തിരുവനന്തപുരം : ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ പാർട്ടിയുടെ ചീഫ് കോ ഓർഡിനേറ്റർ സാബു എം ജേക്കബിന്റെ ആരോപണങ്ങൾ തള്ളി കുന്നത്ത് നാട് എംഎൽഎ പി.വി ശ്രീനിജൻ. വാസ്തവ വിരുദ്ധമായ ആരോപണങ്ങളാണ് സാബു ഉന്നയിക്കുന്നതെന്നും തന്റെ ഫോണും കോൾ ലിസ്റ്റും പോലീസിന് പരിശോധിക്കാമെന്നും ശ്രീനിജൻ പറഞ്ഞു.
‘കഴിഞ്ഞ പത്ത് മാസമായി പറയുന്നത് തന്നെയാണ് സാബു ഇപ്പോഴും പറയുന്നത്. കേസിലേക്ക് എന്നെ വലിച്ചിഴക്കാനാണ് ശ്രമം. പാടുകളില്ലാതെ അതിവിദഗ്ധമായി മർദ്ദിച്ചെന്നാണ് സാബു പറയുന്നത്. അതിൽ നിന്നും തന്നെ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് മനസിലാകുമല്ലോ. അദ്ദേഹത്തിന്റെ ആരോപങ്ങൾ പോലീസ് അന്വേഷിക്കട്ടെ. എന്റെ ഫോണും കോൾ ലിസ്റ്റും പോലീസിന് പരിശോധിക്കാം. അതിൽ എനിക്ക് ഭയമില്ല. പാർട്ടി പ്രവർത്തകരെന്ന നിലയിൽ പ്രതികളെ അറിയാം. പ്രതികൾ ഒളിവിൽ പോയെന്ന ആരോപണം ശരിയല്ല. ജനാധിപത്യ നിലയിൽ തിരഞ്ഞെടുക്കപ്പെട്ട എം എൽഎയെ ഒന്നാം പ്രതിയാക്കണമെന്നാണ് സാബുവിന്റെ ആവശ്യം. അത് ബാലിശമാണ്. പത്ത് മാസമായി ഭരണം നടക്കുന്നില്ലെന്നാണ് സാബു പറയുന്നത്. സാബുവും കിറ്റക്സും ചെയ്യുന്ന അഴിമതി ജനമധ്യത്തിൽ കൊണ്ടുവരുന്നതാണ് ഞാൻ ചെയ്യുന്ന തെറ്റ്’- ശ്രീനിജൻ പറഞ്ഞു.
Post Your Comments