KeralaNattuvarthaNews

‘സിനിമാ മേഖലയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് മാര്‍ഗനിര്‍ദേശം’: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സിനിമാ മേഖലയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമം നടപ്പിലാക്കുമെന്ന് മന്ത്രി  വീണാ  ജോർജ്. തടസ്സമായി നില്‍ക്കുന്ന കാര്യങ്ങള്‍ പരിഹരിക്കാന്‍ വനിത ശിശുവികസന വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കാന്‍ തീരുമാനിച്ചതായും മാര്‍ഗനിര്‍ദേശങ്ങളുടെ ഡ്രാഫ്റ്റ് സാംസ്‌കാരിക വകുപ്പും നിയമ വകുപ്പും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

സിനിമയിലെ പ്രീ പ്രൊഡക്ഷന്‍, ഷൂട്ടിംഗ്, പോസ്റ്റ് പ്രൊഡക്ഷന്‍ തുടങ്ങിയ എല്ലാ സമയത്തും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതായിരിക്കും മാര്‍ഗനിര്‍ദേശമെന്നും മന്ത്രി പറഞ്ഞു. വനിത ദിനത്തിന് മുന്നോടിയായി കേരള വനിത ശിശുവികസന വകുപ്പും വനിത വികസന കോര്‍പ്പറേഷനും സംയുക്തമായി ലേബര്‍ കോഡ് നിര്‍ദേശങ്ങള്‍ വനിത സിനിമ പ്രവര്‍ത്തകരെ എങ്ങനെ ബാധിക്കും എന്ന വിഷയത്തെക്കുറിച്ച് സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ക്യാമറയ്ക്ക് മുന്നിലാണെങ്കിലും പുറകിലാണെങ്കിലും സ്ത്രീകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുക എന്നത് ശാക്തീകരണത്തില്‍ പ്രധാനമാണ്. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഓരോ സ്ത്രീയ്ക്കും ആത്മാഭിമാനത്തോടെ ജീവിക്കാനാവശ്യമായ സാഹചര്യം ഉണ്ടാകണം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും എല്ലാ ഇടപടലുകളും ഉണ്ടാകും.

മാര്‍ച്ച് എട്ട്, അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നിരവധി പരിപാടികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. മാര്‍ച്ച് എട്ടിനുള്ളില്‍ വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ഫയലുകള്‍ തീര്‍പ്പാക്കുന്നതാണ്. നാളെ ഇതിനായി പ്രത്യേക യജ്ഞം നടത്തും. സാമ്പത്തികമായി ശാക്തീകരിക്കുക എന്നതാണ് വനിത വികസന കോര്‍പറേഷന്റെ ലക്ഷ്യം. ഏറ്റവും കുറഞ്ഞ പലിശയ്ക്കാണ് ലോണ്‍ നല്‍കുന്നത്. ഇതോടൊപ്പം വിദഗ്ധ പരിശീലനങ്ങളും നല്‍കുന്നു.

സിനിമ മേഖലയെ, കൂടുതല്‍ വനിതകള്‍ ജോലിചെയ്യുന്നതും മെച്ചപ്പെട്ടതും ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ മേഖലയാക്കി മാറ്റുന്നതിന് ഈ ശില്പശാല തുടക്കം കുറിയ്ക്കുമെന്ന് പ്രത്യാശിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button