കീവ്: യുക്രൈൻ അധിനിവേശം തുടങ്ങിയതിന് പിന്നാലെ, റഷ്യക്ക് മേൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചുവെങ്കിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് മുന്നിലുള്ള വലിയ പ്രതിസന്ധി ഇന്ധനമാണ്. പ്രകൃതി വാതകത്തിനും എണ്ണയ്ക്കും റഷ്യയെയാണ് യൂറോപ്യൻ രാജ്യങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത്. റഷ്യയ്ക്ക് പകരം, ആഫ്രിക്കയിൽ നിന്ന് ഇന്ധനമെത്തിക്കാൻ പറ്റുമോയെന്ന സാധ്യത പരിശോധിക്കുകയാണിപ്പോൾ രാജ്യങ്ങൾ.
യൂറോപ്യൻ രാജ്യങ്ങൾക്ക് ആവശ്യമായ പ്രകൃതി വാതകത്തിന്റെ 40 ശതമാനത്തോളം വരുന്നത് റഷ്യയിൽ നിന്നാണ്. അതിൽ തന്നെ എറ്റവും കൂടുതൽ വാങ്ങുന്നത് ജർമ്മനിയും. വലിയ ഊർജ്ജ പ്രതിസന്ധിയിലേക്ക് യൂറോപ്പ് നീങ്ങുമെന്ന ആശങ്കക്കിടെ ബദൽ സാധ്യതകൾ തേടുകയാണ് രാജ്യങ്ങൾ. യുക്രൈൻ പ്രതിസന്ധി തുടങ്ങിയ ശേഷം അറുപത് ശതമാനത്തോളമാണ് പ്രകൃതിവാതക വില കൂടിയത്. പ്രതിസന്ധികാലം കഴിഞ്ഞാലും റഷ്യക്കപ്പുറമുള്ള ഊർജ്ജ സാധ്യതകളെപ്പറ്റി ഗൗരവമായി ആലോചിച്ച് തുടങ്ങേണ്ടിയിരിക്കുന്നു യൂറോപ്പ്.
ആഫ്രിക്കയാണ് പ്രതീക്ഷയുടെ ഒരു തുരുത്ത്. പ്രകൃതി വാതക നിക്ഷേപം ധാരാളമുള്ള ടാൻസാനിയയും, നൈജീരിയയുമെല്ലാം യൂറോപ്പ്യൻ വിപണിയിൽ കണ്ണുവയ്ക്കുന്നു. എന്നാൽ, ഭൗതിക സാഹചര്യങ്ങളുടെ കുറവ് വെല്ലുവിളിയാണ്. അൽജീരിയ വരെ നീളുന്ന വമ്പൻ പൈപ്പ്ലൈൻ പദ്ധതി നൈജീരിയ സ്വപ്നം കാണുന്നു. എന്നാൽ, 1970കൾ മുതൽ പറഞ്ഞ് കേൾക്കുന്ന പദ്ധതി എന്ന് യാഥാർത്ഥ്യമാക്കാനാകും എന്നതാണ് ചോദ്യം.
Post Your Comments