വാഷിങ്ടണ്‍: ഉക്രൈനെതിരെ വിജയമുറപ്പിക്കാൻ റഷ്യക്ക് കഴിയില്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. റഷ്യയ്ക്ക് ഉക്രൈനെ അടിച്ചമർത്താൻ കഴിയില്ലെന്നും, അസാധാരണമായ പ്രതിരോധശേഷിയുള്ള ഉക്രൈൻ തന്നെ ഒടുവിൽ വിജയം നേടുമെന്നും ബ്ലിങ്കൻ പറഞ്ഞു. ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘർഷം എത്രനാൾ നീണ്ടു നിൽക്കുമെന്ന് കൃത്യമായി പറയാനാകില്ലെങ്കിലും, ഉക്രൈൻ പരാജയപ്പെടാൻ സാധ്യതയില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു.
‘സർക്കാരിനെ എങ്ങനെയെങ്കിലും അട്ടിമറിച്ച്, പാവ ഭരണം സ്ഥാപിക്കുക എന്നതാണ് ഉദ്ദേശ്യമെങ്കിൽ, 45 ദശലക്ഷം ഉക്രേനിയക്കാർ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അതിനെ നിരസിക്കും. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ആസൂത്രണം ചെയ്തത് പോലെയോ പ്രതീക്ഷിച്ചത് പോലെയോ അല്ല, കാര്യങ്ങൾ പോകുന്നത്’, ബ്ലിങ്കൻ വ്യക്തമാക്കി.
ഉക്രൈനെ സഹായിക്കാൻ കഴിയുന്നതെല്ലാം ചെയ്യാൻ അന്താരാഷ്ട്ര സമൂഹം പ്രതിജ്ഞാബദ്ധമാണെന്നും പുടിൻ ആരംഭിച്ച ഈ തിരഞ്ഞെടുപ്പിന്റെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയിൽ കടുത്ത സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉക്രൈൻ തന്നെയാകും യുദ്ധത്തിൽ വിജയിക്കുക എന്നും അദ്ദേഹം പറഞ്ഞു. അധിനിവേശം ഒമ്പതാം നാൾ കഴിഞ്ഞപ്പോഴും ഉക്രൈന്റെ ഭാഗത്തുനിന്ന് ശക്തമായ പ്രതിരോധമാണ് ഉണ്ടാകുന്നത് എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പുടിൻ പോലും ഇത് പ്രതീക്ഷിച്ചില്ലെന്നും വ്യക്തമാക്കി.
അതേസമയം, രാജ്യത്തുടനീളമുള്ള റഷ്യൻ മുന്നേറ്റങ്ങളെ ഉക്രേനിയൻ സേന, തങ്ങളുടെ ശക്തമായ പ്രതിരോധത്തിലൂടെ തടസ്സപ്പെടുത്തി. തുറമുഖ നഗരമായ മരിയുപോൾ റഷ്യൻ സൈന്യം പിടിച്ചെടുത്തതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, റഷ്യൻ സൈന്യത്തെ നഗരത്തിൽ നിന്ന് പുറത്താക്കിയതായി മൈക്കോളൈവ് ഗവർണർ പറഞ്ഞു. വടക്ക് ഉക്രൈനിലെ രണ്ടാമത്തെ നഗരമായ ഖാർകീവ് ഉപരോധത്തിൽ തന്നെ ഇപ്പോഴും തുടരുകയാണ്.
Post Your Comments