തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ പൂർണ തോതിൽ തുറക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തികൾ അവസാനഘട്ടത്തിൽ. പിടിഎയുടേയും സന്നദ്ധ പ്രവർത്തകരുടേയും പങ്കാളിത്തതോടെയാണ് ശുചീകരണം നടക്കുന്നത്. തിരുവനന്തപുരം എസ് എം വി സ്കൂളിൽ വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് സംസ്ഥാന തല ശുചീകരണം ഉദ്ഘാടനം ചെയ്തത്. കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ച സ്കൂളുകൾ പൂർണ തോതിൽ പ്രവർത്തന സജ്ജമാക്കുന്ന ചരിത്ര മുഹൂർത്തമാണിതെന്ന് വി ശിവൻകുട്ടി പറഞ്ഞു.
Also Read : സോളാർ പാർക്കിൽ ഡ്രൈവറില്ലാ ബസിൽ സൗജന്യയാത്ര നടത്താം: അവസരവുമായി ദുബായ്
47 ലക്ഷം വിദ്യാർത്ഥികളും ഒരു ലക്ഷത്തിൽ പരം അധ്യാപകരും മറ്റന്നാൾ മുതൽ സ്‌കൂളുകളിൽ എത്തും. ഉത്കണ്ഠ ആവശ്യമില്ല, എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി എന്ന് മന്ത്രി അറിയിച്ചു. യൂണിഫോമിൽ കടുംപിടുത്തമില്ല. ഹാജറും നിർബന്ധമാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. പാഠഭാഗങ്ങൾ പൂർത്തീകരിക്കുക എന്നത് അധ്യാപകരുടെ ചുമതലയാണ്. അധ്യാപക സംഘടനകളുടെ യോഗത്തിൽ ഇതിനായി അശ്രാന്ത പരിശ്രമം നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികൾക്ക് സ്കൂളിലേക്ക് എത്താൻ വേണ്ടി യാത്രാ സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിൽ തിങ്കളാഴ്ച മുതൽ വൈകീട്ട് വരെ പൂർണ്ണതോതിൽ അധ്യയനം ഉണ്ടായിരിക്കും. എതിർത്ത അധ്യാപക സംഘടനകളെ അനുനയിപ്പിച്ചാണ്, സ്കൂളുകൾ പൂർണതോതിൽ തുറക്കലുമായി സർക്കാർ മുന്നോട്ട് പോവുന്നത്. ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകളുടെ പാഠഭാഗങ്ങൾ മാർച്ചിൽ തന്നെ തീർക്കുക. ഒന്ന് മുതൽ 9 വരെ ക്ലാസുകളിൽ വാർഷിക പരീക്ഷ ഏപ്രിലിൽ നടത്താനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments