KollamKeralaNattuvarthaLatest NewsNews

ഡോക്‌ടര്‍മാരെയും ജീവനക്കാരെയും വിമര്‍ശിച്ച സംഭവം: ഗണേഷ് കുമാറിനെതിരെ ഡോക്‌ടര്‍മാരുടെ സംഘടനകളുടെ പ്രതിഷേധം

കൊല്ലം: ഉദ്ഘാടനത്തിനൊരുങ്ങുന്ന തലവൂ‌ര്‍ ആയുര്‍വേദ ആശുപത്രിയിൽ ഡോക്‌ടര്‍മാരെയും ജീവനക്കാരെയും വിമര്‍ശിച്ച കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ നടപടിയില്‍ ഡോക്‌ടര്‍മാരുടെ സംഘടനകളുടെ പ്രതിഷേധം. കെട്ടിടം നിര്‍മ്മിച്ച്‌ ഉപകരണങ്ങള്‍ വാങ്ങിയിട്ടാല്‍ പോര, അത് പരിപാലിക്കാന്‍ മതിയായ ജീവനക്കാരില്ലെന്നും അത് എംഎല്‍എ മനസിലാക്കണമെന്നും ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷനും, കേരള ഗവണ്‍മെന്റ് ആയുര്‍വേദ ഓഫീസേഴ്‌സ് ഫെഡറേഷനും ആവശ്യപ്പെട്ടു.

40 കിടക്കകളുള‌ള ആശുപത്രിയില്‍ ഒരേയൊരു സ്വീപ്പര്‍ തസ്‌തികയാണ് ഉള‌ളതെന്നും എഴുപത് വയസുള‌ള ഇയാള്‍ വിരമിച്ചതോടെ ഈ ഒഴിവ് നികത്തിയിട്ടില്ലെന്നും സംഘടനകൾ ചൂണ്ടിക്കാണിച്ചു. മതിയായ സൗകര്യങ്ങള്‍ നല്‍കാനും ജീവനക്കാരുടെ ഒഴിവ് നികത്താനും ഉന്നതാധികാരികളെ സമീപിച്ചിട്ടും ഫലമൊന്നുമുണ്ടായില്ലെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നു.

‘വി ദി വുമണ്‍’: തനിക്ക് നേരിട്ട ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് അതിജീവത തുറന്നു സംസാരിക്കുന്നു

ജീവനക്കാരില്ലാതെ പുതിയ ഫിസിയോതെറാപ്പി മെഷീന്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കുമെന്ന് ഡോക്‌ടര്‍മാര്‍ ചോദിക്കുന്നു. എങ്കിലും അത്യാവശ്യം ഡോക്‌ടര്‍മാര്‍ അത് ഉപയോഗിക്കുന്നതായും അവര്‍ അറിയിച്ചു. ഗുണനിലവാരമില്ലാത്ത ടൈല്‍സ് ശുചിമുറിയിലിട്ട് അതിളകിയാല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അമ്പിളി കുമാരിയാണോ കുറ്റക്കാരിയെന്നും സംഘടനകള്‍ ചോദിച്ചു. അലോപ്പതി ചികിത്സാ രംഗത്ത് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമ്പോൾ സര്‍ക്കാര്‍ ആയുര്‍വേദത്തിന് അത് ചെയ്യുന്നില്ലെന്നും ഡോക്‌ടര്‍മാര്‍ കുറ്റപ്പെടുത്തി.

മൂന്നരക്കോടി രൂപ ചിലവിലാണ് പുതിയ ആശുപത്രി കെട്ടിടം പണികഴിപ്പിച്ചത്. ആശുപത്രിയിൽ എത്തിയ എംഎല്‍എ പൊടികളയാന്‍ ചൂലെടുത്ത് തൂക്കുകയും ഫിസിയോ തെറാപ്പി മെഷീന്‍ തുരുമ്പ് പിടിച്ചതിനെ വിമര്‍ശിക്കുകയും ചെയ്‌തിരുന്നു. ആശുപത്രിയിലെ വൃത്തിഹീനമായ അന്തരീക്ഷം കണ്ട് രൂക്ഷമായ ഭാഷയിലായിരുന്നു ഗണേഷ് കുമാർ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button