ന്യൂഡൽഹി: ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള രക്ഷാദൗത്യമാണ് ‘ഓപ്പറേഷൻ ഗംഗ’. പദ്ധതി, അതിവേഗം പുരോഗമിക്കുകയാണ്. ഓപ്പറേഷൻ ഗംഗയുടെ കീഴിൽ ഉക്രൈനിൽ കുടുങ്ങിയ 18,000 ഇന്ത്യൻ പൗരന്മാരെ കേന്ദ്രസർക്കാർ സുരക്ഷിതമായി നാട്ടിലെത്തിച്ചു. എംഇഎ വക്താവ് അരിന്ദം ബാഗ്ചി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കൃത്യമായി എണ്ണം പറയാൻ സാധിക്കില്ലെങ്കിലും ഏകദേശം 18000 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി ഇദ്ദേഹം അറിയിച്ചു. 3000 പേർ നാടണയാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, 17,000 ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാക്കിയുള്ള ആയിരം പേരെയും എത്തിച്ചത്. ഉക്രൈനിൽ കുടുങ്ങിയവരെ ഒഴിപ്പിക്കാനും നാട്ടിലേക്ക് കൊണ്ടുവരാനും കേന്ദ്രസർക്കാർ നടത്തുന്ന രക്ഷാപ്രവർത്തങ്ങളെ സുപ്രീം കോടതി പ്രശംസിക്കുകയും ചെയ്തു. ഉക്രൈന്റെ അയൽരാജ്യങ്ങളിൽ നിന്നായി പറന്നുയർന്ന പ്രത്യേക വിമാനങ്ങളിൽ, യുദ്ധഭൂമിയിൽ നിന്നും രക്ഷപെടാൻ കഴിഞ്ഞതിന്റെ ആശ്വാസ നെടുവീർപ്പുമായി ഇന്ത്യക്കാർ ഇരിക്കുമ്പോൾ, കേന്ദ്രസർക്കാർ നടത്തിയ പ്രയത്നങ്ങൾ എടുത്തു പറയേണ്ടതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സർക്കാറിനോട് ഉക്രൈനിൽ കുടുങ്ങിയവരുടെ കുടുംബാംഗങ്ങൾക്കായി ഓൺലൈൻ ഹെൽപ്പ്ലൈൻ തുടങ്ങുന്നത് പരിഗണിക്കാനും കോടതി ആവശ്യപ്പെട്ടു.
Also Read:റഷ്യ- യുക്രൈൻ യുദ്ധം തുടരുന്നതിനിടെ കമല ഹാരിസ് യൂറോപ്പിലേക്ക്: യുക്രൈനെ സഹായിക്കാനോ?
ഇന്ത്യൻ എയർഫോഴ്സിന്റെ മൂന്ന് സി-17 വിമാനങ്ങളും 14 സിവിലിയൻ വിമാനങ്ങളും ഒഴിപ്പിക്കൽ പ്രക്രിയയ്ക്കായി മുന്നിൽ തന്നെയുണ്ട്. സർക്കാർ പറയുന്നതനുസരിച്ച്, സി -17 വിമാനത്തിൽ 630 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. സിവിലിയൻ വിമാനങ്ങൾ വഴി 9,364 ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചു. ഏഴ് ഐഎഎഫ് വിമാനങ്ങൾ 1,428 ഇന്ത്യൻ പൗരന്മാരെ നാട്ടിൽ തിരിച്ചെത്തിച്ചതിനോടൊപ്പം 9.7 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഉക്രൈനിൽ എത്തിക്കുകയും ചെയ്തു.
അതേസമയം, 11 പ്രത്യേക സിവിലിയൻ വിമാനങ്ങൾ വഴി 2200 ലധികം ഇന്ത്യക്കാരെ ഇന്ന് തിരികെ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. അഞ്ച് വിമാനങ്ങൾ ബുഡാപെസ്റ്റിൽ നിന്നും രണ്ട് വിമാനങ്ങൾ റസെസോവിൽ നിന്നും നാലെണ്ണം സുസെവയിൽ നിന്നും ഇന്ന് പുറപ്പെടും. റൊമാനിയ, പോളണ്ട്, സ്ലൊവാക്യ എന്നിവിടങ്ങളിൽ നിന്നായി നാല് സി -17 വിമാനങ്ങൾ ഇന്നലെ രാത്രിയും ഇന്ന് പകലുമായി എത്തിച്ചെർന്നു.
അതേസമയം, ഉക്രൈൻ തലസ്ഥാനമായ കീവിൽ നിന്നും എല്ലാ ഇന്ത്യക്കാരേയും മാറ്റാൻ സാധിച്ചതായി വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശ്രിഗ്ള കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Post Your Comments