Latest NewsNewsInternational

ഇന്ത്യയുടെ പിന്തുണ തേടി യുക്രെയ്ന്‍  : യുഎന്നില്‍ പിന്തുണ വേണമെന്ന് അഭ്യര്‍ത്ഥന 

കീവ്: റഷ്യ-യുക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍, യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി. യുക്രെയ്നിലെ നിലവിലെ സ്ഥിതി സെലന്‍സ്‌കി നരേന്ദ്ര മോദിയോട് വിശദീകരിച്ചു. യുക്രെയ്നില്‍ റഷ്യ നടത്തുന്ന അധിനിവേശത്തില്‍ രാഷ്ട്രീയ പിന്തുണ വേണമെന്ന് സെലന്‍സ്‌കി മോദിയോട് അഭ്യര്‍ത്ഥിച്ചുവെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടിട്ടുണ്ട്.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് യുക്രെയ്നിലെ സ്ഥിതിഗതികള്‍ അദ്ദേഹം വിശദീകരിച്ചു. റഷ്യയുടെ അധിനിവേശത്തെ കുറിച്ചും ആക്രമണം ചെറുക്കാന്‍ യുക്രെയ്ന്‍ നടത്തുന്ന പ്രതിരോധത്തെ കുറിച്ചും സംസാരിച്ചു. ലക്ഷക്കണക്കിന് റഷ്യന്‍ അധിനിവേശക്കാരാണ് യുക്രെയ്നിലുള്ളത്. രാജ്യത്തെ ഒന്നാകെ ഇവര്‍ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ജനവാസ മേഖലകളിലും റഷ്യയുടെ ആക്രമണം തുടരുകയാണ്. ഐക്യരാഷ്ട്ര സഭയിലും ഇന്ത്യയുടെ പിന്തുണ വേണമെന്ന് ആവശ്യപ്പെട്ടു’ സെലന്‍സ്‌കി ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍, യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യയും അറിയിച്ചിട്ടുണ്ട് . യുക്രൈനില്‍ നിലനില്‍ക്കുന്ന യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ഇന്ത്യക്ക് ധാരണയുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേക നയതന്ത്രപരമായ ബന്ധം മുന്‍നിര്‍ത്തിക്കൊണ്ട് തുടര്‍ന്നും ഇന്ത്യയുടെ പിന്തുണ തേടുകയാണെന്നും റഷ്യ വ്യക്തമാക്കിയിരുന്നു.

അതേസമയം, റഷ്യ-യുക്രെയ്ന്‍ രാഷ്ട്രതലവന്മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. യുക്രെയ്നിലുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യയുടെ ആഴത്തിലുള്ള ആശങ്കയും പ്രധാനമന്ത്രി മോദി ഇരു നേതാക്കളേയും അറിയിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button