Latest NewsNewsInternational

പാകിസ്ഥാനിൽ പതിനായിരത്തോളം സ്‌കൂളുകളിൽ കുട്ടികളില്ല, പണിയെടുക്കാതെ ശമ്പളം പറ്റുന്ന അധ്യാപകർ:ഇമ്രാൻ സർക്കാരിന് നാണക്കേട്

പ്രേതാലയമായി പാകിസ്ഥാനിലെ സ്‌കൂളുകൾ: ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

പാകിസ്ഥാൻ: സിന്ധ് പ്രവിശ്യയിലെ 11,000 സ്‌കൂളുകളിൽ പഠിക്കാൻ വിദ്യാർത്ഥികൾ ഇല്ലെന്ന് റിപ്പോർട്ട്. ദി എക്സ്പ്രസ് ട്രിബ്യൂൺ ദിനപത്രമാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. പഠിക്കാൻ കുട്ടികളാരും എത്തുന്നില്ലെങ്കിലും, ഇവിടെ അധ്യാപകർ ഇപ്പോഴും ഉണ്ട്. പതിനായിരത്തിലധികം അധ്യാപകർ പണിയെടുക്കാതെ വെറുതെ ശമ്പളം വാങ്ങുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

വിദ്യാർത്ഥികളാരും ഈ സ്കൂളുകളിലേക്ക് വരാത്തതിനാൽ സ്വാധീനമുള്ള ആളുകൾ, ഈ സ്കൂളുകളെ അവരുടെ ഗസ്റ്റ് ഹൗസുകളായി ഉപയോഗിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. സർക്കാരിന്റെ കഴിവുകേടായിട്ടാണ് പ്രതിപക്ഷം ഇതിനെ കാണുന്നത്. ഗ്രാമീണ മേഖലയായ സിന്ധിൽ നിരവധി സ്‌കൂളുകൾ ഉണ്ടെങ്കിലും, ആരും ഇവിടങ്ങളിൽ പഠിക്കാൻ എത്തുന്നില്ല എന്നാണ് ട്രിബ്യൂണിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

Also Read:ശത്രുവര്‍ഗത്തിന്റെ കടന്നാക്രമണങ്ങളെ ചെറുത്തുതോല്‍പ്പിക്കാൻ കോടിയേരി തന്നെ വേണം: മൂന്നാമതും ജനറൽ സെക്രട്ടറി

അതുമാത്രമല്ല, അടിസ്ഥാന സൗകര്യങ്ങളില്ലാത്ത നിരവധി സ്‌കൂളുകളും ഇവിടെയുണ്ട്. കുടിവെള്ളം, ടോയ്‌ലറ്റ്, കളിസ്ഥലം, അതിർ ഭിത്തി തുടങ്ങിയ മതിയായ സൗകര്യങ്ങൾ ഒന്നും തന്നെ വലിയൊരു വിഭാഗം സ്‌കൂളുകളിലും ഇല്ല. വളർന്നു വരുന്ന തലമുറ വിദ്യാഭ്യാസമില്ലാത്തവരായി മാറുമെന്നതിന്റെ ഏറ്റവും പുതിയ കാഴ്ചയാണ് ഇതെന്നാണ് സൂചന. മികച്ച ശമ്പളം വാഗ്‌ദാനം ചെയ്‌ത്, എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി സർക്കാർ സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ നോക്കണമെന്ന് വിമർശകർ സർക്കാരിനോട് ആവശ്യപ്പെട്ടു. ലോകത്തിലെ വികസിത രാജ്യങ്ങളിൽ ലഭ്യമായ ഹൈടെക് സൗകര്യങ്ങൾ നൽകിയില്ലെങ്കിലും, കുറഞ്ഞത് അടിസ്ഥാന സൗകര്യങ്ങളെങ്കിലും നൽകണം എന്നാണ് ഉയരുന്ന ആവശ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button