തുള്ളി മരുന്ന് കുഞ്ഞുങ്ങളുടെ നല്ല ഭാവിയ്ക്ക് വേണ്ടിയുള്ളതാണ് എന്ന് തിരിച്ചറിയാത്ത പല മാതാപിതാക്കളും ഇന്നും നമുക്ക് ചുറ്റുമുണ്ട്. ഈ കുറിപ്പ് അവർക്ക് വേണ്ടിയുള്ളതാണ്. ഫെബ്രുവരി 27 ന് ഞായറാഴ്ചയാണ് ഈ വർഷത്തിലെ തുള്ളി മരുന്ന് വിതരണം നടക്കുന്നത്. ഏതാണ്ട് 24 ലക്ഷം കുട്ടികൾക്കാണ് ഈ വർഷത്തിൽ തുള്ളി മരുന്ന് നൽകുന്നത്.
Also Read:യുക്രെയ്നിൽ അടിയന്തരാവസ്ഥ: വൻതോതിൽ മിസൈലാക്രമണം നടത്തി, വ്യോമാതിർത്തി അടച്ച് റഷ്യ
ലോകചരിത്രത്തിലെ തന്നെ ഒരു പ്രധാന വഴിത്തിരിവായിരുന്നു വാക്സിനുകളുടെ കണ്ടുപിടുത്തം. മരണനിരക്ക് കുറയ്ക്കാനും ആയുസ്സ് വർധിപ്പിക്കാനും വാക്‌സിനുകൾ മനുഷ്യരാശിയെ സഹായിച്ചു. വസൂരി രോഗം ഭൂമുഖത്തു നിന്നു തന്നെ തുടച്ചു നീക്കിയത് വാക്‌സിനുകളുടെ വരവോട് കൂടിയാണ്. അഞ്ചാംപനിയും പോളിയോയും നിയന്ത്രിക്കാനും വാക്‌സിനുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ദേശീയ ആരോഗ്യ പരിപാടി പ്രകാരം ക്ഷയം, ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്, അഞ്ചാംപനി, പോളിയോ എന്നിവയ്ക്കെതിരേയാണ് ഇപ്പോള്‍ പ്രധാനമായും പ്രതിരോധ കുത്തിവെപ്പുകൾ നടക്കുന്നത്. ഇതിനു പുറമേ ഹെപ്പറ്റൈറ്റിസ് ബി, ടൈഫോയിഡ് ഇന്‍ഫ്ളുവന്‍സ, ചിക്കന്‍പോക്സ്, റുബെല്ല, ഗര്‍ഭാശയ കാന്‍സറിനു കാരണമായ ഹ്യൂമന്‍ പോപിലോമ വൈറസ് എന്നിവയ്ക്കെതിരേയും വാക്സിനുകള്‍ ഇന്നു ലഭ്യമാണ്.
ഒരു കുഞ്ഞിന്റെ ജനനത്തിന് ശേഷം ആദ്യത്തെ ആറുമാസം അമ്മയില്‍ നിന്നു കിട്ടിയ പ്രതിരോധശക്തി കുട്ടിയിലുണ്ടാവും. പിന്നീടുള്ള പ്രതിരോധശക്തി നിലനിറുത്താനാണ് പ്രതിരോധ കുത്തിവെപ്പുകള്‍ പ്രധാനമായും നല്‍കുന്നത്. ജനനസമയത്തോ രണ്ടു ദിവസത്തിനുള്ളിലോ ക്ഷയ രോഗത്തിന്റെ പ്രതിരോധമെന്ന നിലയ്ക്കുള്ള ബി. സി. ജിയും പോളിയോ തുള്ളിമരുന്നും നല്‍കും. വാക്സിനുകള്‍ യഥാക്രമം എടുക്കുന്നത് മൂലം നമ്മുടെ കുഞ്ഞുങ്ങളെ മാറാവ്യാഥികളിൽ നിന്ന് സംരക്ഷിക്കാൻ നമുക്ക് കഴിയും. എല്ലാ വാക്‌സിനുകളും സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമായി ലഭിക്കുന്നതിനാൽ ഇവ എല്ലാവർക്കും ലഭ്യമാണ്.
തുള്ളി മരുന്നുകൾ തുള്ളി പോലും പാഴാക്കരുത്. ഇതിനെതിരെയുള്ള ക്യാമ്പയിനുകളും മറ്റും ചില സമൂഹങ്ങൾക്കിടയിൽ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പൊതുസമൂഹം ഇതിനെതിരെ ജാഗ്രത പുലർത്തുക. നല്ല രാജ്യത്തിനായി, നല്ല നാടിനായി, നല്ല കുടുംബത്തിനായി, നമ്മുടെ ഓരോ കുഞ്ഞുങ്ങൾക്കും കൃത്യമായി വാക്‌സിനേഷൻ ലഭ്യമാക്കുക.
Post Your Comments