ദില്ലി: ലോകത്തെ ആശങ്കയിലാഴ്ത്തി റഷ്യ ഉക്രൈനിൽ സൈനിക നടപടി ആരംഭിച്ച സാഹചര്യത്തിൽ നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ. റഷ്യ-ഉക്രൈൻ വിഷയത്തിൽ ഇന്ത്യ നിഷ്പക്ഷ നിലപാട് തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിംഗാണ് ഇന്ത്യ സ്വീകരിക്കുന്ന നിഷ്പക്ഷ നിലപാട് സ്ഥിരീകരിച്ചത്. നിലവിൽ ഇന്ത്യ ഒരു രാജ്യത്തിന്റെ പക്ഷത്തും ചേരില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കപ്പെടണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ യോഗങ്ങളിലും ഇന്ത്യ നേരത്തെ വിഷയത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിച്ചിരുന്നു.
Also read: ഹരിദാസൻ വധക്കേസ്: നിജിൽ ദാസിന്റെ നേതൃത്വത്തിൽ ഒരാഴ്ച മുൻപ് ഗൂഢാലോചന നടത്തിയെന്ന് കുറ്റസമ്മത മൊഴി
അതേസമയം, ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ മറ്റു രാജ്യങ്ങളുടെ സഹായം ഇന്ത്യ അഭ്യർത്ഥിച്ചു. വിദേശകാര്യ മന്ത്രാലയവും വ്യോമയാന മന്ത്രാലയവും സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തി വരികയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയെ കണ്ട് സ്ഥിതിഗതികൾ അറിയിച്ചു. റഷ്യൻ ആക്രമണത്തിന് ശേഷമുള്ള സാഹചര്യവും അദ്ദേഹം പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു.
റഷ്യൻ അധിനിവേശം അവസാനിപ്പിക്കാൻ ഇന്ത്യ ശ്രമിക്കണമെന്ന് ഇന്ത്യയിലെ ഉക്രൈൻ അംബാസഡർ ഇഗോർ പോളികോവ് അഭ്യർത്ഥിച്ചു. രാജ്യം നിഷ്പക്ഷ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് ഉക്രൈന്റെ ഈ ആവശ്യം.
Post Your Comments