തിരുവനന്തപുരം : ദമ്പതികളെ ആക്രമിച്ചതിന് തിരുവല്ലം പൊലീസിന്റെ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പ്രാഥമിക റിപ്പോർട്ട്. മരിച്ച സുരേഷ്കുമാറിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ മരണകാരണം ഹൃദയാഘാതം മൂലമാണെന്ന പ്രാഥമിക നിഗമനത്തിലാണെത്തിയത്.
ഇക്കാര്യം ആശുപത്രിയിൽ നിന്നും തിരുവല്ലം പൊലീസിനെ അറിയിച്ചു. എന്നാൽ, പൊലീസ് മർദനം മൂലമാണ് മരണമെന്ന ആക്ഷേപം നിലനിൽക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ മരണകാരണം ഉറപ്പിക്കാനാകൂവെന്നാണ് ഡോക്ടർമാർ പറയുന്നത്.
അതേസമയം, കസ്റ്റഡിയിലുള്ളയാൾ മരിച്ച സംഭവം ജില്ല ക്രൈംബ്രാഞ്ച് അന്വേഷിക്കും. അസി.കമീഷണർ ബി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. സുരേഷ്കുമാറിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകൾ ഉണ്ടായിരുന്നില്ലെന്നാണ് ഇൻക്വസ്റ്റിൽ വ്യക്തമാക്കുന്നതെന്ന് അന്വേഷണ സംഘം പറഞ്ഞു.
Post Your Comments