ArticleLatest News

സർവസംഹാരിയായ സാർ ഹൈഡ്രജൻ ബോംബ് : റഷ്യയുടെ അതിശക്തനായ സംരക്ഷകൻ

 

ദാസ് നിഖിൽ എഴുതുന്നു….

ഉക്രൈനിൽ റഷ്യ അധിനിവേശം നടത്തിയ വിഷയം അന്താരാഷ്ട്ര തലത്തിൽ കത്തിനിൽക്കുന്ന അവസരമാണല്ലോ ഇപ്പോൾ. ലോകപോലീസ് എന്നറിയപ്പെടുന്ന അമേരിക്ക പോലും വാക്കുകൾ കൊണ്ട് ആക്രമിക്കുന്നതല്ലാതെ, റഷ്യയെ നേരിടാൻ മടിച്ചു നിൽക്കുകയാണ്. അതിന്റെ ഒരു പ്രധാന കാരണം, റഷ്യയുടെ ആയുധ ശക്തി തന്നെയാണ്. അക്കൂട്ടത്തിലെ രാജാവാണ് സാർ ചക്രവർത്തിയുടെ പേരിലറിയപ്പെടുന്ന ബോംബുകളുടെ ചക്രവർത്തിയായ സാർ ബോംബ് (Tsar Bomba)

ഹൈഡ്രജൻ ബോംബുകൾ എന്നറിയപ്പെടുന്ന തെർമോന്യൂക്ലിയർ ബോംബുകളാണ് മനുഷ്യരാശി ഇന്നേവരെ നിർമിച്ചിട്ടുള്ള ഏറ്റവും ശക്തമായ വിസ്ഫോടന ഉപകരണങ്ങൾ. സാധാരണ ആണവ ശൃംഖലാ പ്രതിപ്രവർത്തനം കൊണ്ട് പ്രവർത്തിക്കുന്ന ഫിഷൻ ബോംബുകൾ ഒരു പരിധിയിൽ കൂടുതൽ വലുതാക്കാൻ പറ്റില്ല. പക്ഷേ, തെർമോന്യൂക്ലിയർ ബോംബുകളുടെ കാര്യം അങ്ങനെയല്ല. അവയെ എത്ര വേണമെങ്കിലും വലുതാക്കാം. വലിപ്പം ഒരുപാട് കൂടുതലായാൽ, ഭാരക്കൂടുതൽ നിമിത്തം കൈകാര്യം ചൈയ്യാൻ കഴിയാതെ വരുമെന്ന് മാത്രം.

നികിത ക്രൂഷ്ചേവ് സോവിയറ്റ് യൂണിയൻ നയിച്ചിരുന്ന കാലം. യുഎസ് -റഷ്യ എന്നീ വൻശക്തികൾ തമ്മിലുള്ള ബന്ധം ഏറ്റവും ഉലഞ്ഞ കാലമായിരുന്നു അത്. ശീതയുദ്ധം കൊടുമ്പിരിക്കൊണ്ട ആ സമയത്താണ് മനുഷ്യൻ ഇതുവരെ സൃഷ്ടിച്ച ബോംബുകളിൽ വച്ച് ഏറ്റവും ശക്തമായ ബോംബ് നിർമ്മാണം സംഭവിക്കുന്നത്.

സോവിയറ്റു വ്യോമാതിർത്തി ലംഘിച്ചു പറന്ന ഒരു അമേരിക്കൻ യു-2 ചാര വിമാനം സോവിയറ്റു യൂണിയൻ 1960-ൽ വെടി വച്ചിട്ടിരുന്നു. ആ സംഭവം നിരായുധീകരണ ചർച്ചകളുടെ സാധ്യതകളെല്ലാം അവസാനിപ്പിച്ചു. പരസ്പരമുള്ള വെല്ലുവിളികളിലേക്കും നിന്ദാവചനങ്ങളിലേക്കും നയതന്ത്ര ബന്ധങ്ങൾ കൂപ്പുകുത്തി. ആ സാഹചര്യത്തിലാണ്, സോവിയറ്റു യൂണിയനിൽ, ലോകം അന്നേ വരെ കണ്ടിട്ടില്ലാത്ത വിധ്വംസകശക്തിയുള്ള ഒരു ബോബിന്റെ നിർമാണത്തെപ്പറ്റിയുള്ള ആലോചനകൾ തുടങ്ങുന്നത് .

അറുപതുകളുടെ ആദ്യം, സോവിയറ്റ് റോക്കറ്റ് എൻജിനീയർ ആയ വ്ലാദിമിർ ചേലോമെയ്, അമ്പതു ടൺ വരെയുള്ള കൂറ്റൻ ബോംബുകൾ വഹിക്കാൻ കഴിയുന്ന കൂറ്റൻ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കാനുള്ള ഒരു പദ്ധതി സോവിയറ്റു നേതൃത്വത്തിന് മുന്നിൽ സമർപ്പിച്ചു. പദ്ധതി ഇഷ്ടപ്പെട്ട സോവിയറ്റ് ഭരണാധികാരികൾ ഉടൻ തന്നെ അംഗീകാരം നൽകുകയും, റോക്കറ്റുകൾ നിർമിക്കാനുള്ള അനുമതിയും സകല സഹായവും ചേലോമെയ്ക്ക് നൽകുകയും ചെയ്തു. സമാന്തരമായി, അന്നേവരെ കണ്ടിട്ടില്ലാത്ത വലിപ്പമുള്ള തെർമോ ന്യൂക്ലിയർ ബോംബിന്റെ നിർമാണവും അവർ തുടങ്ങി. റഷ്യ അക്കാലം വരെ സൃഷ്ടിച്ചതിൽ ഏറ്റവും മാരകമായ പ്രഹരശേഷിയുള്ള ബോംബായിരുന്നു ലക്ഷ്യം. യൂറി ഖാരിറ്റൻ ,ആൻഡ്രി സഖാറോവ് തുടങ്ങിയ ശാസ്ത്രജ്ഞന്മാരായിരുന്നു ബോംബിന്റെ ഡിസൈനർമാരും ശില്പികളും.

ആൻഡ്രി സഖാറോവ്

ഒരു ഫിഷൻ സ്റ്റേജും രണ്ടു ഫ്യൂഷൻ സ്റ്റേജുകളുമടങ്ങുന്ന സങ്കീർണ്ണ ഡിസൈനായിരുന്നു സാർ ബോംബിന്റേത്. അനിവാര്യമായ ഘട്ടങ്ങളിൽ, വളരെയെളുപ്പം വീണ്ടും വലുതാക്കാവുന്ന പ്രത്യേക രീതിയിലായിരുന്നു ബോംബിന്റെ നിർമാണം. അവസാന മിനുക്ക് പണികൾ കഴിഞ്ഞപ്പോഴേക്കും ബോംബിന് 27 ടൺ ഭാരമുണ്ടായിരുന്നു. കുറഞ്ഞത് 50 മെഗാ ടൺ ആയിരുന്നു ബോംബിന്റെ സ്രഷ്ടാക്കൾ കണക്കുകൂട്ടിയ സ്ഫോടക ശക്തി .

Tsar Bomb

.
ബോംബിന്റെ പരീക്ഷണത്തിന് തിരഞ്ഞെടുത്തത് ആർട്ടിക്കിലെ വിദൂരമായ നോവ സെമല്യ ദ്വീപ് സമൂഹമായിരുന്നു. ആയിടക്ക് വികസിപ്പിച്ച Tu -95 ബോംബർ വിമാനത്തെ പരിഷ്കരിച്ച് Tu -95 V എന്ന് പേരിട്ട ശേഷം, അധികൃതർ അവനെ സാർ ബോംബിന്റെ വാഹകനാക്കി. വാഹക വിമാനം പോലും ബോംബിന്റെ മഹാസ്ഫോടനത്തിൽ തകരുമെന്നാണ് സോവിയറ്റു വിദഗ്ധർ കണക്കുകൂട്ടിയത്. ഭീമൻ പാരച്യൂട്ട് ഘടിപ്പിച്ച ബോംബ് വിക്ഷേപിച്ച ശേഷം, വിക്ഷേപണ മേഖലയിൽ നിന്ന് പരമാവധി വേഗതയിൽ വിമാനം പറത്തി രക്ഷപ്പെടാനായിരുന്നു ബോംബർ പറത്തിയ മേജർ ആൻഡ്രി ഡുർനോവ്ത്സേവിന് മേലധികാരികളിൽ നിന്ന് ലഭിച്ച നിർദേശം. 1961 ഒക്ടോബർ മുപ്പതിന്, ഉത്തര റഷ്യയിലെ ഒലെന്യ എയർ ഫീൽഡിൽ നിന്നും സാർ ബോംബും വഹിച്ചു കൊണ്ട് Tu -95 V പറന്നുയർന്നു. വിമാനത്തിന്റെ പള്ളിയിൽ ഏതാണ്ട് ചെറിയൊരു സ്കൂൾ ബസ്സിന്റെ വലിപ്പമുള്ള സാർ ബോംബ് ഘടിപ്പിച്ചിരുന്നു.

നോവ സെമല്യക്ക് മുകളിലെത്തി ഡുർനോവ്ത്സേവ് കൃത്യം 11 32 ന് ബോംബ് വിക്ഷേപിച്ചു. പാരച്യൂട്ട് വഴി താഴേക്ക് പതിച്ച ബോംബ്, നാല് കിലോമീറ്റർ മീറ്റർ ഉയരത്തിൽ വെച്ച് മർദനിയന്ത്രിത ട്രിഗറിന്റെ പ്രവർത്തനം മൂലം അതിഭീകരമായി പൊട്ടിത്തെറിച്ചു.

എന്നാൽ, ഡിസൈനേർമാരും എൻജിനീയർമാരും കണക്കു കൂട്ടിയതിനേക്കാൾ അതിശക്തമായിരുന്നു സ്ഫോടനം.

സ്ഫോടനത്തിന്റെ ശക്തിയിൽ വാഹക വിമാനം ആടിയുലഞ്ഞെങ്കിലും, ഈശ്വരാനുഗ്രഹം കൊണ്ട് രക്ഷപെടാൻ ഡുർനോവ്ത്സേവിന് കഴിഞ്ഞു. സാർ ബോംബിന്റെ സ്ഫോടനം 60 മെഗാ ടൺ ശക്തിയുള്ളതായിരുന്നുവെന്നാണ് സോവിയറ്റു വിദഗ്ധരും അന്താരാഷ്ട്ര ഏജൻസികളും കണക്കു കൂട്ടിയത്. സ്ഫോടനം വീക്ഷിച്ചവർ ഇപ്രകാരമാണ് അത് വിവരിച്ചത്.

“ഭീമാകാരമായ ചുവപ്പു നിറമുള്ള തീഗോളം, അനുനിമിഷം, അത് വളർന്നു വലുതായി. വലുതായികൊണ്ടിരിക്കെ തന്നെ, അതിന്റെ മുകൾഭാഗം വിരിഞ്ഞുയർന്നു. ഒരു കൂറ്റൻ ഫണൽ പോലെ തോന്നിച്ച ആ അഗ്നിഗോളം ഭൂമിയെ തന്നെ വലിച്ചെടുക്കുന്നതു പോലെ എനിക്ക് തോന്നി. ഭയാനകമായ ഒരു കാഴ്ചയായിരുന്നു അത്. ആ അഗ്നിഗോളം മറ്റേതോ ഒരു ഗ്രഹം പോലെ കാണപ്പെട്ടു. അതൊരു അഭൗമമായ കാഴ്ചയായിരുന്നു.”

 

അത്യുഗ്രമായ ഊർജ്ജത്തിന്റെ സംഹാര താണ്ഡവമായിരുന്നു പിന്നെ നടന്നത്. നോർവേ ഗ്രീൻലാൻഡ് അലാസ്കയിലടക്കം, 1000 കിലോമീറ്റർ ദൂരെ വരെ സ്ഫോടനം കാണാമായിരുന്നു. ആദ്യഘട്ടത്തിൽ ദൃശ്യമായ ആ അഗ്നിഗോളം, സാവധാനം യഥാർത്ഥ രൂപം കൈവരിച്ചു. എട്ട് കിലോമീറ്റർ വ്യാസമുണ്ടായിരുന്നു അതിന്. പൊട്ടിത്തെറിയിൽ ഉണ്ടായ ശബ്ദതരംഗങ്ങൾ, അഥവാ, ഷോക്ക് വേവ്, ഭൂമിയിൽ തട്ടി തിരിച്ചു വന്ന് ആ അഗ്നിഗോളത്തെ നിലത്ത് സ്പർശിക്കുന്നതിൽ നിന്നും തടഞ്ഞു.!

പൊട്ടിത്തെറിയിൽ, 67 കിലോമീറ്റർ ഉയരത്തിൽ, മേഘപടലം പോലെ ഭയാനകമായ പുകക്കൂൺ സൃഷ്ടിക്കപ്പെട്ടു. ഏതോ രാക്ഷസൻ ശില്പംപോലെ തോന്നിച്ച ആ മേഘരൂപം, 161 കിലോമീറ്റർ ദൂരെ വരെ ദൃശ്യമായിരുന്നു.

സ്ഫോടനത്തിൽ, 55 കിലോമീറ്റർ ചുറ്റളവിലുള്ള സർവ്വതും ഭസ്മമായി. പിന്നെയും നൂറുകണക്കിന് കിലോമീറ്ററുകൾ അണു കിരണങ്ങളും താപവും പരന്നു. 780 കിലോമീറ്റർ ദൂരെയുള്ള ഡിക്സൻ ദ്വീപിലെ ജനൽ ചില്ലുകൾ വരെ ചിതറിപ്പോയി. ആഘാതങ്ങൾ, 900 കിലോമീറ്റർ ദൂരെ വരെ അനുഭവപ്പെട്ടു.

സ്ഫോടനം നടന്നതിനും ആയിരം കിലോമീറ്റർ അകലെ വരെ കടുത്ത പൊള്ളലുണ്ടാക്കുന്ന ചൂടുകാറ്റടിച്ചു. മർദതരംഗങ്ങൾ മൂന്നു തവണ ഭൂമിയെ വലം വച്ചു .
.
സാർ ബോംബിന്റെ പൊട്ടിത്തെറി സകല രാഷ്ട്രങ്ങളുടെയും തലച്ചോർ മരവിപ്പിച്ചു കളഞ്ഞു എന്നു വേണം അനുമാനിക്കാൻ. സോവിയറ്റു യൂണിയനു മേൽ ഒരു തരത്തിലും സൈനിക ശക്തിയുപയോഗിച്ച് വിജയിക്കാൻ കഴിയില്ലെന്ന് അന്നത്തോടെ യു.എസ് മനസ്സിലാക്കി. ഇന്നും അമേരിക്കയുടെ പ്രകോപനങ്ങൾ , റഷ്യയുടെ പടിയ്ക്കു പുറത്തു നിർത്തുന്നത് സാർ ബോംബിന്റെ അത്യുഗ്രമായ പ്രഹരശേഷിയാണ്.

യഥാർത്ഥത്തിൽ, സാർ ബോംബിന്റെ പ്രഹരശേഷിയുടെ പകുതി മാത്രമേ സഖാറോവ് ഉപയോഗപ്പെടുത്തിയുള്ളൂ. ഹിരോഷിമയിൽ 70,000 പേരുടെ ജീവനെടുത്ത ‘ലിറ്റിൽ ബോയ്’ എന്ന അണുബോംബിനേക്കാൾ 3,300 മടങ്ങ് ശക്തമായിരുന്നു അത്.

സോവിയറ്റ് യൂണിയൻ പിന്നീട് സാർ ബോംബുകൾ നിർമ്മിച്ചിട്ടില്ലെന്നാണ് പൊതുവേ കരുതപ്പെടുന്നത്. പക്ഷേ, അതിവിസ്തൃതമായ റഷ്യയുടെ ഭൂപ്രദേശവും നിഗൂഢമായ പരീക്ഷണങ്ങളും ഇതിൽ തർക്കത്തിന് വഴിയൊരുക്കുന്നുണ്ട്. എന്തായാലും, സാർ ബോംബിനെ വഹിക്കാൻ വേണ്ടി നിരവധി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ നിർമ്മിച്ചിരുന്നു. ഇവയെല്ലാം തന്നെ, ഉപഗ്രഹ വിക്ഷേപണ വാഹനങ്ങളാക്കി മാറ്റപ്പെട്ടു. ആ വാഹനങ്ങൾ പ്രോട്ടോൺ എന്ന പേരിൽ ഇപ്പോഴും ഉപയോഗിക്കപ്പെടുന്നു.

.
.
.
ക്രെംലിനിലെ രഹസ്യ മുറിയിൽ, സാർ ബോംബിന്റെ കൃത്യമായ അളവിലും വലുപ്പത്തിലും, മരം കൊണ്ടുണ്ടാക്കിയ ഒരു മോഡൽ ക്രൂഷ്ചേവ് സൂക്ഷിച്ചിരുന്നു. ചില രാത്രികളിൽ, അയാൾ മിനുസപ്പെടുത്തിയ ബോംബിന്റെ പ്രതലത്തിൽ രണ്ടു കൈകളും അമർത്തി കണ്ണടച്ചു നിൽക്കുമായിരുന്നു. ആ ബോംബ്, ലോകത്തെ നിയന്ത്രിക്കാനുള്ള അസാമാന്യമായ ശക്തി തനിക്ക് നൽകുന്നതായി ക്രൂഷ്ചേവ് മനസ്സിലാക്കിയിരുന്നുവത്രേ!

shortlink

Related Articles

Post Your Comments


Back to top button