കീവ്: യുക്രൈന് തലസ്ഥാനമായ കീവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എംബസി അടച്ചതായി റിപ്പോര്‍ട്ട്. എംബസി ഉദ്യോഗസ്ഥര്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലേക്കു നീങ്ങുകയാണെന്നാണ് പുറത്തുവരുന്ന വിവരം. കീവില്‍ റഷ്യന്‍ സൈന്യത്തിന്റെ അധിനിവേശം രൂക്ഷമായ സാഹചര്യത്തിലാണ് എംബസി അടച്ചത്. കീവിലുള്ള ഇന്ത്യക്കാർ പൂർണമായി നഗരം വിട്ടെന്ന് ഉറപ്പുവരുത്തിയശേഷമാണ് എംബസി അടച്ചതെന്നാണ് റിപ്പോർട്ട്.
എംബസി താൽക്കാലികമായി ലിവീവിലേക്ക് മാറ്റാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. നിലവിൽ, സംഘർഷം അതിരൂക്ഷമായി തുടരുന്ന ഖാർകീവിലെ ഒഴിപ്പിക്കൽ നടപടികൾക്കാണ് കൂടുതൽ ശ്രദ്ധ. യുക്രെയ്നിൽ നിന്ന് 60 ശതമാനത്തോളം ഇന്ത്യക്കാർ മടങ്ങിയതായി കേന്ദ്രം അറിയിച്ചിരുന്നു. ബാക്കിയുള്ള പൗരന്മാരെ വരും ദിവസങ്ങളിൽ മാതൃ രാജ്യത്തേയ്ക്ക് തിരികെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്ത്യൻ വ്യോമസേന റൊമേനിയയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു.
അതേസമയം, യുക്രെയ്നിൽ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി മാൾഡോവ അതിർത്തി തുറന്നതായി കേന്ദ്രവ്യോമയാനമന്ത്രി ജോതിരാദിത്യ സിന്ധ്യ അറിയിച്ചു. ഇന്ത്യക്കാർക്കായുള്ള ഭക്ഷണവും താമസ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയിലേക്ക് വിമാനം കയറുന്നതിനായി ബുക്കാറെസ്റ്റിലേക്കുള്ള യാത്രയ്ക്കായി ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ഇന്നലെ അർദ്ധരാത്രിയോടെ ബുക്കാറെസ്റ്റിൽ എത്തിയ സിന്ധ്യ, വിമാനത്താവളത്തിൽ വെച്ചുതന്നെ ഒഴിപ്പിക്കൽ നടപടികൾ ചർച്ച ചെയ്യാൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിന് ശേഷം ഇന്ത്യയിലേക്ക് വിമാനം കയറുന്നതിനായി വിമാനത്താവളത്തിൽ എത്തിയ വിദ്യാർത്ഥികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. എത്രയും വേഗം എല്ലാവരെയും രാജ്യത്ത് സുരക്ഷിതരായി തിരിച്ചെത്തിക്കുമെന്ന് സിന്ധ്യ വിദ്യാർത്ഥികൾക്ക് ഉറപ്പു നൽകി. ഇതിന് ശേഷം റൊമാനിയ, മാൾഡോവ എന്നിവിടങ്ങളിലെ സ്ഥാനപതിയായ രാഹുൽ ശ്രീവാസ്തവയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
Post Your Comments