ഡൽഹി: ജോലി വാഗ്‌ദാനം ചെയ്തുകൊണ്ട് തട്ടിപ്പുകാർ രംഗത്തെത്തിയിട്ടുണ്ടെന്ന് ഉദ്യോഗാർത്ഥികൾക്ക് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകി. കൊവിഡ് വ്യാപനത്തെ തുടർന്ന് എല്ലാ ദിവസവും സ്ഥിതിഗതികൾ മാറിക്കൊണ്ടിരിക്കുന്നതിനാൽ, തട്ടിപ്പുകാർ ഇപ്പോൾ തൊഴിൽ വാഗ്‌ദാനം ചെയ്ത് ആളുകളെ കബളിപ്പിക്കാൻ തുടങ്ങിയിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ആദായനികുതി വകുപ്പിൽ ജോലി നൽകാമെന്ന് വാഗ്‌ദാനം ചെയ്തുകൊണ്ട് നിരവധി ആൾക്കാർക്ക് തട്ടിപ്പുകാർ വ്യാജ ജോയിനിംഗ് ലെറ്റർ നൽകിയിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് നിരീക്ഷിച്ചു.
ആദായനികുതി വകുപ്പിലെ ബി ഗ്രൂപ്പിലെയും, സി ഗ്രൂപ്പിലെയും ജോലികൾക്ക് വിജ്ഞാപനം പുറത്തിറക്കാൻ സ്റ്റാഫ് സെലക്ഷൻ കമ്മിറ്റിക്ക് (എസ്.എസ്.സി) മാത്രമാണ് അധികാരമുള്ളതെന്നും അധികൃതർ അറിയിച്ചു.
‘ഈ വകുപ്പിൽ ജോലി ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പ്രസക്തമായ എല്ലാ വിവരങ്ങളും നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കും. തട്ടിപ്പുകൾ നടക്കാൻ ഇടയായ അജ്ഞാത ലിങ്കുകൾ ഉപയോഗിക്കരുത്. ജോലി വാഗ്‌ദാനം ചെയ്യുന്ന പലരും പണം ലഭിക്കുന്നതോടെ ഒളിവിൽ പോവുകയാണ്. അജ്ഞാതരായ ആൾക്കാരുമായി ജോലി സംബന്ധമായ ഒരു ഇടപാടിലും ഏർപ്പെടരുത്. അത്തരമൊരു തട്ടിപ്പിനെ കുറിച്ച് നിങ്ങൾക്ക് സംശയം തോന്നിയാൽ, ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് പരാതി രജിസ്റ്റർ ചെയ്യുക’ വകുപ്പ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ മുന്നറിയിപ്പ് നൽകി.
Post Your Comments