
കോഴിക്കോട്: ഉക്രൈൻ യുദ്ധവാർത്ത വായിച്ചുകഴിഞ്ഞാൽ ഏറ്റവും വലിയ യുദ്ധവാർത്ത സംസ്ഥാനത്തെ ഗുണ്ടായിസമാണെന്നും കല്യാണവീടുകളും പൊലീസ് സ്റ്റേഷനുകളുമെല്ലാം കൊലപാതക കേന്ദ്രങ്ങളാവുകയാണെന്നും ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി.
കെ- റെയിൽ മാത്രമാണ് സർക്കാർ ഉയർത്തിക്കാണിച്ച് നടക്കുന്നത്. കെ- റെയിലിൽ രണ്ടുമണിക്കൂർ നേരത്തേ തിരുവനന്തപുരത്തെത്തിയിട്ട് എന്തു കിട്ടാനാണെന്നും അദ്ദേഹം ചോദിച്ചു. യുഡിഎഫിലെ പാർട്ടികൾ എൽഡിഎഫിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നവർ, അവരുടെ കൂട്ടത്തിലുള്ളവർ പോകാതെ നോക്കിയാൽ മതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘യുഡിഎഫ് ശക്തമാണ്. എൽഡിഎഫിലാണ് അസംതൃപ്തരുള്ളത്. ഭരിക്കുന്ന മുന്നണിയിലെ കക്ഷികൾക്കുപോലും രക്ഷയില്ലാത്ത കാലമാണ്. കേരളത്തിൽ നടക്കുന്നത് ഗുണ്ടാ രാഷ്ട്രീയമാണ്. അതിൽ അടികിട്ടുമ്പോൾ സ്വന്തം കക്ഷിയെന്നോ നേതാവെന്നോ ഇല്ല. കൂടുതൽ തല്ലുകിട്ടുന്നത് യുഡിഎഫുകാർക്കാണെങ്കിലും എൽഡിഎഫ് ഘടകക്ഷികൾക്കും തല്ലിന് കുറവില്ല,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Post Your Comments