കീവ്: അതിർത്തികളിലെ സായുധ സേനയുടെ ആക്രമണത്തിനൊപ്പം ഉക്രൈനെതിരെ സൈബർ ആക്രമണവും നടത്തി റഷ്യ. പല സർക്കാർ വെബ്സൈറ്റുകളും ഇതിനോടകം ഹാക്ക് ചെയ്യപ്പെട്ട് കഴിഞ്ഞു. ബാങ്കിങ്ങ് മേഖലയ്ക്കെതിരെയും റഷ്യ സൈബർ ആക്രമണം നടത്തുകയാണ്. ഉക്രൈനിലെ പല ബാങ്കുകളുടെയും വെബ്സൈറ്റുകൾ ബുധനാഴ്ച രാവിലെ തന്നെ പ്രവർത്തനരഹിതമായി. ചില സർക്കാർ വെബ്സൈറ്റുകളും സമാന പ്രതിസന്ധി നേരിട്ടു. റഷ്യൻ ഹാക്കർമാർ നടത്തിയ ഡിഡോസ് അറ്റാക്കാണ് വെബ്സൈറ്റുകളുടെ പ്രവർത്തനം താറുമാറാക്കിയതെന്നാണ് കരുതപ്പെടുന്നത്.
ഒരു വെബ്സൈറ്റിന് താങ്ങാൻ കഴിയുന്നതിൽ അധികം സർവ്വീസ് റിക്വസ്റ്റുകൾ അയച്ച് പ്രവർത്തനരഹിതമാക്കുന്നതാണ് ഡിഡോസ് അറ്റാക്കുകളുടെ രീതി. ഇതിന് മുൻപ് ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത തരം സൈബർ ആക്രമണമാണ് ഇപ്പോൾ നടക്കുന്നതെന്ന് ഉക്രൈൻ സർക്കാർ അറിയിച്ചു. വ്യാപകമായി ഡിഡോസ് അറ്റാക്കുകൾ നടക്കുന്നുണ്ടെന്ന് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മിനിസ്റ്റർ മൈഖ്യലോ ഫെഡറോവ് പറഞ്ഞു. മന്ത്രി ടെലഗ്രാമിലൂടെയാണ് പ്രതികരണം നടത്തിയത്.
ബുധനാഴ്ച ഉച്ചയോടെ ആക്രമണം കൂടുതൽ കരുത്ത് ആർജ്ജിച്ചുവെന്നും, തുടർന്ന് കൂടുതൽ വെബ്സൈറ്റുകൾ ആക്രമിക്കപ്പെടുകയാണെന്നും ഇൻ്റർനെറ്റ് കണക്ടിവിറ്റി കമ്പനി നെറ്റ് ബ്ലോക്ക്സ് അറിയിച്ചു. ആക്രമണം നടന്ന് അധികം വൈകാതെ തന്നെ ഉക്രൈൻ സൈന്യത്തിന്റെയും ബാങ്കുകളുടെയും വെബ്സൈറ്റുകൾ പൂർവ്വസ്ഥിതിയിലാക്കാൻ രാജ്യത്തിന് കഴിഞ്ഞെന്ന് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു.
Post Your Comments