Latest NewsKerala

സിപിഎം പ്രവർത്തകന്റെ കൊലപാതകം: ഇന്ന് ഹർത്താൽ, കൊലപാതകത്തിൽ പങ്കില്ലെന്ന് ബിജെപി

ബിജെപിക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നും സിപിഎം നേതാക്കൾ അന്വേഷണ ഉദ്യോഗസ്ഥരാകേണ്ടെന്നും ബിജെപി

കണ്ണൂർ: സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന സിപിഎം ആരോപണം നിഷേധിച്ച് ബിജെപി. യാഥാർഥ്യം മനസിലാക്കാതെയാണ് സിപിഎം പ്രതികരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ് പറഞ്ഞു. ബിജെപിക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നും സിപിഎം നേതാക്കൾ അന്വേഷണ ഉദ്യോഗസ്ഥരാകേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ തലശ്ശേരി ന​ഗരസഭ, ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളില്‍ സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് ആറ് മണിവരെ നീളും. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സി പി എം പ്രവർത്തകനും മൽസ്യത്തൊഴിലാളിയുമായ പുന്നോൽ സ്വദേശി ഹരിദാസിനെ വെട്ടിക്കൊന്നത്.

ജോലി കഴിഞ്ഞ് മടങ്ങവേ വീടിനു സമീപത്ത് വച്ചായിരുന്നു വെട്ടിക്കൊന്നത്. രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് കൊല നടത്തിയത്. വെട്ടേറ്റ ഹരിദാസന്റെ കാൽ പൂർണമായും അറ്റുപോയ നിലയിലായിരുന്നു. വീടിനു സമീപത്ത് വച്ച് നടന്ന ആക്രമണമായതിനാൽ ബഹളം കേട്ട് ബന്ധുക്കളും സംഭവസ്ഥലത്ത് എത്തി. ഇവരുടെ കൺമുന്നിലായിരുന്നു പിന്നീട് ക്രൂരമായ അക്രമം നടന്നത്. ഹരിദാസന് നേരെയുള്ള ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ സഹോദരൻ സുരനും വെട്ടേറ്റു.

വെട്ട് കൊണ്ട് ​ഗുരുതരാവസ്ഥയിലായ ഹരിദാസനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു. ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലിൽ പ്രദേശത്ത് സിപിഎം – ബിജെപി സംഘർഷമുണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് ഹരിദാസന് നേരെ ആക്രമണമുണ്ടായതെന്നാണ് സിപിഎം ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button