ തെങ്ങിന്മേൽ തന്നെ!
‘ജീവിതം ശരിക്കും ഒരു പളുങ്കുപാത്രമാണ് അത് ഉടയാതെ കൊണ്ടുപോകുന്നത് സ്ത്രീയുടെ മാത്രം കഴിവാണ്’ എന്നു് തുടങ്ങിയുള്ള പൈങ്കിളി വാചകങ്ങളിലൂടെ വനിതാ ദിനത്തെ സമ്പന്നമാക്കുന്ന ‘പാരമ്പര്യ നായകന്മാർ’ എല്ലോറപ്പുള്ള പെണ്ണുങ്ങളെ അംഗീകരിക്കുമോ? കാലം മാറുകയാണ്, കാഴ്ചകളും വനിതയെന്നാൽ ലൈംഗികതയും ശരീരവുമാണെന്ന ചിന്തകൾക്കപ്പുറമുള്ള കാഴ്ചപാടുകൾ വരുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കാം..
Post Your Comments