![](/wp-content/uploads/2022/02/museum-of-future-8.jpg)
ദുബായ്: മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന്റെ മനോഹാരിത വ്യക്തമാക്കുന്ന വീഡിയോയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും കൂടിയായ അദ്ദേഹം പങ്കുവെച്ചു. പരമ്പരാഗത-ആധുനിക വാസ്തുശിൽപ വിദ്യകൾ ഒരുമിക്കുന്ന മ്യൂസിയമാണിത്. എമിറേറ്റ്സ് ടവേഴ്സ്, ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ, ദുബായ് വേൾഡ് ട്രേഡ് സെന്റർ എന്നിവയ്ക്കു സമീപം 30,000 ചതുരശ്ര മീറ്ററിലാണ് മ്യൂസിയം തയ്യാറാക്കിയിട്ടുള്ളത്. 77 മീറ്ററാണ് മ്യൂസിയത്തിന്റെ ഉയരം.
ലോകത്ത് ഏറ്റവും ഭംഗിയും പുതുമകളുമുള്ള 14 മ്യൂസിയങ്ങളിൽ ഒന്നാണ് ഇതെന്നാണ് നാഷനൽ ജ്യോഗ്രഫിക് മാഗസിൻ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഗവേഷണത്തിനുള്ള നൂതന ലാബുകൾ, ക്ലാസ് മുറികൾ, പുത്തൻ സാങ്കേതിക വിദ്യകളെക്കുറിച്ച് അറിവു പകരുന്ന മേഖലകൾ തുടങ്ങിയവയാണ് മ്യൂസിയത്തിലെ പ്രധാന ആകർഷണങ്ങൾ. ബഹിരാകാശം, കാലാവസ്ഥാ മാറ്റം, ആരോഗ്യം, ഭാവി പദ്ധതികൾ തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ഇവിടെ നിന്നും ലഭ്യമാകും. മ്യൂസിയത്തിനു ചുറ്റുമുള്ള പാർക്കിൽ 80 ഇനം അപൂർവ സസ്യങ്ങളാണുള്ളത്. സ്മാർട് സാങ്കേതിവിദ്യ ഉപയോഗിച്ചാണ് ജലസേചനം നടത്തുന്നത്.
മ്യൂസിയം ഓഫ് ഫ്യൂച്ചറിലേക്കുള്ള ടിക്കറ്റ് വിൽപ്പന കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരമാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്. www.motf.ae, എന്ന മ്യൂസിയം ഫോർ ഫ്യൂച്ചറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ടിക്കറ്റുകൾ വാങ്ങാം. 145 ദിർഹമാണ് ടിക്കറ്റ് നിരക്ക്.
മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള പ്രവേശനം സൗജന്യമാണ്. 60 വയസ്സിന് മുകളിലുള്ള മുതിർന്ന എമിറാത്തി പൗരന്മാർക്കും, ഇവർക്കൊപ്പമുള്ള ഒരു പരിചാരകനും സൗജന്യ ടിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. മ്യൂസിയം തുറക്കുന്ന സമയങ്ങളിൽ ഓരോ ടിക്കറ്റ് ഉടമയ്ക്കും ഒരു പ്രത്യേക ടൈംസ്ലോട്ട് അനുവദിക്കുന്നതിനാൽ ഇഷ്ടപ്പെട്ട സന്ദർശന സമയത്തിന് മുൻപ് ബുക്കിംഗ് നടത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
Post Your Comments