പാലക്കാട്: കുടുംബശ്രീ തെരഞ്ഞെടുപ്പിൽ സി.പി.എം നിർത്തിയ സ്ഥാനാർത്ഥി ജയിച്ചതോടെ ബി.ജെ.പിയിലേക്ക് കൂറുമാറി. അട്ടപ്പാടി പുതൂർ പഞ്ചായത്തിലാണ് സ്ഥാനാർത്ഥി വിജയിച്ചതിന് പിന്നാലെ പാർട്ടി മാറിയത്. ഇന്ന് നടന്ന കുടുംബശ്രീ സി.ഡി.എസ് തെരഞ്ഞെടുപ്പിൽ മത്സരിച്ച മേലെ മുള്ളി ഊരിലെ ശാന്തി മരുതൻ ആണ് ജയിപ്പിച്ച പാർട്ടിക്ക് അത്യുഗ്രൻ ട്വിസ്റ്റ് സമ്മാനിച്ച് ബി.ജെ.പിയിലേക്ക് ചേക്കേറിയത്.
തെരഞ്ഞെടുപ്പ് നടക്കുന്നതിന് ഒരു മണിക്കൂർ മുൻപ് വരെ സി.പി.എം സ്ഥാനാർത്ഥി ആയിരുന്നു ശാന്തി. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബി.ജെ.പി നേതാക്കൾ ശാന്തിക്ക് ഷാൾ അണിയിക്കുമ്പോഴാണ് സി.പി.എം സ്ഥാനാർത്ഥിയുടെ കൂറുമാറ്റം അറിഞ്ഞത്.
ജനുവരിയിൽ നടന്ന ഡി.വൈ.എഫ്.ഐ മുള്ളി യൂണിറ്റ് സമ്മേളനത്തിലെ ഏക വനിതാ പ്രതിനിധി ശാന്തി ആയിരുന്നു. തെരഞ്ഞെടുപ്പിൽ സി.ഡി.എസ് ചെയർപേഴ്സണായി ശാന്തി മരുതനും, വൈസ് ചെയർപേഴ്സണായി നിഷ മണികണ്ഠനും വിജയം നേടി. പുതൂരിൽ സ്ഥാനാർത്ഥി വിജയിച്ചതിന് പിന്നാലെ പാർട്ടി മാറിയത് ബി.ജെ.പി പണാധിപത്യത്തിൽ നടത്തിയ അട്ടിമറി ആണെന്ന് സി.പി.എം നേതാക്കൾ പ്രതികരിച്ചു.
Post Your Comments