ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ ഒരു തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വെളിപ്പെടുത്തല്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ചാനല്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനായാല്‍ വലിയ മുന്നേറ്റമാകും ഉണ്ടാവുകയെന്നും ഇമ്രാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യയുമായി വ്യാപാര ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് റഷ്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന.
‘പാകിസ്ഥാനിലെ വ്യാപാര മേഖല ദിനംപ്രതി താഴ്ന്നു കൊണ്ടിരിക്കുകയാണ്. എങ്ങനെയെങ്കിലും രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. ഇന്ത്യയുമായി പ്രശ്നങ്ങളുള്ളതിനാല്‍ ആ രാജ്യവുമായുള്ള വ്യാപാരവും കുറവാണ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായി വ്യാപാരബന്ധം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്’, ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
‘ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ ഇപ്പോള്‍ ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള സംവാദത്തിലൂടെ അതിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ’, അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇമ്രാന്‍ ഖാന്റെ പ്രസ്താവനയോട് വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാകിസ്ഥാനുമായി ഇന്ത്യയ്ക്ക് യാതൊരു ബന്ധവുമില്ല. ഭീകരവാദവും വിദ്വേഷവും അക്രമവും ഇല്ലാത്ത അന്തരീക്ഷം എന്നുണ്ടാകുന്നോ അന്ന് ഒരു സാധാരണ അയല്‍ക്കാരനെപ്പോലെ ഇസ്ലാമാബാദുമായി ബന്ധം സ്ഥാപിക്കുമെന്ന് ഇന്ത്യ പാകിസ്ഥാനോട് മുമ്പ് വ്യക്തമാക്കിയിരുന്നു.
Post Your Comments