ദില്ലി: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, ഈ മാസം നടക്കാനിരുന്ന ഇന്ത്യ-ബെലാറസ് സൗഹൃദ ഫുട്ബോള്‍ മത്സരം ഉപേക്ഷിച്ചു. ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ നിന്ന് ഫിഫയും വനിതാ യൂറോ കപ്പില്‍ നിന്ന് യുവേഫയും റഷ്യയെ വിലക്കിയതിന് പിന്നാലെയാണ് ഇന്ത്യ-ബെലാറസ് മത്സരം ഉപേക്ഷിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ, ആദ്യമായിട്ടായിരുന്നു ഇന്ത്യക്ക് ഒരു യൂറോപ്യന്‍ രാജ്യവുമായി സൗഹൃദ മത്സരം കളിക്കാന്‍ അവസരം ലഭിച്ചത്.
ബെലാറസുമായുള്ള സൗഹൃദ മത്സരം റദ്ദാക്കിയതോടെ ബഹ്റിനുമായി രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കാന്‍ ഇന്ത്യ ശ്രമിക്കുമെന്ന് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് സെക്രട്ടറി കുശാല്‍ ദാസ് പറഞ്ഞു. മാര്‍ച്ച് 23നാണ് ബഹ്റിനുമായി ഇന്ത്യ സൗഹൃദ മത്സരം കളിക്കുന്നത്. മാര്‍ച്ച് 26നായിരുന്നു ബെലാറസിനെതിരായ സൗഹൃദ മത്സരം കളിക്കേണ്ടിയിരുന്നത്.
Read Also:-രഞ്ജി ട്രോഫിയിൽ ശ്രീശാന്തിന് ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാവും
ഫിഫ റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ മുന്നിലുള്ള രാജ്യമാണ് ബെലാറസ്. ഫിഫ റാങ്കിംഗില്‍ ഇന്ത്യ 104-ാം സ്ഥാനത്തും ബെലാറസ് 94-ാം സ്ഥാനത്തുമാണ്. ബഹ്റിനെയും ബെലാറസിനെയും തോല്‍പ്പിച്ചാല്‍ ഈ മാസം അവസാനം ഇറങ്ങുന്ന ഫിഫ റാങ്കിംഗിലും ഇന്ത്യക്ക് മുന്നേറ്റം നടത്താനാവുമായിരുന്നു. ബഹ്റിനിലെ മനാമയിലാണ് മത്സരങ്ങള്‍ നടക്കുക.
Post Your Comments