തിരുവനന്തപുരം : മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ നടന്ന കൊള്ളയെയും മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അസാധാരണ സാഹചര്യത്തില്‍ നടന്ന അസാധാരണ കൊള്ളയെന്നാണ് ഈ അഴിമതിയെ വിശേഷിപ്പിക്കേണ്ടത്. മുഖ്യമന്ത്രി ഇതിനെ ന്യായീകരിച്ചതിലൂടെ മുഖ്യമന്ത്രിയുടെ അറിവോടെയാണ് കൊള്ള നടന്നതെന്ന് ഇപ്പോള്‍ വ്യക്തമായി.
550 രൂപയുടെ പി.പി.ഇ കിറ്റ് വാങ്ങാന്‍ ഉത്തരവ് നല്‍കിയ അതേദിവസം തന്നെയാണ് ഒരു കമ്പനി പോലുമല്ലാത്തവര്‍ അയച്ചു കൊടുത്ത മെയിലിന്റെ അടിസ്ഥാനത്തില്‍ 1550 രൂപക്ക് ലക്ഷക്കണക്കിന് കിറ്റുകള്‍ വാങ്ങാന്‍ അനുമതി നല്‍കിയത്. ഇത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്.
ഗുണനിലവാരം കുറഞ്ഞ പി.പി.ഇ കിറ്റ് മൂന്നിരട്ടി വിലക്ക് വാങ്ങിയിട്ടാണ് മുഖ്യമന്ത്രി അതിനെ ന്യായീകരിക്കുന്നത്. ഓണ്‍ലൈനിലൂടെ ടെണ്ടര്‍ ക്ഷണിക്കാതെയാണ് 12 രൂപക്ക് മറ്റൊരു കമ്പനിയില്‍ നിന്നും ഒരു കോടി ഗ്ലൗസ് വാങ്ങാന്‍ തീരുമാനിച്ചത്. അവര്‍ 40 ലക്ഷം ഗൗസ് മാത്രം നല്‍കി. അതേത്തുടര്‍ന്ന് ഓണ്‍ലൈനില്‍ പരസ്യം നല്‍കി കേരളത്തില്‍ നിന്നും ഏഴ് രൂപക്ക് ബാക്കി ഗ്ലൗസ് വാങ്ങി. സംസ്ഥാനത്ത് 7 രൂപക്ക് ഗ്ലൗസ് ലഭ്യമായിരിക്കെയാണ് സംസ്ഥാനത്തിന് പുറത്തുള്ള കമ്പനിയില്‍ നിന്നും 12 രൂപക്ക് ഗ്ലൗസ് വാങ്ങിയത്. ഇത് അസാധാരണ സാഹചര്യത്തില്‍ നടന്ന അസാധാരണ കൊള്ളയാണ്. അതിനെയാണ് മുഖ്യമന്ത്രി ന്യായീകരിക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.
Post Your Comments