Latest NewsNewsIndiaEuropeInternational

വീട്ടുടമ യുദ്ധത്തിൽ ചേരുമ്പോൾ ഉടമയുടെ കുട്ടികളെ പരിപാലിക്കും: ഉക്രൈൻ വിടാൻ വിസമ്മതിച്ച് ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥിനി

കീവ്: യുദ്ധക്കെടുതിക്കിടെ രാജ്യം വിടാൻ അവസരം ലഭിച്ചിട്ടും അതിന് തയ്യാറാകാതെ ഉക്രൈനിൽ മെഡിസിൻ പഠിക്കുന്ന ഹരിയാന സ്വദേശിനിയായ നേഹ എന്ന പെൺകുട്ടി. നേഹ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ റഷ്യയുമായുള്ള യുദ്ധത്തിൽ തന്റെ രാജ്യത്തെ സേവിക്കാൻ സ്വമേധയാ ഉക്രേനിയൻ ആർമിയിൽ ചേർന്നിരുന്നു. ഇതേത്തുടർന്ന് വീട്ടുടമയുടെ മൂന്ന് ചെറിയ കുട്ടികളെ പരിപാലിക്കുന്നതിനായി ഭാര്യയെ സഹായിക്കുന്നതിന് വേണ്ടിയാണ് വിദ്യാർത്ഥിനി ഉക്രൈനിൽ തുടരുന്നത്.

ഹോസ്റ്റൽ സൗകര്യം ലഭിക്കാത്തതിനാൽ നേഹ ഉക്രൈൻ തലസ്ഥാനമായ കീവിൽ ഒരു കൺസ്ട്രക്ഷൻ എൻജിനീയറുടെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു. ‘ഞാൻ ജീവിച്ചാലും ഇല്ലെങ്കിലും, ഈ കുട്ടികളെയും അവരുടെ അമ്മയെയും അത്തരമൊരു സാഹചര്യത്തിൽ തനിച്ച് വിടുകയില്ല’. ഹരിയാനയിലെ ചാർഖി ദാദ്രി ജില്ലയിൽ താമസിക്കുന്ന അധ്യാപികയായ അമ്മയോട് നേഹ പറഞ്ഞു. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ ആർമിയിലായിരുന്ന അച്ഛനെ നേഹയ്ക്ക് നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ വർഷമാണ് പെൺകുട്ടി ഉക്രൈനിലെ ഒരു മെഡിക്കൽ കോളേജിൽ എംബിബിഎസിന് പ്രവേശിച്ചത്.

വീട്ടുടമയുടെ ഭാര്യയ്ക്കും മൂന്ന് കുട്ടികൾക്കുമൊപ്പം ഒരു ബങ്കറിലാണ് നേഹ ഇപ്പോൾ താമസിക്കുന്നത്. പുറത്ത് സ്‌ഫോടനങ്ങൾ കേൾക്കുന്നുണ്ടെന്നും ഇതുവരെ, തങ്ങൾ സുഖമായിരിക്കുകയാണെന്നും അവൾ ഒരു ബന്ധുവിനെ അറിയിച്ചിരുന്നു.

‘യുദ്ധം ആസന്നമാണെന്ന് തോന്നിയതിനാൽ രാജ്യം വിടാൻ നേഹയ്ക്ക് ഉപദേശം ലഭിച്ചിരുന്നു. മകളെ ഒഴിപ്പിക്കാൻ നേഹയുടെ അമ്മ തീവ്രശ്രമം നടത്തി. നേഹയ്ക്ക് റൊമാനിയയിലേക്ക് കടക്കാൻ അവസരം ലഭിക്കുകയും ചെയ്തു. എന്നാൽ, ഈ നിർണായക ഘട്ടത്തിൽ വീട്ടുടമയുടെ കുടുംബത്തെ ഉപേക്ഷിക്കാൻ അവൾ വിസമ്മതിക്കുകയായിരുന്നു’, നേഹയുടെ അമ്മയുടെ അടുത്ത സുഹൃത്തായ സവിത ജാഖർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button