ന്യൂഡൽഹി: മരുന്നു കമ്പനികൾ ഡോക്ടർമാർക്ക് നൽകുന്ന ഉപഹാരങ്ങളും മറ്റ് സൗജന്യങ്ങളും അധാർമികമാണെന്ന് സുപ്രീം കോടതി. ഇത്തരം നടപടികൾ നിയമത്തിലൂടെ നിരോധിച്ചിട്ടുള്ളതിനാൽ ആദായ നികുതി വകുപ്പ് പ്രകാരമുള്ള ഇളവുകൾക്ക് അർഹത ഉണ്ടായിരിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ഉപഹാരങ്ങൾ നൽകി സ്വാധീനിച്ച് ഡോക്ടർമാരെ കൊണ്ട് മരുന്നുകൾ നിർദേശിപ്പിക്കുന്നത് പൊതു താത്പര്യത്തിന് എതിരാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിപണയിൽ വിലകുറഞ്ഞ മരുന്നുകൾ ലഭ്യമാകുമ്പോഴും ഒരു വിഭാഗം ഡോക്ടർമാർ വില കൂടിയ മരുന്നുകൾ വാങ്ങാനാണ് രോഗികളോട്
നിര്‍ദേശിക്കുന്നത് എന്ന് കോടതി നിരീക്ഷിച്ചു.
മരുന്നുകൾ സംബന്ധിച്ച ഡോക്ടർമാരുടെ ശുപാർശകൾ സ്വാധീനിക്കപ്പെടാം എന്നത് ആശങ്കപെടുത്തുന്ന കാര്യമാണെന്ന് ജസ്റ്റിസ്മാരായ യു.യു ലളിത്, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇത്തരം ഉപഹാരങ്ങൾ സൗജന്യമല്ല. മരുന്ന് കമ്പനികൾ ഉപഹാരങ്ങളും സൗജന്യങ്ങളും ഡോക്ടർമാർക്ക് നൽകുന്നത് മരുന്നുകളുടെ വില വർദ്ധനവിന് കാരണമാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
തങ്ങളുടെ ആരോഗ്യ സപ്ലിമെന്റ് സംബന്ധിച്ച അവബോധം ഉണ്ടാക്കുന്നതിന് ഡോക്ടർമാർക്ക് നൽകിയ സ്വർണ്ണ നാണയങ്ങൾ, എൽസിഡി ടിവികൾ, ഫ്രിഡ്ജുകൾ, ലാപ്ടോപ്പുകൾ എന്നിവയ്ക്ക് ആദായ നികുതി ഇളവ് ആവശ്യപ്പെട്ട് അപെക്സ് ലബോറട്ടറീസ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിർണ്ണായക വിധി.
ഉപഹാരങ്ങൾക്കായി ചെലവഴിച്ച 4.72 കോടി രൂപയ്ക്ക് ആദായ നികുതി വകുപ്പിന്റെ 37(1) വകുപ്പ് പ്രകാരമുള്ള ഇളവുകൾ നൽകണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരുന്നത്. നേരത്തെ കമ്പനി നൽകിയിരുന്ന ഹർജികൾ ആദായ നികുതി അപ്പലേറ്റ് ട്രിബ്യുണലും, മദ്രാസ് ഹൈക്കോടതിയും തള്ളിയിരുന്നു.
Post Your Comments