KeralaLatest NewsIndia

കെ-റെയില്‍ പദ്ധതിക്ക് കേന്ദ്രം പണം നല്‍കണമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ ആവശ്യം

രാഷ്ട്രീയമായി എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള വിദ്വേഷം കാരണം സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായി നീങ്ങുകയാണ് കേരളത്തിലെ കോണ്‍ഗ്രസും ബിജെപിയും ചില മതരാഷ്ട്ര വാദികളും.

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്ക് കേന്ദ്രവിഹിതം നല്‍കണമെന്ന് സിപിഎം സംസ്ഥാന സമ്മേളനം. കേരളത്തിന്‍റെ വര്‍ത്താമാന പ്രശ്നങ്ങള്‍ പരിഹരിക്കുകയും ഭാവിയിലേക്കുള്ള സാധ്യതകളുടെ വാതില്‍ തുറക്കുകയും ചെയ്യാനുതകുന്ന പദ്ധതി ആണിത്. കോവിഡ് മഹാമാരിയുടെ ആഘാതത്തില്‍ നിന്നും മോചിതമായി കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയ്ക്ക് പുത്തന്‍ ഉണര്‍വേകാനും ഈ പദ്ധതിക്ക് കഴിയും. എന്നാല്‍, രാഷ്ട്രീയമായി എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള വിദ്വേഷം കാരണം സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായി നീങ്ങുകയാണ് കേരളത്തിലെ കോണ്‍ഗ്രസും ബിജെപിയും ചില മതരാഷ്ട്ര വാദികളും. മറ്റെല്ലാ രംഗത്തെന്ന പോലെ എല്‍ഡിഎഫിനെതിരെ ഇവര്‍ യോജിച്ച് നില്‍ക്കുകയാണ്. അതിലൂടെ കേരളവികസനത്തെ തകര്‍ക്കാനും എല്‍ഡിഎഫിനെ പ്രതികൂട്ടിലാക്കാനുമുള്ള സമീപനമാണ് ഇവര്‍ സ്വീകരിക്കുന്നത്. കേന്ദ്ര ഭരണത്തെ അതിനുള്ള ആയുധമാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സിപിഎം പ്രമേയത്തിൽ പറഞ്ഞു.

പ്രമേയത്തിന്റെ പൂർണ്ണരൂപം:

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം. ഉള്‍പ്രദേശങ്ങളെ ഉള്‍പ്പെടെ കോര്‍ത്തിണക്കുന്ന റോഡ് ഗതാഗത സംവിധാനവും കേരളത്തിന്‍റെ സവിശേഷതയാണ്. എന്നാല്‍, കേരളത്തിന്‍റെ റെയില്‍വേ ഉള്‍പ്പെടെയുള്ള പൊതുഗതാഗത മേഖലയില്‍വലിയ വികസനം ഉണ്ടാവേണ്ടതുണ്ട്. പശ്ചാത്തല സൗകര്യവികസന രംഗത്ത് വികസനം ഉണ്ടായെങ്കില്‍ മാത്രമേ സ്വകാര്യമൂലധനം ഉള്‍പ്പെടെ നമ്മുടെ സമ്പദ്ഘടനയ്ക്ക് സഹായകമായ വിധത്തില്‍ കടന്നുവരികയുള്ളൂ. ഇതില്‍ പൊതുഗതാഗത രംഗത്ത് സുപ്രധാനമായിവരേണ്ടത് റെയില്‍വേയാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ കേരളത്തില്‍ റെയില്‍വേയിലുള്ള മുതല്‍മുടക്ക് ചരിത്രപരമായിതന്നെ പരിമിതമായിരുന്നു. അത് കേരളീയരുടെ റയില്‍യാത്രാ സൗകര്യങ്ങളെ വലിയ നിലയില്‍ പരിമിതപ്പെടുത്തുന്നുണ്ട്.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളതും ബിജെപി നേതൃത്വത്തിലുള്ളതുമായ സര്‍ക്കാരുകളുടെ സമീപനങ്ങളാണ് ഈ സ്ഥിതിയെ വലിയ നിലയില്‍ മൂര്‍ച്ഛിപ്പിച്ചത്. ഭാവി കേരളത്തിന്‍റെ ഗതാഗതമേഖലയിലെ ആവശ്യങ്ങള്‍മനസിലാക്കിക്കൊണ്ടാകണം കേരളത്തില്‍ മുന്നോട്ടുവയ്ക്കപ്പെടുന്ന പദ്ധതികള്‍. നിലവില്‍ കേരളത്തിലെ റെയില്‍വേയുടെ ശരാശരി വേഗത മണിക്കൂറില്‍ 45 കിലോമീറ്ററില്‍ താഴെയാണ്. നിലവിലുള്ള പാത നവീകരിച്ച് ഭാവി സാധ്യതകള്‍ക്കുതകുന്ന നിലയില്‍ രൂപപ്പെടുത്തുകയെന്നത് പുതിയ അലൈന്‍മെന്‍റിലൂടെയുണ്ടാക്കുന്ന പാതയെക്കാള്‍ ചെലവേറിയതായിരിക്കും എന്നതുമാത്രമല്ല, അത്തരമൊരു പാതയിലൂടെ യാത്രവേഗത വര്‍ദ്ധിപ്പിക്കുന്നതിന് വളരെയേറെ പരിമിതികളുണ്ട്. ഈ വസ്തുതകള്‍ സാങ്കേതികവിദഗ്ധരുള്‍പ്പെടടെയുള്ള നിരവധിയാളുകള്‍ സാക്ഷ്യപ്പെടുത്തിയതുമാണ്.

അത്തരം പഠനങ്ങളുടേയും ആലോചനകളുടേയും സൃഷ്ട്ടിയാണ് കെ-റെയില്‍ പദ്ധതി. കേരളത്തിന്‍റെ ബഹുമുഖ വികസനത്തിനുതകുന്ന പദ്ധതിയായി ആ ണിത് വിഭാവനം ചെയ്തിരിക്കുന്നത്. 529 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളഒരു അര്‍ദ്ധ അതിവേഗ റെയില്‍ കോറിഡോര്‍ നിര്‍മാണത്തിലൂടെ, മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെയും തിരികെയും സഞ്ചരിക്കാന്‍ കഴിയുന്ന ലക്ഷ്യം കൈവരിക്കുകയാണ് സില്‍വര്‍ലൈന്‍ പ്രോജക്ടിന്‍റെലക്ഷ്യം. കേരളത്തിന്‍റെ വര്‍ത്താമാന പ്രശ്നങ്ങള്‍ പരിഹരിക്കുകയും ഭാവിയിലേക്കുള്ള സാധ്യതകളുടെ വാതില്‍ തുറക്കുകയും ചെയ്യാനുതകുന്ന പദ്ധതി ആണിത്. കോവിഡ് മഹാമാരിയുടെ ആഘാതത്തില്‍ നിന്നുംമോചിതമായി കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയ്ക്ക് പുത്തന്‍ ഉണര്‍വേകാനും ഈ പദ്ധതിക്ക് കഴിയും.

കേവലം റോഡ് ഗതാഗത സൗകര്യത്തിന്‍റെ വികസനത്തിലൂടെ ഇതിനെ മറികടക്കുകയെന്നതും സാധിക്കുന്ന കാര്യമല്ല. റോഡ് ഗതാഗതത്തിലൂടെ വാഹനങ്ങള്‍ പുറംതള്ളുന്ന കാര്‍ബണ്‍ വാതകങ്ങളെക്കുറച്ച് ആഗോളാടിസ്ഥാനത്തില്‍ തന്നെ വലിയ ചര്‍ച്ചകളാണ് നടന്നുവരുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ റെയില്‍ യാത്ര സംവിധാനം തന്നെയായിരിക്കും ഭാവിവികസനം കണക്കിലെടുക്കുമ്പോള്‍ കൂടുതല്‍ ഗുണകരമായി മാറുക. കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാനും കോടിക്കണക്കിനു രൂപയുടെ ഫോസില്‍ ഇന്ധനം ലാഭിക്കാനും റെയില്‍വേ അടിസ്ഥാനപ്പെടുത്തിയുള്ള പദ്ധതികള്‍ക്ക് സാധിക്കും. ഇതിന്‍റെകൂടി അടിസ്ഥാനത്തിലാണ് സില്‍വര്‍ലൈന്‍ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. തുടക്കം മുതല്‍ തന്നെ ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതിയുടെ നിര്‍വ്വഹണം ആരംഭിച്ചത്.

അതുമാത്രമല്ല, പദ്ധതിക്ക് തത്വത്തിലുള്ള അംഗീകാരം മുന്‍പുംതന്നെ റെയില്‍വേ നല്‍കിയിട്ടുമുണ്ട്. ഇന്ത്യന്‍ റയില്‍വേ തന്നെ അംഗീകരിക്കുകയും കൂട്ടുസംരഭമെന്ന നിലയില്‍ മുന്നോട്ടുകൊണ്ടു പോകുകയുമാണ് ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാരില്‍ അര്‍പ്പിതമായ ചുമതലകള്‍ കാലതാമസം കൂടാതെ ചെയ്തുതീര്‍ക്കുന്നതിനുള്ള തീവ്രശ്രമവും ജാഗ്രതയുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. എന്നാല്‍ രാഷ്ട്രീയമായി എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള വിദ്വേഷം കാരണം സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായി നീങ്ങുകയാണ് കേരളത്തിലെ കോണ്‍ഗ്രസും ബിജെപിയും ചില മതരാഷ്ട്ര വാദികളും. മറ്റെല്ലാ രംഗത്തെന്ന പോലെ എല്‍ഡിഎഫിനെതിരെ ഇവര്‍യോജിച്ച് നില്‍ക്കുകയാണ്. അതിലൂടെ കേരളവികസനത്തെ തകര്‍ക്കാനും എല്‍ഡിഎഫിനെ പ്രതികൂട്ടിലാക്കാനുമുള്ള സമീപനമാണ് ഇവര്‍ സ്വീകരിക്കുന്നത്.

കേന്ദ്ര ഭരണത്തെ അതിനുള്ള ആയുദ്ധമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കേരളത്തിനും ഇന്ത്യയ്ക്കാകെയും ടൂറിസം ഉള്‍പ്പെടെ മേഖലകളില്‍ ഊര്‍ജ്ജം പകരാന്‍ ഉതകുന്ന ഈ പദ്ധതി നടപ്പാക്കാന്‍ ബജറ്റില്‍ വിഹിതം നീക്കിവെക്കണമെന്ന് കേരളം യൂണിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്‍റെയും അതുവഴി രാജ്യത്തിന്‍റെയാകെയും വികസനത്തെ താത്കാലികമായ രാഷ്ട്രീയനേട്ടത്തിനുവേണ്ടി തകര്‍ക്കരുതെന്നാണ് കേരള ജനത ആഗ്രഹിക്കുന്നത്. എന്നാല്‍ സില്‍വര്‍ലൈന്‍ പദ്ധതിക്ക് ആവശ്യമായ പണം ബജറ്റ് വിഹിതമായി നീക്കിവെക്കാനുള്ള സാധ്യതയെ പരിഗണിക്കുവാന്‍ കേന്ദ്രം തയ്യാറായില്ല. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള വന്ദേഭാരത് ട്രയിനുകള്‍ കേരളത്തിലെ ട്രാക്കുകളിലൂടെ പ്രഖ്യാപിത വേഗതയില്‍ ഓടിക്കാനാകില്ലെന്നത് വസ്തുതയായി നില്‍ക്കുകയാണ്.

കേരളത്തില്‍ റെയില്‍വികസനത്തിനായുള്ള മൂലധന മുടക്കുകളുടെ പ്രഖ്യാപനങ്ങളൊന്നും ബജറ്റില്‍ ഉണ്ടായിട്ടുമില്ല. ഇന്ത്യ ഒരു ഫെഡറല്‍ ഘടനയുള്ള രാജ്യമാണെന്നും സംസ്ഥാന ഭരിക്കുന്ന പാര്‍ടിയുടെ പേരിനെ അടിസ്ഥാനപ്പെടുത്തിയാകരുത് ബജറ്റ ്വിഹിതത്തിന്‍റെ നീക്കിയിരിപ്പെന്നതും ഇന്ത്യന്‍ ഭരണഘടന തന്നെ വ്യക്തമാക്കിയതാണ്.അടിസ്ഥാന സൗകര്യവികസനത്തിനായി സില്‍വര്‍ലൈന്‍ പ്രൊജക്റ്റ് വഴി നിക്ഷേപിക്കപ്പെടുന്ന ഓരോ രൂപയും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വ്വ് പകരും എന്ന് മാത്രമല്ല, കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവും ആയ ഈ പദ്ധതി ഭാവിയിലേക്കുള്ള വിശാലമായ സാധ്യതകള്‍ തുറക്കുമെന്നതും നിസ്തര്‍ക്കമായ കാര്യമാണ്.

ഇത് പരിഗണിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. എന്നാല്‍, 2022-23 വര്‍ഷത്തെ യൂണിയന്‍ ബജറ്റിലും ഈ പദ്ധതിക്കുള്ള വിഹിതം ബജറ്റില്‍ വകയിരുത്താന്‍ യൂണിയന്‍ സര്‍ക്കാര്‍ തയ്യാറായില്ല. മൂലധന ചെലവുകള്‍ കൂട്ടി സമ്പദ് വ്യവസ്ഥയ്ക് ഉണര്‍വ്വ് പകരാന്‍ ശ്രമിക്കുകയാണ് തങ്ങളെന്ന അവകാശവാദത്തിന്‍റെ പൊള്ളത്തരംകൂടി ഇതില്‍നിന്നും വ്യക്തമാകുന്നുണ്ട്. സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്ര വിഹിതം അനുവദിക്കാത്തതില്‍ സിപിഐ എം സംസ്ഥാന സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തുന്നു. കെറെയില്‍ പദ്ധതിക്ക് വിഹിതം അനുവദിച്ച് കേരളജനതയോട് നീതിയുക്തമായി ഇടപെടണമെന്നു കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാന സമ്മേളനം ആവശ്യപ്പെടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button