Latest NewsInternational

മരണത്തിന് തൊട്ടുമുൻപ് മനുഷ്യർക്ക് സംഭവിക്കുന്ന മാറ്റം കണ്ടാൽ ഞെട്ടും! പുതിയ പഠന റിപ്പോർട്ട് പുറത്ത്

ഗവേഷകർ ഒരു വ്യക്തിയുടെ മരണസമയത്തെ മസ്തിഷ്ക പ്രവർത്തനം വിജയകരമായി പിടിച്ചെടുക്കുകയായിരുന്നു.

ന്യൂയോർക്ക്: ജീവിതത്തിലെ ഏറ്റവും നിഗൂഢമായ മരണമെന്ന സമസ്യയിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് ഓരോ മനുഷ്യനും സംഭവിക്കുന്നതെന്ത് എന്നുള്ള ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ്. മരണസമയത്ത് ഒരാൾ എന്താണ് അനുഭവിക്കുന്നത് എന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചിരിക്കുന്നത്. ഗവേഷകർ ഒരു വ്യക്തിയുടെ മരണസമയത്തെ മസ്തിഷ്ക പ്രവർത്തനം വിജയകരമായി പിടിച്ചെടുക്കുകയായിരുന്നു.

സംഭവം ഇങ്ങനെ: അപസ്മാരം ബാധിച്ച 87 വയസ്സുള്ള ഒരു രോഗിയുടെ തലച്ചോറിനെ ഇലക്ട്രോ എൻസെഫലോഗ്രാഫി ഉപയോഗിച്ച് ഡോക്ടർ ചികിത്സിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, ഈ റെക്കോർഡിംഗുകൾക്കിടയിൽ, പ്രതീക്ഷിക്കാതെ രോഗി ഹൃദയാഘാതം വന്ന് മരണപ്പെട്ടു. അപ്പോഴാണ് ഗവേഷകർക്ക് പുതിയ തെളിവുകൾ ലഭിച്ചത്. യുഎസിലെ ലൂയിസ്‌വില്ലെ സർവകലാശാലയിലാണ് പഠനം നടന്നത്.

ഫ്രണ്ടിയേഴ്‌സ് ഇൻ ഏജിംഗ് ന്യൂറോ സയൻസിൽ പ്രസിദ്ധീകരിച്ച ഈ പഠനം മരണസമയത്ത് നമ്മുടെ തലച്ചോറിൽ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് ഒരു പുതിയ തിരിച്ചറിവ് നൽകുന്നു. മരണസമയത്ത്, ഒരു വ്യക്തിയുടെ ജീവിതത്തിലെ അതുവരെയുണ്ടായിരുന്ന പ്രിയ നിമിഷങ്ങൾ ഒരു സിനിമ കണക്കെ അവരുടെ കൺമുമ്പിൽ മിന്നിമറയുമെന്നാണ് പുതിയ പഠനം പറയുന്നത്. മരണത്തിന് മുൻപായി അവർ കടന്നുപോയ നിമിഷങ്ങളെ ഇലക്ട്രോഎൻസെഫലോഗ്രാഫി ഉപയോഗിച്ച് രേഖപ്പെടുത്താൻ അവർക്ക് സാധിച്ചു.

മരിക്കുന്നതിന് തൊട്ടുമുമ്പ് ആ മനുഷ്യനിൽ കണ്ടെത്തിയ മസ്തിഷ്ക തരംഗങ്ങൾ ഗവേഷകർ സൂക്ഷ്മമായി നിരീക്ഷിച്ചു. അപ്പോഴാണ് ഈ പുതിയ കണ്ടുപിടിത്തം ഉണ്ടായത്. രോഗിയുടെ ഹൃദയം മസ്തിഷ്കത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നത് നിർത്തുന്നതിന് മുൻപുള്ള 30 സെക്കൻഡുകൾ, അയാളുടെ മസ്തിഷ്ക തരംഗങ്ങൾ സ്വപ്നം കാണുന്നതോ അല്ലെങ്കിൽ ഓർമ്മകൾ ചികഞ്ഞെടുക്കുന്നതോ പോലുള്ള അതേ പാറ്റേണുകൾ കാണിച്ചു. രോഗിയുടെ ഹൃദയമിടിപ്പ് നിലച്ചതിന് 30 സെക്കൻഡുകൾക്ക് ശേഷവും ഇത് തുടർന്നു, അതായത് രോഗി മരിച്ചതായി പ്രഖ്യാപിക്കപ്പെടുന്ന ഘട്ടത്തിന് ശേഷവും.

ഇതിൽ കൂടുതൽ ആശ്ചര്യകരമായ കാര്യം, മരണത്തിന്റെ അവസാന നിമിഷങ്ങളിലും, അതിനുശേഷവും നമ്മുടെ മസ്തിഷ്കം സജീവമായി നിലകൊള്ളാമെന്നതാണ്. അതേസമയം കൃത്യമായി എപ്പോഴാണ് ഒരു വ്യക്തി മരിക്കുന്നത് എന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുകയാണ്. മരണം സ്ഥിരീകരിക്കുന്നത് ഹൃദയമിടിപ്പ് നിലയ്ക്കുമ്പോഴോ, തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കുമ്പോഴോ എന്നത് ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button