ദുബായ്: യുഎഇയിൽ തൊഴിൽ വിസ 18 വയസ് തികഞ്ഞവർക്ക് മാത്രം. പെർമിറ്റ് ലഭിക്കാൻ പാലിക്കേണ്ട വ്യവസ്ഥകകളെ കുറിച്ചും യുഎഇ വിശദമാക്കി. എന്നാൽ കൗമാരക്കാർക്കും വിദ്യാർഥികൾക്കും തൊഴിൽ പരിശീലനത്തിന് നൽകുന്ന പ്രത്യേക വർക്ക് പെർമിറ്റുകൾക്ക് ഇതു ബാധകമല്ല. പ്രൊഫഷണൽ തസ്തികകൾക്കുള്ള വർക്ക് പെർമിറ്റിന് ഉയർന്ന യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്. ഇവ തസ്തികയ്ക്കു ചേരുന്നതാകണമെന്നാണ് നിർദ്ദേശം.
Read Also: കെ-റെയില്‍ പദ്ധതിക്ക് കേന്ദ്രം പണം നല്‍കണമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ ആവശ്യം
സ്ഥാപനങ്ങളുടെ പ്രവർത്തന സ്വഭാവവുമായി ബന്ധമില്ലാത്ത തസ്തികകളും സർട്ടിഫിക്കറ്റുകളും സ്വീകരിക്കില്ല. കമ്പനികളുടെ പേരിൽ മന്ത്രാലയത്തിൽ നിയമ ലംഘനമുണ്ടെങ്കിലും അപേക്ഷകൾ നിരസിക്കും. സ്ഥാപന ഉടമയ്ക്ക് പകരം കമ്പനികളുടെ ഇടപാടുകൾക്ക് ചുമതലപ്പെടുത്തിയ വ്യക്തിയാണു അപേക്ഷകളിൽ ഒപ്പുവയ്ക്കുന്നതെങ്കിൽ അതു തെളിയിക്കുന്ന രേഖയും വേണമെന്നും നിർദ്ദേശമുണ്ട്. സ്ഥാപനത്തിന്റെ ട്രേഡ് ലൈസൻസ് കാലാവധി തീർന്നാലും വിസ അപേക്ഷകൾ സ്വീകരിക്കില്ലെന്നും അധികൃതർ അറിയിച്ചു.
തൊഴിൽ വിസകൾ പുതുക്കുമ്പോഴും നിശ്ചിത വ്യവസ്ഥകൾ പാലിക്കണം. യോഗ്യത തെളിയിക്കേണ്ട തസ്തികകളിൽ സർട്ടിഫിക്കറ്റ് നൽകിയാണ് പുതുക്കൽ പ്രക്രിയകൾ പൂർത്തിയാക്കേണ്ടത്. പുതിയതും പുതുക്കുന്നതുമായ തൊഴിൽ വിസകൾക്ക് ഫീസ് നിശ്ചയിക്കുന്നത് മന്ത്രാലയത്തിലെ പട്ടികയിൽ കമ്പനിയുടെ സ്ഥാനം പരിഗണിച്ചാണ്.
തൊഴിലാളികളുടെ വിസ റദ്ദാക്കുന്നതിനു മുൻപ് സേവനകാല ആനുകൂല്യങ്ങൾ നൽകണമെന്നാണു ചട്ടം. വിസ പുതുക്കുന്നതിനു പിഴ അടയ്ക്കാനുണ്ടെങ്കിൽ അത് തീർത്ത ശേഷമാകും റദ്ദാക്കാനുള്ള അപേക്ഷകളിൽ നടപടി സ്വീകരിക്കുന്നത്. വ്യാജ രേഖകൾ സമർപ്പിച്ചാൽ വർക്ക് പെർമിറ്റ് അപേക്ഷ നിരസിക്കാം. തൊഴിലാളികൾക്ക് കൃത്യമായി വേതനം ലഭിക്കാൻ മന്ത്രാലയം ആവിഷ്‌കരിച്ച വേതന സുരക്ഷാ പദ്ധതിയിലോ (ഡബ്ലിയുപിഎസ്) തൊഴിൽ മേഖലയിലെ ഇതര സംവിധാനങ്ങളിലോ കമ്പനി ചേരാതിരുന്നാലും വിസാ പെർമിറ്റ് അപേക്ഷ നിരസിക്കും.
Post Your Comments