KeralaLatest NewsIndiaNewsInternational

അതിന് കാരണം ഇന്ത്യ എന്ന ലേബൽ, മറ്റേത് രാജ്യത്തിൻ്റെ ഫ്ളാഗ് കാണിച്ചാലും കിട്ടാത്ത സുരക്ഷിതത്വം: അഞ്‍ജു പാർവതി എഴുതുന്നു

അഞ്‍ജു പാർവതി പ്രഭീഷ്

ഓപ്പറേഷൻ ഗംഗയെ ഇകഴ്ത്തി ഒരുപാട് നരേഷൻസ് കാണുന്നു. അതിൽ പ്രധാനമായും കേൾക്കുന്ന ആക്ഷേപം ഉക്രൈനിൽ ഇന്ത്യ നേരിട്ട് റെസ്ക്യൂ ഓപ്പറേഷനുകൾ നടത്തിയില്ല എന്നും കുട്ടികൾ റിസ്ക് എടുത്ത് കിലോമീറ്ററുകൾ താണ്ടി അടുത്തുള്ള രാജ്യങ്ങളിലെ ബോർഡറുകളിൽ എത്തുകയും അവിടെ നിന്നും മാത്രം ഒഴിപ്പിക്കൽ ഇന്ത്യ നടത്തി എന്നുമാണ്. പിന്നെ എന്താണ് ഇന്ത്യ ചെയ്യേണ്ടിയിരുന്നത്? രണ്ട് രാജ്യങ്ങൾ തമ്മിൽ യുദ്ധം (കര മാർഗ്ഗവും വ്യോമ മാർഗ്ഗവും) നടക്കുമ്പോൾ അധിനിവേശം നടക്കുന്ന രാജ്യത്ത് ചെന്ന് സ്വന്തം പൗരൻമാരെ രക്ഷിക്കാൻ ഇന്ത്യ എന്നല്ല ലോകത്തെ ഒരു രാജ്യത്തിനും കഴിയില്ല. ആകെ കഴിയുക അധിനിവേശം നടത്തുന്ന രാജ്യത്തെ വെറുപ്പിക്കാതെ, അവരുടെ ആക്രമണത്തെ അപലപിക്കാതെ കഴിയുന്നതും അവരോട് സംസാരിച്ചു തങ്ങളുടെ പൗരന്മാരുടെ ജീവനു സംരക്ഷണം നൽകി അധിനിവേശ മേഖലകളിൽ നിന്നും പുറത്തു കടത്തി ഒഴിപ്പിക്കുക എന്നത് മാത്രമാണ്. ഉക്രൈനിൽ അത് നൂറ്റിയൊന്ന് ശതമാനം പെർഫെക്ഷനോടെ നമ്മുടെ രാജ്യം ചെയ്തു. റഷ്യയുടെ ഭരണാധികാരിയോടു സംസാരിച്ചു, നമ്മുടെ രാജ്യത്തിൻ്റെ പ്രധാനമന്ത്രി ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ബോർഡറുകളിൽ എത്തിക്കാൻ വേണ്ട നടപടി സ്വീകരിച്ചു. നാല് ബോർഡറുകളിൽ നാല് കേന്ദ്രമന്ത്രിമാരെ ചുമതലപ്പെടുത്തി. അവിടെ എത്തുന്ന മെഡിക്കൽ വിദ്യാർഥികൾ അടക്കമുള്ളവരെ വിമാനമാർഗ്ഗം നാട്ടിലെത്തിക്കുന്നു. ഇതിൽ എന്താണ് ആക്ഷേപിക്കാൻ തക്കതായിട്ടുള്ളത്?

Also Read:ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരായ പീഡന ആരോപണം: യുവതികള്‍ പരാതി നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് പൊലീസ്

ഇത് പോലുള്ള രക്ഷാദൗത്യങ്ങൾ ഇന്ത്യ എന്ന മഹത്തായ നമ്മുടെ രാജ്യത്തിന് പുതുമയല്ല. കുവൈറ്റ് യുദ്ധവേളയിൽ ഇന്ത്യക്കാരായ ഒരു ലക്ഷത്തി എഴുപത്തിരണ്ടായിരം അഭയാര്‍ത്ഥികളെ വിമാനം വഴി ജന്മനാട്ടിലെത്തിച്ച എയര്‍ ഇന്ത്യ ചരിത്രത്തില്‍ സ്ഥാനം നേടി. 59 ദിവസം കൊണ്ട് 488 തവണ പറന്നായിരുന്നു ഇതു സാധിച്ചത്. ലോക ചരിത്രത്തില്‍ ഇത്രയും വലിയ ഒഴിപ്പിക്കല്‍ മുന്‍പൊരിക്കലും നടന്നിട്ടില്ല. ഓരോ വിമാനത്തിലും 300 പേരെ വീതം കയറ്റി ദിനംപ്രതി പത്തു തവണയാണ് അമ്മാനിലെ ക്യൂന്‍ അലിയ അന്തര്‍ദേശിയ വിമാനത്താവളത്തില്‍ നിന്നും മുംബൈയിലേക്കു വിമാനങ്ങള്‍ പറന്നുയര്‍ന്നത്. പക്ഷേ ഇന്ന് ഓപ്പറേഷൻ ഗംഗയെ ഇകഴ്ത്തി പറയുന്നവർ ഒന്നോർക്കുക. അന്നും ഇന്ത്യ കുവൈറ്റിൽ കടന്നല്ല ഇന്ത്യക്കാരെ ഒഴിപ്പിച്ച് നാട്ടിൽ കൊണ്ട് വന്നത്. കുവെത്തില്‍ നിന്നും ജോര്‍ദ്ദാനിലേക്കു ഹൈവേ-80 വഴി പോകാമായിരുന്നെങ്കിലും ഈ റോഡ് യുദ്ധഭൂമിയായി മാറിയിരുന്നതുകൊണ്ട് 2000കിലോമീറ്റർ താണ്ടി ബാഗ്ദാദ് വഴിയാണ് ജോർദാനിലെ അമ്മാനിൽ എത്തിയത്. കുവൈത്തിൽനിന്നു ബഗ്ദാദ് വഴി ജോർദാൻ അതിർത്തിയിലേക്ക് ഇറാഖ് സർക്കാർ ബസ് സർവീസ് ഏർപ്പെടുത്തി.

മറ്റൊന്ന് കൂടിയുണ്ട്. കുവൈറ്റ് യുദ്ധവേളയിൽ ഇന്ത്യൻ ഒഴിപ്പിക്കൽ നമ്മൾ നടത്തുമ്പോൾ അവിടെ യുദ്ധ സാഹചര്യം ഇല്ലായിരുന്നു. ഇറാഖ് കുവൈറ്റിനെ വെറും രണ്ടു ദിവസം കൊണ്ട് ആക്രമിച്ചു തങ്ങളുടെ പ്രവിശ്യ മാത്രമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ന് നമ്മൾ റഷ്യയോടും ഉക്രൈനോടും ബന്ധം സൂക്ഷിക്കുന്നത് പോലെ അന്നു ഇറാഖും കുവൈത്തുമായും നല്ല ബന്ധം കാത്തു സൂക്ഷിക്കാന്‍ ഇന്ത്യ പ്രത്യേകം ശ്രദ്ധിച്ചു. യുദ്ധ സാഹചര്യം നിലവിൽ ഇല്ലാതിരുന്ന സമയത്തു പോലും നമുക്ക് കുവൈറ്റിൽ നിന്നും നേരിട്ട് രക്ഷാദൗത്യം നടത്താൻ കഴിഞ്ഞിരുന്നില്ല എങ്കിൽ ഇന്ന് രൂക്ഷമായ യുദ്ധം നടക്കുന്ന വേളയിൽ ഉക്രൈനിൽ നിന്നും നേരിട്ട് ഇന്ത്യക്ക് ഒഴിപ്പിക്കൽ അല്ലെങ്കിൽ എയർ ലൈറ്റിംഗ് നടത്താൻ സാധിക്കുന്നത് എങ്ങനെ?

Also Read:‘റഷ്യയിലുള്ള ആരെങ്കിലും പുടിനെ കൊല്ലണം, എല്ലാത്തിനും പരിഹാരമായി’: ആഹ്വാനവുമായി യുഎസ് സെനറ്റർ

സിവിക് സെൻസ് ഉള്ള ഏതൊരു പൗരനും നിലവിൽ ചെയ്യേണ്ടത് ഇത്രമാത്രം. നമ്മുടെ സഹോദരങ്ങളും കുട്ടികളും യുദ്ധ മേഖലയിൽ നിന്നും സുരക്ഷിതരായി വീടണയുന്നതിനായി പ്രാർത്ഥിക്കുക. അവർക്ക് അതിന് കഴിയുന്നത് ഇന്ത്യ എന്ന ഒരൊറ്റ ലേബൽ കൊണ്ടാണ്. ഇന്ത്യൻ എന്ന നാഷണാലിറ്റി വെറും ഒരു വാക്ക് അല്ല. മറിച്ച്, ലോകരാജ്യങ്ങൾക്കിടയിൽ വലിയ സ്ഥാനം വഹിക്കുന്ന ഒന്നായതിനാലാണ്. രാഷ്ട്രീയമല്ല ഇവിടെ നോക്കേണ്ടത്. യുദ്ധ സാഹചര്യങ്ങളിൽ രക്ഷാ ദൗത്യം ഒരുക്കുക എന്നത് കളക്ടീവ് ആയ ഒരു എഫേർട്ട് ആണ്. ഭരിക്കുന്നവർ മാത്രമല്ല പ്രതിപക്ഷവും എല്ലാ സിസ്റ്റംസും ഒരുമിച്ചു കൈ കോർത്ത് നടത്തേണ്ട ശ്രമകരമായ ദൗത്യം. ഇത്തരം ദൗത്യങ്ങളെ പുകഴ്ത്തി പാടിയില്ലെങ്കിലും ഇകഴ്ത്താതെ ഇരിക്കുക എന്നത് മിനിമം സെൻസ് ഉളളവർ പാലിക്കേണ്ട മര്യാദയാണ്. കുവൈറ്റിൽ നടന്നതു പോലെയോ ലിബിയയിൽ നടന്നതു പോലെയോ ഒക്കെയുള്ള ശ്രമകരമായ ദൗത്യമാണ് ഓപ്പറേഷൻ ഗംഗ. ഒരുപക്ഷേ നാളത്തെ ചരിത്രം പറഞ്ഞേക്കാം മറ്റേത് രാജ്യം നടത്തിയതിനേക്കാൾ മികച്ച ഒഴിപ്പിക്കൽ ആയിരുന്നു നമ്മൾ ഉക്രൈനിൽ നടത്തിയത് എന്ന്. മറ്റേത് രാജ്യത്തിൻ്റെ ഫ്ളാഗ് കാണിച്ചാലും കിട്ടാത്ത സുരക്ഷിതം നമ്മുടെ മൂവർണ്ണ പതാകയ്ക്ക് ഉണ്ടെന്ന്!

shortlink

Related Articles

Post Your Comments

Related Articles


Back to top button