KeralaLatest NewsIndia

സിമിയുടെ മറവിൽ ഇന്ത്യൻ മുജാഹിദ്ദിൻ: ജയിൽ തുരന്ന് രക്ഷപെടാൻ ശ്രമിച്ച് പ്രതികൾ, നേതൃത്വം ഈരാറ്റുപേട്ടക്കാരായ ഇരട്ടകളും

കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ഈ ഇരട്ടസഹോദരങ്ങൾക്ക് സ്ഫോടനക്കേസിൽ പ്രത്യേക കോടതി വധശിക്ഷ വിധിച്ചിരിക്കുകയാണ് ഇപ്പോൾ.

ന്യൂഡൽഹി: അഹമ്മദാബാദ് സ്‌ഫോടനത്തിൽ തങ്ങളുടെ കുട്ടികൾ നിരപരാധികളെന്ന് ഈരാറ്റുപേട്ടയിൽ നിന്നുള്ള ഇരട്ടകളുടെ ബന്ധുക്കൾ പറയുമ്പോഴും ഇവർ ചെയ്ത പല കുറ്റങ്ങളും ഞെട്ടലോടെയാണ് എല്ലാവരും കേൾക്കുന്നത്. ജയിലിൽ പോലും ഇവർ ചെയ്തത് ആരും ചെയ്യാത്ത കാര്യങ്ങളാണ്. പിടിയിലായ 24 ഐഎം ഭീകരരെ പാർപ്പിച്ചിരുന്നത് അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിലായിരുന്നു. ഏകദേശം 3700 പേരെ പാർപ്പിച്ചിരുന്ന വമ്പൻ ജയിലാണ് സമർമതി. 1895ലാണത് നിർമിച്ചത്.

അവിടെ ബാരക്ക് നമ്പർ 4ലായിരുന്നു സ്ഫോടനക്കേസ് പ്രതികളെ പ്രത്യേകമായി പാർപ്പിച്ചിരുന്നത്. അത് അവർക്ക് സൗകര്യമാവുകയും ചെയ്തു. ഇന്ത്യയെ ഞെട്ടിച്ച സ്ഫോടനക്കേസിനു പിന്നാലെ, ആ ജയിലറകളിൽനിന്ന് മറ്റൊരു കേസ് കൂടി ഇവർക്കെതിരെ ഉണ്ടായി. രക്ഷപെടാനായി വലിയ ഒരു തുരങ്കം തന്നെ ഇവർ നിർമിച്ചു. അതിന്റെ പ്രധാന സൂത്രധാരന്മാരിൽ രണ്ടു പേരാകട്ടെ മലയാളികളും. അതീവസുരക്ഷയോടെയായിരുന്നു സ്ഫോടനക്കേസ് പ്രതികളെ പ്രത്യേകമായി പാർപ്പിച്ചിരുന്നത്. എങ്കിലും ശുചിമുറിയോടു ചേർന്നുള്ള കൃഷിയിടത്തിലേക്ക് ഇടയ്ക്ക് പുറത്തിറക്കും.

അവിടുത്തെ പണികൾക്കു ശേഷം തിരികെക്കയറ്റുകയും ചെയ്യും. തുടക്കത്തിൽ കാര്യമായ സംശയമൊന്നുമില്ലാതെ എല്ലാം മുന്നോട്ടു പോയി. പക്ഷേ ഇടയ്ക്ക് കാവൽക്കാർക്ക് തോന്നിയ സംശയത്തെ തുടർന്ന് അവരുടെ അന്വേഷണം ചെന്നെത്തിയത് ഞെട്ടിക്കുന്ന കാഴ്ചയിലേക്കാണ്. തോട്ടത്തിൽ ഒരിടത്ത് ആറടി ആഴത്തിൽ ഒരു കുഴി. ഒരാൾക്ക് നൂണ്ടിറങ്ങാനാകും. അതിലേക്കിറങ്ങിയാൽ വശത്തുനിന്ന് ഒരു നീളൻ തുരങ്കം. തുടക്കത്തിൽ 18 അടിയെന്നായിരുന്നു കരുതിയിരുന്നത്.

എന്നാൽ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയത് 200 മീറ്റർ നീളമുള്ള തുരങ്കം ആയിരുന്നു. 2013 ഫെബ്രുവരി 10നായിരുന്നു ഈ തുരങ്കം കണ്ടെത്തിയത്. അന്വേഷണത്തിൽ ‘നിർമാതാക്കളെയും’ തിരിച്ചറിഞ്ഞു. സ്ഫോടനക്കേസ് പ്രതികളുടെ കൂട്ടത്തില്‍ ഒരു സിവിൽ എൻജിനീയറുണ്ടായിരുന്നു. രണ്ട് എൻജിനീയറിങ് ബിരുദധാരികളും. പക്ഷേ ഇവരുടെ പേര് ആ സമയത്തു പുറത്തുവിട്ടിരുന്നില്ല. എങ്കിലും ഹാഫിസ് ഹുസൈൻ എന്ന എന്‍ജിനീയറുടേതായിരുന്നു തുരങ്ക നിർമാണത്തിനു പിന്നിലെ കുബുദ്ധിയെന്നു പിന്നീട് തെളിഞ്ഞു.

അദ്നാൻ എന്നും വിളിപ്പേരുള്ള ഇയാൾ കർണാടക സ്വദേശിയായിരുന്നു. ഇയാൾക്കൊപ്പം, മലയാളികളായ ഷിബിലി എ.കരീം, ശാദുലി എ.കരീം എന്നിവരും തുരങ്ക നിർമ്മാണത്തിന് നേതൃത്വം നൽകി. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ഈ ഇരട്ടസഹോദരങ്ങൾക്ക് സ്ഫോടനക്കേസിൽ പ്രത്യേക കോടതി വധശിക്ഷ വിധിച്ചിരിക്കുകയാണ് ഇപ്പോൾ. തുരങ്കം നിർമ്മിച്ചത് പൂന്തോട്ട പണിക്ക് നൽകിയ ഉപകരണങ്ങൾ ഉപയോഗിച്ചാണ്. മൂന്നുമാസം എടുത്തു ഇത് നിർമ്മിക്കാനായി.

മതിലിനോട് ചേർന്നുള്ള അഴുക്കു ചാലിലൂടെ രക്ഷപെടാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ മതിൽ തുരക്കാൻ ഇവർക്ക് സാധിക്കില്ലെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി. സിമി വാഗമൺ‍ തങ്ങൾപ്പാറയിൽ നടത്തിയ ആയുധപരിശീലന ക്യാംപിൽ മലയാളികളായ ഇരട്ടകൾ പങ്കെടുത്തതായി ദേശീയ അന്വേഷണ ഏജൻസിയും കണ്ടെത്തിയിരുന്നു. ഇവരെ ആണ് നിരപരാധികളെന്ന തരത്തിൽ ചിലർ സമൂഹമാധ്യമങ്ങളിൽ ഉയർത്തിപ്പിടിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button