ന്യൂഡല്‍ഹി: യുഎന്നില്‍ ഇന്ത്യയുടെ നിലപാടിനെ സ്വാഗതം ചെയ്ത് റഷ്യ. യുഎന്നില്‍ ഇന്ത്യ നിഷ്പക്ഷ നിലപാടെടുത്തതിനെ അഭിനന്ദിക്കുന്നുവെന്ന് ഇന്ത്യയിലെ റഷ്യന്‍ എംബസ്സി ട്വീറ്റ് ചെയ്തു. ഫെബ്രുവരി 25 ന് യുഎൻ സുരക്ഷാ കൗൺസിലിൽ നടന്ന വോട്ടെടുപ്പിൽ ഇന്ത്യ സ്വീകരിച്ച സ്വതന്ത്രവും സന്തുലിതവുമായ നിലപാടിനെ വളരെയധികം അഭിനന്ദിക്കുന്നു. ഇന്ത്യയുമായി പ്രത്യേകവും തന്ത്രപരവുമായ പങ്കാളിത്തം ഉള്ളതിനാൽ, രാജ്യവുമായി ഉക്രെയ്ൻ വിഷയങ്ങൾ ചർച്ച ചെയ്യാൻ റഷ്യ പ്രതിജ്ഞാബദ്ധരാണെന്ന് റഷ്യൻ എംബസ്സി അറിയിച്ചു.
ഉക്രെയ്ൻ- റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ വിചാരിച്ചാൽ സാധിക്കും എന്നാണ് ലോക നേതാക്കൾ ഉൾപ്പെടെ പറയുന്നത്. തങ്ങളെ രക്ഷിക്കാൻ റഷ്യയുമായി ചർച്ച നടത്തണമെന്ന് നരേന്ദ്ര മോദിയോട് ഉക്രെയ്ൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മോദി, റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി സംഭാഷണം നടത്തുകയുമുണ്ടായി. ഇനിയും ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്നാണ് റഷ്യ ഇപ്പോൾ വ്യക്തമാക്കുന്നത്.
അതേസമയം, ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി. യുഎന്‍ രക്ഷാ സമിതിയില്‍ ഇന്ത്യയുടെ രാഷ്ട്രീയ പിന്തുണ വേണമെന്നും സെലന്‍സ്കി അഭ്യർത്ഥിച്ചു. ഒന്നിച്ചുനിന്ന് യുദ്ധം അവസാനിപ്പിക്കണമെന്നും മോദിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ സെലന്‍സ്കി ട്വീറ്റ് ചെയ്തു.
Post Your Comments