കീവ്: രണ്ടാം ദിനവും ഉക്രൈന് മേൽ ശക്തമായ ആക്രമണം തുടർന്ന് റഷ്യ. പുലർച്ചെ അഞ്ച് മണിയോടെ കീവിൽ ഉഗ്രസ്ഫോടനശബ്ദം കേട്ടതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. കീവ് നഗരമധ്യത്തിൽത്തന്നെയാണ് സ്ഫോടനശബ്ദം കേട്ടതെന്നാണ് റിപ്പോർട്ടുകൾ. ആറിലധികം സ്ഫോടനങ്ങൾ കീവ് നഗരമധ്യത്തിൽ ഉണ്ടായി എന്നാണ് വിവരങ്ങൾ. രണ്ട് ഉഗ്രസ്ഫോടന ശബ്ദങ്ങൾ നഗരത്തിൽ നിന്ന് കേട്ടതായി സിഎൻഎൻ സംഘം പറയുന്നു. എന്നാൽ ഇതിനെ കുറിച്ച് മറ്റൊരു വാർത്തയും പ്രചരിക്കുന്നുണ്ട്. കീവില്‍ ഒൻപത് നില ഫ്ളാറ്റിന് മുകളിലേക്ക് റഷ്യന്‍ വിമാനം തകര്‍ന്ന് വീണു, ഇതാണ് വൻശബ്‌ദം ഉണ്ടായതെന്നാണ് മറ്റൊരു റിപ്പോർട്ട്.
എന്തായാലും ഒരു സ്ഫോടനം ആകാശത്താണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ. മിസൈലോ വിമാനമോ ഹെലികോപ്റ്ററോ എതിർമിസൈൽ ഉപയോഗിച്ച്, ആക്രമിച്ചതാണെന്നാണ് സൂചന. റഷ്യൻ ക്രൂസ് മിസൈലാക്രമണം പുലർച്ചെ കീവിന് നേരെ ഉണ്ടായെന്നാണ് ഉക്രൈനിയൻ അധികൃതർ വ്യക്തമാക്കുന്നത്. തലസ്ഥാനനഗരമായ കീവ് പിടിച്ചെടുക്കാൻ തന്നെയാണ് റഷ്യയുടെ തീരുമാനം. ആദ്യ ദിനത്തേക്കാൾ കൂടുതൽ ശക്തമായ ആക്രമണമാകും രണ്ടാം ദിനവും ഉണ്ടാകുക എന്ന സൂചനകളാണ് വരുന്നത്.
ഇതിനിടെ, ജനങ്ങളോട് രാജ്യത്തെ സംരക്ഷിക്കാന്‍ ആയുധം കയ്യിലെടുക്കാന്‍ ആഹ്വാനം ചെയ്ത് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി രംഗത്തെത്തി. പതിനെട്ടിനും അറുപതിനുമിടയില്‍ പ്രായമുള്ള പുരുഷന്‍മാര്‍ രാജ്യം വിടരുതെന്നും ഉക്രൈന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. യുദ്ധം രൂക്ഷമായ ഉക്രൈന്‍ നഗരങ്ങളില്‍ നിന്ന് കൂട്ട പലായനം നടക്കുകയാണ്. ഒരുലക്ഷം പേര്‍ പലായനം ചെയ്തതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Post Your Comments