കണ്ണൂർ: തലശ്ശേരിയിലെ സി.പി.എം പ്രവർത്തകനും മത്സ്യത്തൊഴിലാളിയും ആയിരുന്ന ഹരിദാസന്റെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തൽ. ഹരിദാസനെ വധിക്കാൻ പ്രതികൾ നേരത്തെയും പദ്ധതിയിട്ടിരുന്നു. ഒരാഴ്ച മുൻപ് നിജിൽ ദാസിന്റെ നേതൃത്വത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അറസ്റ്റിലായവർ കുറ്റസമ്മത മൊഴി നൽകി.
കൊലയ്ക്ക് തൊട്ടുമുമ്പ് പ്രതിയായ ബി.ജെ.പി നേതാവ് ലിജേഷ് ഫോണിൽ വിളിച്ച പൊലീസുകാരനെയും ചോദ്യം ചെയ്തു വരികയാണ്. കണ്ണവം സ്‌റ്റേഷനിലെ സി.പി.ഒ സുരേഷിനെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. കൃത്യം നടന്ന ദിവസം കേസിലെ പ്രതിയായ തലശ്ശേരി ബി.ജെ.പി മണ്ഡലം പ്രസിഡന്റും വാർഡ് കൗൺസിലറുമായ ലിജേഷ് സുരേഷിനെ ഫോണിൽ വിളിച്ചിരുന്നു. രാത്രി ഒരു മണിയോടെയാണ് ലിജേഷ് ഫോൺ ചെയ്തത്. സംശയം തോന്നിയ അന്വേഷണ സംഘം ഫോൺ സംഭാഷണത്തെ പറ്റി അന്വേഷിച്ചപ്പോൾ സി.പി.ഒ സുരേഷ് നിഷേധിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
സുരേഷ് ഈ കോൾ ഡീറ്റേൽസ് ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു. ലിജേഷിനെ അറസ്റ്റ് ചെയ്തതിന് ശേഷം ഫോൺ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് രാത്രി ഒരു മണിക്ക് സുരേഷും ലിജേഷും നാല് മിനിറ്റോളം സംസാരിച്ചതായി വ്യക്തമായത്. സി.പി.ഒ സുരേഷ് ലിജേഷിന്റെ ബന്ധുവാണെന്ന് സൂചനയുണ്ട്. വിഷയത്തിൽ ലിജേഷിനെ ചോദ്യം ചെയ്തപ്പോൾ നമ്പർ മാറി വിളിച്ചതാണെന്ന് അയാൾ പറഞ്ഞു.
Post Your Comments