കീവ്: റഷ്യയുടെ ആക്രമണം ശക്തമായതോടെ കൂടുതൽ വെട്ടിലായത് താലിബാനിൽ നിന്ന് രക്ഷപ്പെട്ട്, ഉക്രെയ്‌നിലെത്തിയ അഫ്ഗാനികൾ ആണ്. ഇതിൽ അഫ്ഗാൻ അഭയാർത്ഥികൾക്കായി ഒരു എൻജിഒ നടത്തിവരികയായിരുന്ന ആക്ടിവിസ്റ്റായ ദോസ്സാദയും പലായനം ചെയ്യുകയാണ്. അഫ്ഗാൻ അഭയാർത്ഥികളെ, പ്രത്യേകിച്ച് രേഖകളില്ലാത്തവരെ, ഉക്രെയ്നിൽ അഭയം പ്രാപിക്കാൻ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു സർക്കാരിതര സംഘടനയായിരുന്നു ദോസ്സാദ നടത്തിയിരുന്നത്.
എന്നാൽ രണ്ട് ദിവസം മുമ്പ്, യുദ്ധ വാർത്തകൾ പുറത്തുവന്നതോടെ അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ നിർത്തിവച്ചു. അദ്ദേഹം കുടുംബത്തോടൊപ്പം ലിവിവിൽ എത്തിയപ്പോഴേക്കും റഷ്യയുടെ സൈനിക പ്രവർത്തനം ഒന്നിലധികം ഉക്രെയ്ൻ നഗരങ്ങളിൽ ആരംഭിച്ചിരുന്നു. കീവിൽ നിന്ന് 469 കിലോമീറ്റർ അകലെ പടിഞ്ഞാറൻ യുക്രേനിയൻ നഗരമായ ലിവിവിൽ പോളണ്ടിന്റെ അതിർത്തിക്ക് സമീപം അദ്ദേഹമടക്കം നിരവധിയാളുകൾ എത്തിയിരുന്നു. ചിലർക്ക് മതിയായ രേഖകൾ പോലും ഉണ്ടായിരുന്നില്ല.
‘ഞങ്ങൾ ഉറങ്ങിയിട്ടില്ല, ഞങ്ങൾ ഇന്നലെ മുതൽ ഭക്ഷണം കഴിച്ചിട്ടില്ല, ഞങ്ങളെ സ്വീകരിക്കാൻ അതിർത്തി തുറന്നിട്ടുണ്ടെന്നായിരുന്നു അറിഞ്ഞ വാർത്തകൾ. എന്നാൽ ഇന്നലെ രാത്രി ഞാൻ എത്തിയതുമുതൽ വലിയ ക്യൂകൾ നീണ്ടുവരികയാണ്. ആരും ഞങ്ങളെ അകത്തേക്ക് കടക്കാൻ അനുവദിച്ചില്ല,’ അദ്ദേഹം വൈസ് വേൾഡ് ന്യൂസിനോട് പറഞ്ഞു. താലിബാനിൽ നിന്നും രക്ഷനേടാനായി വിവിധ രാജ്യങ്ങളിലെത്തിയ അഫ്ഗാനികൾ ഉക്രെയ്നിലും എത്തിയിരുന്നു. ഇതിനിടെ താലിബാൻ ഉക്രെയ്ൻ യുദ്ധത്തിൽ ആശങ്ക പ്രകടിപ്പിച്ചു രംഗത്തെത്തി.
നിരപരാധികളായ സിവിലിയന്‍മാരെ കൊന്നൊടുക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച താലിബാന്‍ ഉക്രെയ്നില്‍ കഴിയുന്ന അഫ്ഗാന്‍ പൗരന്‍മാരുടെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കാള്ളണമെന്ന് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് പ്രസ്താവനയില്‍ താലിബാന്‍ ആവശ്യപ്പെട്ടു. അതോടൊപ്പം, അക്രമങ്ങള്‍ ഉണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍നിന്ന് ഇരു രാജ്യങ്ങളും വിട്ടുനില്‍ക്കണമെന്നും താലിബാന്‍ ആവശ്യപ്പെട്ടു.
തങ്ങൾ ഈ വിഷയത്തിൽ നിഷ്പക്ഷരാണെന്നു പറഞ്ഞ താലിബാൻ, സമാധാന മാര്‍ഗത്തിലൂടെയും ചര്‍ച്ചകളിലൂടെയും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് റഷ്യയോടും ഉക്രെയ്‌നോടും ആവശ്യപ്പെട്ടു. ഉക്രെയ്നില്‍ കഴിയുന്ന അഫ്ഗാന്‍ വിദ്യാര്‍ത്ഥികളുടെയും അഭയാര്‍ത്ഥികളുടെയും ജീവന്‍ രക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ ഇരു കൂട്ടരും കൈക്കൊള്ളണെമന്നും പ്രസ്താവനയില്‍ താലിബാന്‍ ആവശ്യപ്പെട്ടു.
അതേസമയം, 2021 ഓഗസ്റ്റ് 15-ന് സമാനമായ രീതിയില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട അഫ്ഗാന്‍ സര്‍ക്കാറിനെ അക്രമത്തിലൂടെ താഴെയിറക്കി അധികാരം പിടിച്ചടക്കിയത് പാടെ മറന്നു കൊണ്ടായിരുന്നു താലിബാന്റെ പ്രസ്താവന.
Post Your Comments