ന്യൂഡല്‍ഹി: ഉക്രെയ്ന് രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഞായറാഴ്ച പുലര്‍ച്ചെ 2.45 ഓടെ ഡല്‍ഹിയിലെത്തി. റൊമാനിയയിലെ ബുക്കാറസ്റ്റിൽനിന്നാണ് 250 യാത്രികരുമായി വിമാനം എത്തിയത്. ഇതില്‍ 29 മലയാളികളുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും ചേര്‍ന്നാണ് രണ്ടാം വിമാനത്തില്‍ എത്തിയവരെ സ്വീകരിച്ചത്. യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ശനിയാഴ്ച രാത്രിയോടെ മുംബൈയിലെത്തിയിരുന്നു. ഇതില്‍ 27 മലയാളികള്‍ ഉള്‍പ്പടെ 219 പേരാണ് ഉണ്ടായിരുന്നത്.
ഉക്രെയ്ന് രക്ഷാ ദൗത്യത്തിന് ഓപ്പറേഷന് ഗംഗ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പേരിട്ടിരിക്കുന്നത്. ദൗത്യത്തിന്റെ ഭാഗമായി മൂന്നാമത്തെ വിമാനം 240 പൗരന്മാരുമായി ഡൽഹിയിലേക്ക് യാത്രതിരിച്ചു. ഞായറാഴ്ച അതിരാവിലെ ഹംഗറിയിലെ ബുക്കാറസ്റ്റിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. യുദ്ധഭൂമിയിൽ നിന്നും ഇതുവരെ 469 ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അതേസമയം, എംബസി ഉദ്യോഗസ്ഥരെ അറിയിക്കാതെയോ സർക്കാർ നിർദ്ദേശമില്ലാതെയോ അതിർത്തി ചെക്ക് പോസ്റ്റുകളിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികൾ പോകരുതെന്ന് കീവിലെ ഇന്ത്യൻ എംബസി വീണ്ടും മുന്നറിയിപ്പ് നൽകി.
ഉക്രെയ്നിലെ വിവിധ അതിർത്തി ചെക്ക് പോസ്റ്റുകളിലെ സ്ഥിതിഗതികൾ പ്രവചനാതീതമാണെന്ന് പൗരന്മാർക്ക് നൽകിയ നിർദേശത്തിൽ എംബസി ഊന്നിപ്പറയുന്നു. നിലവിൽ, ഉക്രൈന്റെ സമീപ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുമായി സഹകരിച്ചാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. അതുകൊണ്ട് തന്നെ എംബസിയുമായോ ഇന്ത്യൻ ഉദ്യോഗസ്ഥരുമായോ മുൻകൂട്ടി ബന്ധപ്പെടാതെ അതിർത്തികളിൽ എത്തുന്നവരെ രക്ഷപ്പെടുത്തുന്നത് ശ്രമകരമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
Post Your Comments