തിരുവനന്തപുരം: ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിയെ പിടികൂടി. നെടുമങ്ങാട് സ്വദേശി ഹരീഷിനെയാണ് പൊലീസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം പ്രതി ആയുധവുമായി കടന്നു കളയുകയായിരുന്നു. നെടുമങ്ങാട് എത്തിയ ഇയാളെ ഒരു പാലത്തില്‍ ഇരിക്കുമ്പോഴാണ് പൊലീസ് പിടികൂടിയത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധവും പൊലീസ് പിടിച്ചെടുത്തു.
Also Read : റഷ്യന്‍ ആവശ്യങ്ങള്‍ ന്യായം, സംഘര്‍ഷം വര്‍ധിപ്പിച്ചത് യുഎസിന്റെയും നാറ്റോയുടെയും നടപടി: സിപിഎം
ഇന്ന് രാവിലെയാണ് തമ്പാനൂര്‍ ഹോട്ടല്‍ സിറ്റി ടവറില്‍ ജോലി ചെയ്തിരുന്ന അയ്യപ്പനെ വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെ 8:30 നായിരുന്നു സംഭവം. ബൈക്കില്‍ എത്തിയ പ്രതി അയ്യപ്പനെ വെട്ടുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ഇയാള്‍ കടന്നു കളഞ്ഞു. തുടര്‍ന്ന്, സ്ഥലത്തെത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. തമിഴ്നാട് സ്വദേശിയായ അയ്യപ്പന് കഴിഞ്ഞ ഒരു വര്‍ഷമായി ഈ ഹോട്ടലില്‍ ജോലി ചെയ്ത് വരികയായിരുന്നു.
മുറി എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് ഭാഷ്യം. ഒരാഴ്ച മുമ്പ് പ്രതി ഹോട്ടലില്‍ മുറിയെടുക്കാന്‍ എത്തിയിരുന്നു. റിസപ്ഷനിസ്റ്റായ അയ്യപ്പനുമായി ഇവിടെ വച്ച് വാക്കുതര്‍ക്കമുണ്ടായി. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയത്.
നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ് ഹരീഷ്. പല കേസുകളിലും ഇയാള്‍ പ്രതിയാണ്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.
Post Your Comments